ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ രണ്ടാം ഏകദിനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുക്കുകയും മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തുകയുമായിരുന്നു.
പരമ്പര നിലനിര്‍ത്തണമെങ്കില്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടാണ് ഇന്ത്യ മിര്‍പൂരില്‍ നിര്‍ണായകമായ രണ്ടാം മത്സരത്തിനിറങ്ങിയത്.
ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. രണ്ടാം മത്സരം ഇന്ത്യ തീര്‍ച്ചയായും വിജയിക്കണമെന്നും അല്ലാത്തപക്ഷം ബംഗ്ലാദേശിന്റെ ആഘോഷങ്ങള്‍ കണ്ട് സങ്കടപ്പെടേണ്ടിവരുമെന്നാണ് ചോപ്ര പറയുന്നത്.
‘ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ വിജയിച്ചേ മതിയാകൂ എന്ന ഘട്ടത്തിലെത്തിയിരിക്കുകയാണ് നമ്മളിപ്പോള്‍. ഈ മത്സരത്തില്‍ തോല്‍ക്കുകയാണെങ്കില്‍ പരമ്പര നഷ്ടപ്പെടും. ഒപ്പം തന്നെ നമ്മളെ ഏറെ വിഷമിപ്പിക്കുന്ന ബംഗ്ലാദേശിന്റെ നാഗനൃത്തം കാണേണ്ടിയും വരും,’ ചോപ്ര പറയുന്നു.
അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മൂന്നാം വിക്കറ്റും നഷ്ടപ്പെട്ടിരിക്കുകയാണ്. 19 പന്തില്‍ നിന്നും 11 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
മത്സരത്തിനിടെ പരിക്കേറ്റതിന് പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് മത്സരം നഷ്ടമായിരുന്നു. രോഹിത്തിന് പകരം വിരാട് കോഹ്‌ലിയായിരുന്നു ശിഖര്‍ ധവാനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കാനോ വ്യക്തിഗത സ്‌കോര്‍ പടുത്തുയര്‍ത്താനോ ഇരുവര്‍ക്കും സാധിച്ചില്ല.
ആറ് പന്തില്‍ നിന്നും അഞ്ച് റണ്‍സ് നേടി കോഹ്‌ലി ക്ലീന്‍ ബൗള്‍ഡായപ്പോള്‍ പത്ത് പന്തില്‍ നിന്നും എട്ട് റണ്‍സുമായി ശിഖര്‍ ധവാനും പുറത്തായി.
നിലവില്‍ 14 ഓവര്‍ പിന്നിടുമ്പോള്‍ 53 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. ശ്രേയസ് അയ്യരും കെ.എല്‍. രാഹുലുമാണ് ഇന്ത്യക്കായി ക്രീസിലുള്ളത്.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാ നായകന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു ടീം നടത്തിയത്. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്.
കഴിഞ്ഞ ഏകദിനത്തില്‍ ഇന്ത്യയെ പരാജയത്തിലേക്ക് തള്ളിവിട്ട മെഹിദി ഹസന്‍ തന്നെയായിരുന്നു രണ്ടാം മത്സരത്തിലും ഇന്ത്യന്‍ ബൗളര്‍മാരെ ആക്രമിച്ചുകളിച്ചത്. ആദ്യ മത്സരത്തില്‍ കളിയിലെ താരമായ ഹസന്‍ രണ്ടാം മത്സരത്തില്‍ സെഞ്ച്വറി തികച്ചാണ് ബംഗ്ലാദേശിനെ മികച്ച സ്‌കോറിലെത്തിച്ചത്.
83 പന്തില്‍ നിന്നും പുറത്താകാതെ 100 റണ്‍സാണ് ഹസന്‍ സ്വന്തമാക്കിയത്. എട്ട് ബൗണ്ടറിയും നാല് സിക്‌സറുമായി 120.48 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. തന്റെ ഏകദിന കരിയറിലെ ആദ്യ സെഞ്ച്വറിയാണ് മെഹിദി ഹസന്‍ ഇന്ത്യക്കെതിരെ കുറിച്ചത്.