പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കീഴില്‍ ശ്രീലങ്കക്കെതിരെയുള്ള പരമ്പരക്കായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് ഇന്ത്യ. മൂന്ന് വീതം ടി-20യും ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ഈ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
രോഹിത് ശര്‍മയ്ക്ക് പകരക്കാരനായി സൂര്യകുമാര്‍ യാദവിനെയാണ് ഇന്ത്യ ടി-20 ക്യാപ്റ്റനായി നിയമിച്ചത്. രോഹിത്തിനുശേഷം ഇന്ത്യയുടെ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ആയിരിക്കുമെന്ന് വന്‍തോതില്‍ ചര്‍ച്ചകള്‍ നിലനിന്നിരുന്നു.
എന്നാല്‍ ഇതിനെയെല്ലാം മറികടന്നു കൊണ്ടാണ് ബി.സി.സി.ഐ സൂര്യകുമാര്‍ യാദവിനെ നായകനായി നിയമിച്ചത്. ഇപ്പോള്‍ ഹര്‍ദിക് പാണ്ഡ്യക്ക് ക്യാപ്റ്റന്‍ സ്ഥാനം നല്‍കാത്തതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ശ്രീലങ്കന്‍ താരം അര്‍ണോള്‍ഡ്. സ്‌പോര്‍ട്‌സ് സ്റ്റോക്കിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ ലങ്കന്‍ താരം.
‘സൂര്യയും ഹർദിക്കും രണ്ടുപേരും അസാധാരണമായ കളിക്കാരാണ്. സൂര്യകുമാർ യാദവ് മികച്ച ടി-20 ബാറ്ററാണ്. അവൻ കളിക്കുന്ന രീതി മറ്റു താരങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണ്. ഹർദിക്കും ഇത്തരത്തിൽ മികച്ച പ്രകടനം നടത്തുന്ന ഒരാൾ തന്നെയാണ്. എന്നാൽ കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനൊപ്പം അവൻ എങ്ങനെയായിരുന്നു എന്നതാണ് ഞാനിപ്പോൾ നോക്കുന്നത്. ആ സമയങ്ങളിൽ അവന് ടീമിലുള്ള മറ്റു ആളുകളിൽ നിന്നും വേണ്ടത്ര ബഹുമാനം നേടാൻ കഴിഞ്ഞില്ല. ഇതായിരിക്കാം ബി.സി.സി.ഐയെ അവന്റെ ക്യാപ്റ്റൻ സ്ഥാനത്തെ മാറ്റങ്ങൾക്ക് പ്രേരിപ്പിച്ചിട്ടുണ്ടാണ്ടാവുക,’ അര്‍ണോള്‍ഡ് പറഞ്ഞു.
കഴിഞ്ഞ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായി ഹര്‍ദിക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ഗുജറാത്ത് ടൈറ്റൻസിനൊപ്പം ആദ്യ സീസണില്‍ തന്നെ ക്യാപ്റ്റന്‍ എന്ന നിലയില്‍ കിരീടം നേടുകയും രണ്ടാം സീസണില്‍ ഫൈനല്‍ വരെ ടീമിനെ എത്തിക്കുകയും ചെയ്ത ഹര്‍ദിക്കിന് മുംബൈ നായക സ്ഥാനത്തുനിന്നും മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സാധിച്ചിട്ടില്ല.
ഇതിന് പിന്നാലെ ധാരാളം വിമര്‍ശനങ്ങള്‍ ഹര്‍ദിക്കിനെ തേടിയെത്തിയിരുന്നു. എന്നാല്‍ ലോകകപ്പില്‍ ഈ വിമര്‍ശനങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടുള്ള ഹര്‍ദിക്കിന്റെ പ്രകടനങ്ങള്‍ക്കായിരുന്നു ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.
2024 ടി-20 ലോകകപ്പില്‍ 144 റണ്‍സും 11 വിക്കറ്റുകളും ആണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ നേടിയത്. ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്കെല്ലാം പിന്നാലെ ഐ.സി.സി ടി-20 ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താനും ഹര്‍ദിക്കിന് സാധിച്ചിരുന്നു.
Content Highlight: Former Srilankan Player Talks About Hardik Pandya