| Tuesday, 11th July 2023, 3:45 pm

കഴിയില്ലെങ്കില്‍ രാജിവെക്കൂ, കുട്ടികളുടെ ജീവിതംവെച്ചാണ് കളിക്കുന്നത്; സ്പീക്കറെ വേദിയിലിരുത്തി കട്ജു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ കഴിയാത്തവര്‍ രാജിവെച്ചു വീട്ടില്‍ പോകണമെന്നും കട്ജു വിമര്‍ശിച്ചു. സ്പീക്കര്‍ എ.എന്‍. ഷംസീറെ വേദിയിലിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

മികച്ച വിജയം നേടിയ കുട്ടികളെ ആദരിക്കാന്‍ മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കട്ജുവിന്റെ വിമര്‍ശനം. കുട്ടികളുടെ ജീവിതം വെച്ചാണ് കളിക്കുന്നത്, എന്നിട്ട് നിങ്ങള്‍ സ്പീക്കറായും മുഖ്യമന്ത്രിയായും ഇരിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെ പ്രചാരണവുമായി ഇറങ്ങുമെന്നും സ്പീക്കറോട് കട്ജു പറഞ്ഞു.

മലപ്പുറം നിയോജക മണ്ഡലത്തില്‍ സംഘടിപ്പിച്ച ‘വിജയതിളക്കം’ പരിപാടിയില്‍ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു.

മലപ്പുറം അടക്കമുള്ള മലബാര്‍ ജില്ലകളില്‍ നിരവധി പേര്‍ക്ക് മൂന്നാം അലോട്ട്‌മെന്റ് വന്നിട്ടും പ്ലസ് വണ്ണിന് പ്രവേശനം ലഭിച്ചിരുന്നില്ല. മൂന്നാം അലോട്ട്‌മെന്റിന് ശേഷം അന്‍പതിനായിരത്തോളം സീറ്റുകളാണ് മെറിറ്റില്‍ ആകെ ബാക്കിയുള്ളത് എന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ മലബാറിലെ ജില്ലകളില്‍ മാത്രം 43,000ത്തോളം കുട്ടികള്‍ മൂന്നാംഘട്ട അലോട്ട്മെന്റ് കഴിഞ്ഞപ്പോള്‍ പുറത്തുനില്‍ക്കുകയാണ്. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ കുട്ടികള്‍ പുറത്തുള്ളത്. ജൂലൈ അഞ്ചിന് തന്നെ ക്ലാസുകള്‍ തുടങ്ങിയിരുന്നു. എന്നിട്ടും മികച്ച വിജയം നേടിയ കുട്ടികള്‍ അടക്കം മലബാറില്‍ പ്രവേശനം ലഭിക്കാതെ പുറത്തുനില്‍ക്കുകയാണ്.

Content Highlight: Former Supreme Court Judge Markandeya Katju strongly criticized the state government over the plus one seat crisis in Malabar.

Latest Stories

We use cookies to give you the best possible experience. Learn more