| Saturday, 4th June 2022, 10:02 pm

തൃക്കാക്കരയില്‍ മതത്തിന്റെ പേരില്‍ വോട്ട് പിടിക്കാനുള്ള ശ്രമം ജനങ്ങള്‍ തിരുത്തി: ഫാദര്‍ പോള്‍ തേലക്കാട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ജനാധിപത്യം വിജയിച്ചെന്ന് സിറോ മലബാര്‍ സഭ മുന്‍ വക്താവും സത്യദീപം എഡിറ്ററുമായ ഫാദര്‍ പോള്‍ തേലക്കാട്.

മതത്തിന്റെ പേരില്‍ വോട്ട് പിടിക്കാനുള്ള ശ്രമം ജനങ്ങള്‍ തിരുത്തിയെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ മതത്തില്‍ നിന്ന് അകലം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എമ്മും ബി.ജെ.പിയും വര്‍ഗീയ കാര്‍ഡ് ഇറക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. തൃക്കാക്കര ഫലം ജനാധിപത്യത്തിന്റെ നല്ല മാതൃകയാണ്.

വര്‍ഗീയ വാദങ്ങളിലൂന്നിയാണ് ചിലര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അത്തരം വര്‍ഗീയ വാദങ്ങളോട് തൃക്കാക്കരയിലെ ജനങ്ങള്‍ മുഖം തിരിച്ചതിന്റെ നേര്‍ചിത്രമാണ് തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.

പള്ളികളിലേക്ക് രാഷ്ട്രീയം കയറാന്‍ പാടില്ലായിരുന്നു. ഈ കാര്യം സംസ്ഥാന സര്‍ക്കാരും പാര്‍ട്ടിയും ശ്രദ്ധിക്കണമായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

മണ്ഡലത്തിലെ വിദ്യാസമ്പന്നരും പരിഷ്‌കൃതരുമായ ആളുകള്‍ വര്‍ഗീയ കാര്‍ഡ് ഇറക്കിയുള്ള നീക്കത്തിന് കൂട്ട് നില്‍ക്കില്ല. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ സന്തോഷമുണ്ട്. ജനാധിപത്യം ജനാധിപത്യമായി മാറണമെങ്കില്‍ മതത്തില്‍ നിന്നും അകന്ന് നില്‍ക്കണം. ഈ അകന്ന് നില്‍പ്പ് ഉണ്ടായില്ലെങ്കില്‍ ഉണ്ടാക്കണമെന്നും ഫാദര്‍ പോള്‍ തേലക്കാട് വ്യക്തമാക്കി.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ജോ ജോസഫിനെ തീരുമാനിച്ചതിന് പിന്നാലെ പ്രതികരണമായി തേലക്കാട് രംഗത്തുവന്നിരുന്നു. സ്വന്തം കാര്യം നേടിയെടുക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുണ്ടാക്കുന്ന നേതാക്കള്‍ സീറോ മലബാര്‍ സഭയില്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം യു.ഡി.എഫ് പോലും പ്രതീക്ഷിക്കാത്ത വിജയമാണ് തൃക്കാക്കരയില്‍ ഉമാ തോമസ് സ്വന്തമാക്കിയത്.

അവസാന റൗണ്ടിലെത്തിയപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് നേടിയത് 72770 വോട്ടുകളാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് 47754 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്‍ 12957 വോട്ടുകളും നേടി.

Content Highlights: Former Syro Malabar Church spokesperson and Satyadeepam editor Father Paul Thelakkad said that democracy has won in the Thrikkakara by-election

We use cookies to give you the best possible experience. Learn more