| Wednesday, 4th August 2021, 8:09 pm

ഒരു ടെസ്റ്റ് പോലും പാസാകാതെ നേരിട്ട് ഹൈക്കോടതി ജഡ്ജി പദത്തിലേയ്ക്ക് അവതരിക്കുന്നവര്‍ക്ക് അങ്ങനെ പറയാം; ആടിനെ മേച്ചാല്‍ സ്റ്റാറ്റ്‌സ് കുറയുമോ എന്ന പരാമര്‍ശത്തിനെതിരെ മുന്‍ സബ് ജഡ്ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ യുവാക്കളെല്ലാം സര്‍ക്കാര്‍ ജോലിക്ക് പിന്നാലെയാണെന്നും ഈ നിലപാട് മാറണമെന്നുമുള്ള ഹൈക്കോടതിയുടെ പരാമര്‍ശത്തിനെതിരെ മുന്‍ സബ് ജഡ്ജി എസ് സുദീപ്. ആടിനെ മേച്ചാല്‍ സ്റ്റാറ്റസ് കുറയുമോ എന്ന ഹൈക്കോടതിയുടെ പരാമര്‍ശത്തിനെയാണ് സുദീപ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

‘ഒരു ടെസ്റ്റ് പോലും പാസാകാതെ, ഒരു ഇന്റര്‍വ്യൂ പോലും നേരിടാതെ, നേരിട്ട് ഹൈക്കോടതി ജഡ്ജി പദത്തിലേയ്ക്ക് അവതരിക്കുന്ന അവര്‍ക്ക് അങ്ങനെ പലതും പറയാം,’ എന്നായിരുന്നു സുദീപ് ഫേസ്ബുക്കില്‍ പറഞ്ഞത്.

ഇന്ത്യാ മഹാരാജ്യത്തെ യാതൊരു സുതാര്യതയുമില്ലാത്ത നിയമനാഭാസമാണ് ഹൈക്കോടതിയിലേയ്ക്കും സുപ്രീം കോടതിയിലേയ്ക്കും ജഡ്ജിമാരെ തെരഞ്ഞെടുക്കുക എന്നത്. കൊളീജിയം എന്നാണ് ആ നറുക്കെടുപ്പു സംഘത്തിന്റെ പേരെന്നും സുദീപ് പറഞ്ഞു.

‘ഒരു അപേക്ഷ പോലും നല്‍കേണ്ടതില്ലാത്ത ഹൈക്കോടതി ജഡ്ജി നിയമനത്തിന് കൊളീജിയന്മാരുടെ സ്ഥിരം കണ്ണില്‍ ഉണ്ണിയായാല്‍ മാത്രം മതി. കൊളീജിയം അംഗം ടാക്‌സ് ബഞ്ചിലാണെങ്കില്‍ നിങ്ങള്‍ക്ക് ടാക്‌സ് മാറ്ററുകള്‍ മാത്രം അറിഞ്ഞാല്‍ മതി,’ സുദീപ് ഫേസ്ബുക്കിലെഴുതി.

സിവില്‍, ക്രിമിനല്‍, ഭരണഘടനാ നിയമങ്ങളുടെ എ ബി സി ഡി പോലും അറിയേണ്ടതില്ലെന്നും അദ്ദേഹം പരിഹസിച്ചു.

കീഴ്‌ക്കോടതിയില്‍ ജഡ്ജിയാകാന്‍ ടെസ്റ്റും അഭിമുഖവുമൊക്കെ പാസാകണം. തീര്‍ന്നില്ല, അവര്‍ക്ക് ജില്ലാ ജഡ്ജിയായി പ്രമോഷന്‍ കിട്ടണമെങ്കില്‍ വീണ്ടും ഇന്റര്‍വ്യൂ പാസാകണം! ഹൈക്കോടതി ജഡ്ജിയാകാന്‍ കൊളീജിയത്തിലെ അങ്കിള്‍ ജഡ്ജി മാത്രം മതി!

ഹൈക്കോടതി ജഡ്ജിയാകാന്‍ അപേക്ഷയൊന്നും നല്‍കണ്ട. കൊളീജിയം ജഡ്ജിമാരുടെ മനസ് കീഴടക്കാനുള്ള കഴിവു മാത്രം മതി. അതിന് കേസു നടത്തിപ്പുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം പി.എസ്.സി ജോലിയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതി സര്‍ക്കാര്‍ ജോലി സംബന്ധിച്ച പരാമര്‍ശം നടത്തിയത്. ജസ്റ്റിസുമാരായ അലക്സാണ്ടര്‍ തോമസ്, എ. ബദറുദ്ദീന്‍ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു ഹരജി കേട്ടിരുന്നത്.

പി.എസ്.സി ആവശ്യപ്പെട്ട സമയത്ത് എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇയാളുടെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.

സര്‍ക്കാര്‍ വരുമാനത്തിന്റെ 75 ശതമാനവും ചെലവാക്കുന്നത് ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമാണ്. കേരളത്തില്‍ മാത്രമാണ് എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി വേണമെന്ന നിര്‍ബന്ധമുള്ളതെന്നും യുവാക്കളുടെ ഈ മാനസികാവസ്ഥ മാറണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

എം.എ.സിയൊക്കെ കിട്ടിക്കകഴിഞ്ഞാല്‍ പിന്നെ ആടിനെയൊന്നും വളര്‍ത്താന്‍ ആരും തയ്യാറാകുന്നില്ലെന്നും ആടിനെ മേയ്ച്ചാല്‍ സ്റ്റാറ്റസ് കുറയുമെന്ന ചിന്തയാണ് എല്ലാവര്‍ക്കുമെന്നും കോടതി പറഞ്ഞിരുന്നു. സര്‍ക്കാര്‍ ജോലി ജീവിതത്തിന്റെ അവസാനമല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

‘വസ്ത്രധാരണത്തെയാണ് അധിക്ഷേപിക്കുന്നത്, എനിക്ക് അത് വള്‍ഗറായി തോന്നുന്നില്ല’; തന്നെ വിലയിരുത്താന്‍ ആര്‍ക്ക

We use cookies to give you the best possible experience. Learn more