ഇന്ത്യ – ശ്രീലങ്ക ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വരുത്തേണ്ട നിര്‍ണായക മാറ്റത്തെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരവും ഡൊമസ്റ്റിക് ക്രിക്കറ്റ് ലെജന്‍ഡുമായ വസീം ജാഫര്‍. മൂന്നാം മത്സരത്തില്‍ ശുഭ്മന്‍ ഗില്ലിന് പകരം ഋതുരാജ് ഗെയ്ക്വാദിനെ ടീമിലെടുക്കാനാണ് ജാഫര്‍ ആവശ്യപ്പെടുന്നത്.
പരമ്പരയിലെ ആദ്യ മത്സരത്തിലായിരുന്നു ഗില്‍ തന്റെ അന്താരാഷ്ട്ര ടി-20 അരങ്ങേറ്റം നടത്തിയത്. രണ്ട് മത്സരത്തിലും ഗില്‍ തന്നെയായിരുന്നു ഇഷാന്‍ കിഷനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തതും. എന്നാല്‍ രണ്ട് മത്സരത്തിലും ഗില്ലിന് തിളങ്ങാന്‍ സാധിച്ചില്ല.
ആദ്യ മത്സരത്തില്‍ അഞ്ച് പന്തില്‍ നിന്നും ഏഴ് റണ്‍സ് നേടിയ ഗില്‍ രണ്ടാം മത്സരത്തില്‍ മൂന്ന് പന്തില്‍ നിന്നും അഞ്ച് റണ്‍സ് മാത്രമായിരുന്നു നേടിയത്. കാസുന്‍ രാജിതയുടെ പന്തില്‍ മഹീഷ് തീക്ഷണക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
ഈ സാഹചര്യത്തിലാണ് ഗില്ലിന് പകരം ഗെയ്ക്വാദിനെ ഇറക്കാന്‍ വസീം ജാഫര്‍ ആവശ്യപ്പെടുന്നത്.
ഗെയ്ക്വാദ് അവസരം അര്‍ഹിക്കുന്നുണ്ടെന്നും ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച രീതിയില്‍ റണ്‍സ് സ്‌കോര്‍ ചെയ്ത താരമാണ് ഗെയ്ക്വാദെന്നും അദ്ദേഹം പറയുന്നു.
ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ഋതുരാജ് ഗെയ്ക്വാദിനെ ടീമില്‍ ഉള്‍പ്പെടുത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ റണ്ണടിച്ചുകൂട്ടിയതിനാല്‍ അവന്‍ അവസരം അര്‍ഹിക്കുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ അവന്റെ മികച്ച പ്രകടനം നമ്മളെല്ലാവരും കണ്ടതാണ്. ശുഭ്മന്‍ ഗില്ലിന് രണ്ട് മത്സരത്തിലും തിളങ്ങാന്‍ സാധിച്ചിട്ടില്ല, അവന്‍ നിരാശപ്പെടുത്തുകയായിരുന്നു,’ വസീം ജാഫര്‍ പറഞ്ഞു.
‘ഇക്കാരണം കൊണ്ടുതന്നെ ഞാന്‍ ഗെയ്ക്വാദിനെയാണ് തെരഞ്ഞെടുക്കുന്നത്. അവന്‍ ഒരുപാട് സമയം ബെഞ്ചിലിരുന്നവനാണ്, അവന്‍ അവസരം അര്‍ഹിക്കുന്നു.
അര്‍ഷ്ദീപ് പോലും മറക്കാനാഗ്രക്കുന്ന പ്രകടനമാണ് അവന്‍ പുറത്തെടുത്തെതെങ്കിലും ബൗളിങ്ങില്‍ കാര്യമായ മാറ്റം ഉണ്ടാകില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ അവനെ പിന്തുണക്കണം. അല്ലാത്തപക്ഷം അവന്റെ കോണ്‍ഫിഡന്‍സ് ലെവല്‍ ഇടിയും. ബാറ്റിങ്ങില്‍ ഒരു മാറ്റം ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനുവരി ഏഴിനാണ് പരമ്പരയിലെ സീരീസ് ഡിസൈഡര്‍ മത്സരം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരം കഴിഞ്ഞപ്പോള്‍ ഓരോ മത്സരം വീതം വിജയിച്ച് സമനില പാലിച്ചിരിക്കുകയാണ്. മൂന്നാം മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.
Content Highlight: Former star Wasim Jaffer says India should replace Shubhman Gill with Ruturaj Gaikwad in India vs Sri Lanka T20 series