| Sunday, 20th February 2022, 8:26 pm

രാജ്യം വംശഹത്യയുടെ വക്കില്‍; അടിയന്തരമായി ഇടപെടേണ്ട സമയം: മുന്‍ സുപ്രീം കോടതി ജഡ്ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരെയും ന്യൂനപക്ഷ വേട്ടയാടലുകള്‍ക്കെതിരെയും രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മദന്‍ ലോകൂര്‍.

രാജ്യം വംശഹത്യയുടെ വക്കിലെത്തി നില്‍ക്കുകയാണെന്നും അടിയന്തരമായി ഇടപെടേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം നടപടികളെ എതിര്‍ക്കേണ്ടതിന് പകരം ഭരണകൂടം കയ്യും കെട്ടി നോക്കിയിരിക്കുകയും അക്രമകാരികള്‍ക്കൊപ്പം നില്‍ക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ആയ ‘മന്‍തന്‍ ഇന്ത്യ’ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ചുള്ള സെഷനില്‍, ധര്‍മസന്‍സദിലെ മുസ്‌ലിങ്ങളെ വംശഹത്യ ചെയ്യാനുള്ള ആഹ്വാനം, സുള്ളി ഡീല്‍സ്-ബുള്ളി ബായി ആപ്പുകള്‍, മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ ഉടമസ്ഥതയിലുള്ള സ്‌കൂളുകള്‍ക്കുനേരെ നടന്ന ആക്രമണം, ആള്‍ക്കൂട്ടക്കൊലയിലെ പ്രതികളെ രാഷ്ട്രീയ നേതാക്കള്‍ മാലയിട്ട് സ്വീകരിച്ചത് തുടങ്ങിയ വിഷയങ്ങള്‍ വിശദീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം.

രാജ്യത്ത് വംശഹത്യ നടത്താനുള്ള ആഹ്വാനം ഉണ്ടായിട്ടും സുപ്രീം കോടതി ചോദ്യം ചെയ്യുന്നതുവരെ സര്‍ക്കാര്‍ നോക്കി നില്‍ക്കുകയായിരുന്നുവെന്ന് ലോകൂര്‍ പറഞ്ഞു.

”ധര്‍മസന്‍സദില്‍ വംശഹത്യാ ആഹ്വാനം നടന്നു. എന്നാല്‍, ഭരണകൂടം ഇതേക്കുറിച്ച് ഒന്നും തന്നെ പറഞ്ഞിരുന്നില്ല. ഇവിടെയെന്താണ് നടക്കുന്നതെന്ന് സുപ്രീംകോടതി ചോദിക്കുന്നതുവരെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടില്ല.

ജസ്റ്റിസ് മദന്‍ ലോകൂര്‍.

കോടതി ഇടപെട്ടപ്പോള്‍ മാത്രം കുറച്ചു പേരെ അറസ്റ്റ് ചെയ്യുകയും ജാമ്യം നല്‍കി വിട്ടയയ്ക്കുകയും ചെയ്തു. വിദ്വേഷ പ്രസംഗം വംശഹത്യയിലേക്കും ഹിംസയിലേക്കും നയിക്കുമെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടിയതും ഇതിനോട് ചേര്‍ത്തുവെച്ച് വായിക്കണം,’ ലോകൂര്‍ പറഞ്ഞു.

നമ്മള്‍ അടിയന്തരമായി ഇടപെടേണ്ട സാഹചര്യമാണെന്നും ഇത്തരം സംഭവങ്ങള്‍ക്കെതിരെ നടപടി കൈക്കൊള്ളാന്‍ നിയമം വേണമെന്ന് പൊതുജനങ്ങള്‍ ആവശ്യപ്പെടേണ്ട സമയമാണിതെന്നും ലോകൂര്‍ കൂട്ടിച്ചേര്‍ത്തു.

ആള്‍ക്കൂട്ടക്കൊലയില്‍ കുറ്റാരോപിതരായ വ്യക്തികളെ ഒരു മന്ത്രി മാലയിട്ട് സ്വീകരിക്കുന്ന സാഹചര്യം പോലും ഇവിടെ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. വിദ്വേഷപ്രസംഗങ്ങള്‍ ആള്‍ക്കുട്ടക്കൊലയ്ക്ക് കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ആള്‍ക്കൂട്ടത്തിനെതിരെ വെടി വെക്കാനാവശ്യപ്പെട്ട ക്യാബിനെറ്റ് അംഗമായ ഒരു മന്ത്രി ദല്‍ഹിയിലുണ്ടായിരുന്നു. ഇത് നരഹത്യ പ്രേരണയല്ലാതെ വേറെ എന്താണ്?

എന്നാല്‍ താന്‍ വെടിവെക്കാന്‍ മാത്രമേ പറഞ്ഞുള്ളൂ, ആരെയും കൊല്ലാന്‍ പറഞ്ഞിട്ടില്ല, അതുകൊണ്ട് ഇത് നരഹത്യയ്ക്കുള്ള ആഹ്വാനമല്ല എന്നൊക്കെ അയാള്‍ക്ക് വാദിക്കാനാവും,’ ലോകൂര്‍ വെബിനാറില്‍ പറഞ്ഞു.

Content Highlight: Former Supreme Court Judge Justice Madan Lokur Against Hate Speeches in India

We use cookies to give you the best possible experience. Learn more