| Wednesday, 6th July 2022, 6:44 pm

ഇത് ബി.സി.സി.ഐയുടെ തോന്നിവാസം, ഐ.പി.എല്ലിന്റെ നിലവാരം കുറയും; ആഞ്ഞടിച്ച് മുന്‍ ശ്രീലങ്കന്‍ ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഏകാധിപതികളെ പോലെ പെരുമാറുകയാണെന്ന് മുന്‍ ശ്രീലങ്കന്‍ താരം അരവിന്ദ ഡി സില്‍വ. മറ്റു രാജ്യത്തെ ക്രിക്കറ്റ് ലീഗുകളിലേക്ക് ഇന്ത്യന്‍ താരങ്ങളെ കളിക്കാന്‍ വിടാത്ത നടപടിയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

മറ്റ് രാജ്യങ്ങള്‍ പ്രത്യേകിച്ച് ഇംഗ്ലണ്ട് അവരുടെ താരങ്ങളെ ഐ.പി.എല്‍, ബി.ബി.എല്‍ ടി-20 ബ്ലിറ്റ്‌സ് പോലുള്ള വിവിധ ലീഗുകളിലേക്ക് കളിക്കാന്‍ അനുവദിക്കുന്നുണ്ടെന്നും അത് താരങ്ങള്‍ക്ക് സ്വയം വളരാനുള്ള സാഹചര്യമൊരുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

‘നിങ്ങള്‍ക്ക് ആധിപത്യമുള്ള ഒരു രാജ്യമുണ്ടെങ്കില്‍, അടിസ്ഥാനപരമായി അവിടെ ഒരു കുത്തകയോ ഏകാധിപത്യപ്രവണതയോ ഉടലെടുത്തേക്കാം. ഐ.പി.എല്ലില്‍ നിങ്ങള്‍ക്കത് വ്യക്തമായി തന്നെ കാണാം. ഇന്ത്യന്‍ താരങ്ങളെ മറ്റൊരു ലീഗിലും അവര്‍ കളിക്കാന്‍ അനുവദിക്കുന്നില്ല.

ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നതെന്നാല്‍ മറ്റ് തലങ്ങളില്‍ നിന്നുള്ള മത്സരങ്ങളില്ലാത്തതിനാല്‍ ഐ.പി.എല്ലിന്റെ നിലവാരം കുറയാന്‍ കാരണമാകും. ഏതെങ്കിലും ഒരു സമയത്ത് ഇത് ലോകക്രിക്കറ്റിനെ പോലും ബാധിച്ചേക്കാം.

ഇന്ത്യ മറ്റുരാജ്യങ്ങളെ പിന്തുണയ്ക്കുന്ന ഒരു നിലപാട് സ്വീകരിക്കാതിരിക്കുകയും ഇന്നത്തെ കാലത്ത് ക്രിക്കറ്റിന് വേണ്ട പിന്തുണ ലഭിക്കാതെ പോവുകയും ചെയ്യുന്നത് ക്രിക്കറ്റിന് തന്നെ പ്രതികൂലമായി മാറും,’ താരം പറഞ്ഞു.

നേരത്തെ, ലോകത്തില്‍ എന്‍.എഫ്.എല്ലിന് ശേഷം രണ്ടാമത്തെ ഏറ്റവും ലാഭകരമായ ലീഗായി ഐ.പി.എല്‍ മാറിയിരുന്നു. കഴിഞ്ഞ മാസം നടന്ന മീഡിയ റൈറ്റ്‌സ് ലേലത്തിന് പിന്നാലെയാണ് ഐ.പി.എല്ലിന്റെ ബ്രാന്‍ഡ് വാല്യു ഒറ്റയടിക്കുയര്‍ന്നത്.

44,705 കോടി രൂപയ്ക്കാണ് അടുത്ത നാല് വര്‍ഷത്തേക്കുള്ള മീഡിയ റൈറ്റ്‌സ് വിറ്റുപോയത്. ഇതിന് മുമ്പുള്ള എല്ലാ സീസണിനെയും അപേക്ഷിച്ച് നോക്കുമ്പോള്‍ റെക്കോഡ് തുകയാണ് ഇത്തവണത്തെ ലേലത്തില്‍ ബി.സി.സി.ഐ സ്വന്തമാക്കിയത്.

115 കോടി രൂപയാണ് കേവലം ഒരു മത്സരത്തിന്റെ സംപ്രേക്ഷണാവകാശത്തിലൂടെ ബി.സി.സി.ഐയുടെ കീശയിലേക്കെത്തുന്നത്. 2008ല്‍ ഐ.പി.എല്‍ ആരംഭിക്കുമ്പോള്‍ 13.6 കോടി രൂപയുണ്ടായിരുന്നതാണ് 2023ല്‍ 115 കോടിയിലേക്കെത്തി നില്‍ക്കുന്നത്.

ഓരോ മത്സരത്തിന്റെയും സംപ്രേക്ഷണത്തിനായി നേടുന്ന തുകയെ അടിസ്ഥാനമാക്കി നോക്കുമ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെക്കാളും (ഇ.പി.എല്‍) നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷനെക്കാളും (എന്‍.ബി.എ) ഐ.പി.എല്‍ എത്രയോ മുന്‍പന്തിയിലാണ്.

Content Highlight: Former Sri Lankan superstar Aravinda De Silva criticize BCCI

We use cookies to give you the best possible experience. Learn more