| Saturday, 4th February 2023, 8:20 am

കൊല്‍ക്കത്ത ആരാധകര്‍ പൊട്ടിക്കരയുന്നുണ്ടാവണം, ഷാരൂഖ് ഖാന്‍ കണ്ണും തള്ളിയിരിപ്പുണ്ടാകണം, കളി എന്നൊക്കെ പറഞ്ഞാല്‍ അതല്ലേ അവന്‍മാരുടെ കളി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ന് മുമ്പായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ തങ്ങളുടെ മുന്‍ താരങ്ങളുടെ പ്രകടനം കണ്ടിട്ടാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആരാധകര്‍ തലയില്‍ കൈവെച്ചിരിക്കുന്നത്. കൊല്‍ക്കത്തക്കായി മുന്‍ സീസണുകളില്‍ കളിച്ച പല താരങ്ങളും അന്താരാഷ്ട്ര ക്രിക്കറ്റിലും തങ്ങളുടെ പുതിയ ടീമിനൊപ്പവും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ഇന്ത്യ-ന്യൂസിലാന്‍ഡ് ടി-20 പരമ്പര അവസാനിച്ചതോടെയാണ് ഇത്തരത്തിലുള്ള ചര്‍ച്ചകളും ഉയര്‍ന്നുവന്നത്. ഇന്ത്യക്കായി സൂര്യകുമാര്‍ യാദവും ശുഭ്മന്‍ ഗില്ലും അവസാനമായി ടീമിലെത്തിയ രാഹുല്‍ ത്രിപാഠിയുടെയും വെടിക്കെട്ട് പ്രകടനമാണ് കെ.കെ.ആര്‍ ആരാധകരില്‍ ഒരേസമയം സന്തോഷവും നിരാശയുമുണ്ടാക്കുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി 54 മത്സരങ്ങള്‍ കളിച്ച ശേഷമാണ് സൂര്യകുമാര്‍ മുംബൈ ഇന്ത്യന്‍സിലേക്കെത്തുന്നത്. 54 മത്സരത്തിലെ 41 ഇന്നിങ്‌സില്‍ നിന്നുമായി 608 റണ്‍സാണ് സ്‌കൈ നേടിയിട്ടുള്ളത്. ഒരു അര്‍ധ സെഞ്ച്വറിയാണ് കെ.കെ.ആറിന് വേണ്ടി കളിക്കുമ്പോള്‍ താരത്തിന്റെ പേരിലുള്ളത്. 60 ആണ് ഹൈ സ്‌കോര്‍.

എന്നാല്‍ അവിടെ നിന്നും 2018ല്‍ വീണ്ടും മുംബൈ ഇന്ത്യന്‍സിലേക്കെത്തിയപ്പോള്‍ അന്നുള്ളതില്‍ നിന്നും വ്യത്യസ്തനായ ഒരു സൂര്യകുമാറിനെയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ലോകം കണ്ടത്. മുംബൈക്കായി റണ്ണടിച്ചുകൂട്ടുന്ന റണ്‍മെഷീന്‍ തന്നെയായിരുന്നു സ്‌കൈ. മുംബൈ ഇന്ത്യന്‍സിലെ മികച്ച പ്രകടനം തന്നെയാണ് സൂര്യകുമാറിനെ ഇന്ത്യന്‍ ടീമിലേക്കെത്തിച്ചത്. തുടര്‍ന്ന് ലോകത്തിലെ ഒന്നാം നമ്പര്‍ ടി-20 ബാറ്ററായിട്ടായിരുന്നു കൊല്‍ക്കത്ത നിലനിര്‍ത്താതെ ഒഴിവാക്കിയ സൂര്യകുമാറിന്റെ വളര്‍ച്ച.

ഇന്ത്യയുടെ വെടിക്കെട്ട് യുവതാരം ശുഭ്മന്‍ ഗില്ലായിരുന്നു കൊല്‍ക്കത്ത വിട്ട മറ്റൊരു താരം. 2018ല്‍ നൈറ്റ് റൈഡേഴ്‌സിനായി അരങ്ങേറിയ താരം മികച്ച പ്രകടനം തന്നെയായിരുന്നു തുടര്‍ന്നുള്ള സീസണുകളില്‍ നടത്തിയത്. ആദ്യ സീസണിലെ 11 ഇന്നിങ്‌സില്‍ നിന്നും 203 റണ്‍സ് നേടിയ താരം തുടര്‍ന്നുള്ള സീസണുകളില്‍ 296, 440, 478 എന്നിങ്ങനെ റണ്‍സ് നേടി.

2022 ഐ.പി.എല്‍ മെഗാലേലത്തില്‍ നൈറ്റ് റൈഡേഴ്‌സ് വിട്ട ഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ചേരുകയായിരുന്നു. 2022ല്‍ കന്നി സീസണിനിറങ്ങിയ ടൈറ്റന്‍സിനെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കായിരുന്നു ഗില്‍ വഹിച്ചത്.

2020 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നുമായിരുന്നു രാഹുല്‍ ത്രിപാഠിയെ കെ.കെ.ആര്‍ ടീമിലെത്തിച്ചത്. കൊല്‍ക്കത്തയില്‍ കളിച്ച രണ്ട് സീസണിലും മികച്ച പ്രകടനം തന്നെയായിരുന്നു ത്രിപാഠി കാഴ്ചവെച്ചത്. ആദ്യ സീസണില്‍ കളിച്ച 11 മത്സരത്തില്‍ നിന്നും 23.00 ശരാശരിയില്‍ 230 റണ്‍സെടുത്തപ്പോള്‍ 2021ലെ 16 ഇന്നിങ്‌സില്‍ നിന്നും 28.35 ശരാശരിയില്‍ 370 റണ്‍സായിരുന്നു താരം നേടിയത്.

ഗില്ലിനെ പോലെ തന്നെ 2022 മെഗാലേലത്തില്‍ കൊല്‍ക്കത്ത വിട്ടുകളഞ്ഞ താരമായിരുന്നു രാഹുല്‍ ത്രിപാഠിയും. 2022ല്‍ സണ്‍റൈസേഴ്‌സിനൊപ്പം ചേര്‍ന്ന ത്രിപാഠി വമ്പന്‍ വെടിക്കെട്ടായിരുന്നു സീസണില്‍ പുറത്തെടുത്തത്. ഐ.പി.എല്‍ 2022ല്‍ 14 ഇന്നിങ്‌സില്‍ നിന്നും 413 റണ്‍സാണ് താരം നേടിയത്. സ്‌ട്രൈക്ക് റേറ്റാകട്ടെ 158.24. 150+ സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ ചെയ്ത രണ്ട് ഇന്ത്യക്കാരില്‍ ഒരാളും ഇന്ത്യന്‍ നിരയില്‍ ഏറ്റവുമധികം സ്‌ട്രൈക്ക് റേറ്റ് ഉണ്ടായിരുന്നതും ത്രിപാഠിക്കായിരുന്നു.

ഇന്ത്യ – ന്യൂസിലാന്‍ഡ് മൂന്നാം ടി-20യില്‍ അക്ഷരാര്‍ത്ഥത്തിലുള്ള ത്രിപാഠിയുിടെ വെടിക്കെട്ട് തന്നെയാണ് ഇന്ത്യന്‍ വിജയത്തിന് മാറ്റ് കൂട്ടിയതും.

2022ലെ കൊല്‍ക്കത്തയുടെ പ്രകടനം കണ്ട് തലയില്‍ കൈവെച്ചിരുന്ന ആരാധകര്‍ ഇപ്പോള്‍ തങ്ങളുടെ പഴയ താരങ്ങളുടെ വെടിക്കെട്ട് കാണുമ്പോള്‍ ഏറെ നിരാശപ്പെടുമെന്നുമുറപ്പാണ്.

Content highlight: Former stars of Kolkata Knight Riders in action

We use cookies to give you the best possible experience. Learn more