| Wednesday, 16th October 2019, 12:53 pm

'ജഡ്ജിമാര്‍ ഐബി ചാരന്മാരുടെ നിരീക്ഷണത്തില്‍, കേന്ദ്രം ജുഡീഷ്യറിയില്‍ പിടിമുറുക്കുന്നു'; സുപ്രീംകോടതിയിലെ കേന്ദ്ര ഇടപെടല്‍ ഭരണഘടനാ വിരുദ്ധമെന്ന് മദന്‍ ബി ലോക്കുര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്റലിജന്‍സ് ബ്യൂറോ ജഡ്ജിമാരില്‍ ചാരപ്രവര്‍ത്തനം നടത്തുന്നെന്ന് മുന്നറിയിപ്പ് നല്‍കി മുന്‍ സുപ്രീംകോടതി ജഡ്ജി മദന്‍ ബി ലോക്കുര്‍. ഇതില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നിലപാട് വ്യക്തമാക്കണമെന്നും ലോക്കുര്‍ ആവശ്യപ്പെട്ടു. സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തിലും സ്ഥലംമാറ്റത്തിലും കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് ലോക്കുര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സുപ്രീംകോടതിക്ക് മുന്നില്‍ പത്രസമ്മേളനം വിളിച്ച ജഡ്ഡിമാരിലൊരാളായ ഇദ്ദേഹം 2018ലാണ് വിരമിച്ചത്.

ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് അഖില്‍ ഖുറേഷി, ചീഫ് ജസ്റ്റിസ് വിജയ് താഹില്‍ രമണി എന്നിവരുടെ വിവാദ സ്ഥാലമാറ്റം ഉദ്ധരിച്ചാണ് ലോക്കൂറിന്റെ ലേഖനം. താഹില്‍ രമണി ചീഫ് ജസ്റ്റിസായ ശേഷം രാജിവെക്കേണ്ടിവന്നതും ലോക്കുര്‍ പരാമര്‍ശിച്ചു.

ജുഡീഷ്യറിയുടെ പരമാധികാരത്തെക്കുറിച്ച് ചോദ്യമുന്നയിച്ചതിന് ശേഷമാണ് താഹില്‍ രമണിയെ സ്ഥലംമാറ്റിയതെന്നും അദ്ദേഹം ആരോപിച്ചു. ‘ജസ്റ്റിസ് താഹില്‍ രമണിയെ സംബന്ധിച്ച് ഇന്റലിജന്‍സ് ബ്യുറോ നല്‍കിയ റിപ്പോര്‍ട്ടിനെ കുറിച്ച് തുടര്‍ അന്വേഷണം നടത്താന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നിര്‍ദേശിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്റലിജിന്‍സ് ബ്യുറോ ജഡ്ജിയുടെമേല്‍ ചാരപ്രവര്‍ത്തനം നടത്തിയാണോ റിപ്പോര്‍ട്ട് തയ്യാറാക്കിയത്?’ ലോക്കുര്‍ ചോദിച്ചു.

ഇന്റലിജന്‍സ് ബ്യൂറോയെ അന്ധമായി വിശ്വസിക്കുന്നതെന്തിനാണ്? ഭയമോ പക്ഷപാതമോ ഇല്ലാതെ വിധിയെഴുതുന്ന ജഡ്ജിമാര്‍ ഐ.ബിയുടെ നിരീക്ഷണത്തലാവുന്നത് അസാധാരണവും ഭയപ്പെടുത്തുന്നതുമാണ്. ഈ സ്ഥിതിവിശേഷത്തില്‍ അവരുടെ സ്വാതന്ത്ര്യം എങ്ങനെയാണ് ഉറപ്പുവരുത്താനാവുക’, ലോക്കൂര്‍ ചോദിച്ചു. ഈ കാലത്ത് മൗനം ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.

ജഡ്ജിമാരുടെ സ്വാതന്ത്ര്യത്തില്‍ കേന്ദ്രം ഇടപെടുന്നതിനെയും ലോക്കൂര്‍ വിമര്‍ശിച്ചു. ‘ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍(എന്‍.ജെ.എ.സി) സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് 2015 ല്‍ റദ്ദാക്കിയതാണ്. എന്നിട്ടും ജഡ്ജിമാരുടെ നിയമനത്തിലും സ്ഥലമാറ്റത്തിലും ഇതിലൂടെയുള്ള കേന്ദ്രത്തിന്റെ ഇടപെടല്‍ ശക്തമാണ്. ഭരണഘടനാ വിരുദ്ധമായ എന്‍.ജെ.എ.സിയുടെ ഇടപെടല്‍ തലപൊക്കിത്തുടങ്ങിയിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു ഭീകര ജീവിയാണ്’, ലോക്കുര്‍ വിമര്‍ശിച്ചു.

ഭരണഘടനാവിരുദ്ധമായ എന്‍.ജെ.എ.സിയാണ് ഇപ്പോള്‍ തീരുമാനങ്ങളെടുക്കുന്നതെന്ന് തോന്നിയാല്‍ തെറ്റുപറയാന്‍ കഴിയില്ല. ഇനിയിപ്പോള്‍ ഭരണഘടനാ ഭേഗദതി ചെയ്ത് കമ്മീഷനെ തിരികെ കൊണ്ടുവരേണ്ട കാര്യവുമില്ല. അതിപ്പോള്‍തന്നെ നിലവിലുണ്ടല്ലോ, ലോക്കുര്‍ പരിഹസിച്ചു.

We use cookies to give you the best possible experience. Learn more