| Wednesday, 15th May 2019, 9:35 pm

സുപ്രീംകോടതി മുന്‍ ജഡ്ജി മദന്‍ ലോകുറിനെ ഫിജി സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിരമിച്ച സുപ്രീംകോടതി ജഡ്ജി മദന്‍ ഭീംറാവുലോകുറിനെ ഫിജി സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. ഫിജി സുപ്രീംകോടതിയുടെ നോണ്‍ റെസിഡന്റ് പാനലില്‍ മൂന്നു വര്‍ഷത്തേക്കാണ് നിയമനം.

സുപ്രീംകോടതിയില്‍ നിന്നും വിരമിച്ച 2018 ഡിസംബര്‍ 31ന് തന്നെ നിയമന ഉത്തരവ് ജസ്റ്റിസ് ലോകുറിന് ലഭിച്ചിരുന്നു. വര്‍ഷത്തില്‍ മൂന്നു തവണ സമ്മേളിക്കുന്ന ഫിജി സുപ്രീംകോടതിയില്‍ ജസ്റ്റിസ് ലോകൂര്‍ ആഗസ്റ്റ് 15 മുതല്‍ 30 വരെയുള്ള സെഷനിലാണ് ഇരിക്കുക.

സുപ്രീംകോടതി ജഡ്ജിയായി പ്രവര്‍ത്തിച്ചുള്ള പരിചയം ഫിജിയില്‍ സഹായകരമാകുമെന്ന് കരുതുന്നതായും ഫിജിയിലെ നീതിന്യായ സംവിധാനത്തെ അടുത്തറിയാനുള്ള അവസരമാണിതെന്നും ജസ്റ്റിസ് ലോകുര്‍ പറഞ്ഞു. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ജഡ്ജിമാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് നല്ല അനുഭവമായിരിക്കുമെന്നും പ്രത്യേകിച്ചും പലരെയും മുന്‍ പരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക, മലേഷ്യ, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരെ ഇതിന് മുമ്പ് ഫിജി ക്ഷണിച്ചിട്ടുണ്ട്.

1977ല്‍ അഭിഭാഷകനായ മദന്‍ ലോകുര്‍ 2012 ജൂണ്‍ 4നാണ് സുപ്രീംകോടതിയില്‍ നിയമിതനായത്. ഗുവാഹത്തി, ആന്ധ്ര ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായതിന് ശേഷമാണ് അദ്ദേഹം സുപ്രീംകോടതിയില്‍ നിയമിക്കപ്പെട്ടത്.

We use cookies to give you the best possible experience. Learn more