മലപ്പുറം: വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയതിന് പോക്‌സോ കേസില്‍ അറസ്റ്റിലായ മലപ്പുറം നഗരസഭാ മുന്‍ കൗണ്‍സിലറും അധ്യാപകനുമായ കെ.വി. ശശികുമാറിന് ജാമ്യം. രണ്ട് കേസുകളിലാണ് മഞ്ചേരി പോക്‌സോ കോടതി ജാമ്യം അനുവദിച്ചത്. അധ്യാപകനായിരിക്കെ പീഡിപ്പിച്ചെന്ന രണ്ട് പൂര്‍വ വിദ്യാര്‍ത്ഥിനികളുടെ പരാതിയിലാണ് കേസ്.
സമൂഹ മാധ്യമത്തിലൂടെയാണ് അധ്യാപകനായിരുന്ന ശശികുമാറിനെതിരെ പെണ്‍കുട്ടികള്‍ മീടു ആരോപണം ഉന്നയിച്ചത്. അധ്യാപനത്തില്‍ നിന്ന് വിരമിക്കുന്ന വേളയില്‍ ശശികുമാര്‍ ഫേസ്ബുക്കില്‍ അനുഭവക്കുറിപ്പ് പങ്കുവച്ചതിന് താഴെ കമന്റായാണ് പെണ്‍കുട്ടികള്‍ മീടു ആരോപണം ഉന്നയിച്ചിരുന്നത്.
സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ ശശികുമാറിനെതിരെ പരാതിയുമായി മുന്നോട്ടുവന്നെന്ന് പൂര്‍വ വിദ്യാര്‍ഥിനി സംഘടനാ പ്രതിനിധികളും പറഞ്ഞിരുന്നു. അധ്യാപകനായിരുന്ന 30 വര്‍ഷത്തിനിടെ ശശികുമാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം.
തുടര്‍ന്ന് പരാതികളുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. അറുപതോളം വിദ്യാര്‍ഥിനികള്‍ പീഡിപ്പിക്കപ്പെട്ടെന്നാണ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പറഞ്ഞിരുന്നത്. 2019ല്‍ സ്‌കൂള്‍ അധികൃതരോട് ചില വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പറയുന്നു.
അതേസമയം, പീഡനപരാതി ഉയര്‍ന്നതിന് പിന്നാലെ സി.പി.ഐ.എം സഗരസഭാംഗം കൂടിയായിരുന്ന ശശികുമാറിനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു. സി.പി.ഐ.എം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് നീക്കിയത്. മലപ്പുറം വെളുത്തേടത്തുമണ്ണ ബ്രാഞ്ച് അംഗമായിരുന്നു കെ.വി. ശശികുമാര്‍.
CONTENT HIGHLIGHTS: Former teacher KV Sasikumar got on bail who arrested in Pocso case, Malappuram