ഒക്ടോബറിൽ നടക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പ് നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നത് ഇന്ത്യക്കും ഇംഗ്ലണ്ടിനുമാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാര.
ശ്രീലങ്ക ലോകകപ്പിൽ നോക്കൗട്ടിൽ വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രീലങ്കൻ ഇതിഹാസം പറഞ്ഞു. ഏഷ്യാ കപ്പിലെ ശ്രീലങ്കയുടെ പ്രകടനം കണക്കിലെടുത്താണ് സംഗക്കാര പറഞ്ഞത്. ഇപ്പോൾ നടക്കുന്ന ഏഷ്യാ കപ്പിലെ ശ്രീലങ്കയുടെ പ്രകടനങ്ങൾ കണക്കിലെടുത്താണ് ടീം ലോകകപ്പ് നോക്കൗട്ടിൽ എത്തുമെന്ന് സംഗക്കാര പറഞ്ഞത്.
‘ലോകകപ്പിൽ ഇന്ത്യയും ഇംഗ്ലണ്ടും ഫേവറൈറ്റുകളാകുമെന്ന് ഞാൻ കരുതുന്നു. ശ്രീലങ്ക ഏഷ്യാ കപ്പിലുടനീളം കളിച്ചത് എങ്ങനെയാണെന്ന് ഞാൻ കണ്ടു. അതിനാൽ ശ്രീലങ്ക നോക്കൗട്ടിൽ എത്തിക്കഴിഞ്ഞാൽ പിന്നീടുള്ള ഒരു മത്സരത്തിന് വേണ്ടി നല്ല വെല്ലുവിളി ഉണ്ടാവും. ആ ദിവസം നല്ലതാണെങ്കിൽ ലങ്ക ഫൈനലിൽ എത്തും,’ സംഗക്കാര സ്കൈ സ്പോർട്സിനോട് പറഞ്ഞു.
ഏഷ്യാ കപ്പിൽ സൂപ്പർ ഫോറിൽ പാകിസ്ഥാനെ തോൽപ്പിച്ചുകൊണ്ട് ശ്രീലങ്ക ഫൈനലിൽ എത്തിയിരുന്നു. ഏഷ്യാ കപ്പ് നേടാനായാൽ ടീമിനുണ്ടാവുന്ന ആത്മവിശ്വാസം ചെറുതൊന്നുമാവില്ല. നീണ്ട 12 വർഷത്തിന് ശേഷം ഒരു ഐ.സി.സി ടൂർണമെന്റ് വീണ്ടും സ്വന്തം തട്ടകത്തിൽ എത്തിനിൽക്കുമ്പോൾ ഇന്ത്യ കിരീടം ഉയർത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ധോണിക്ക് ശേഷം രോഹിത് ശർമയും ഇന്ത്യൻ ആരാധകർക്ക് മുന്നിൽ കിരീടം ഉയർത്തുമോ എന്ന് കണ്ടറിയണം.
അതേസമയം ഈയിടെ നടന്ന ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പര 3 -1 ന് ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപിടി മികച്ച താരങ്ങളുള്ളതാണ് ഇംഗ്ലീഷ് ടീമിന്റെ കരുത്ത്.
ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡ്.
രോഹിത് ശർമ (ക്യാപ്റ്റൻ), ഹർദിക് പാണ്ഡ്യ, ശുഭ്മൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ. എൽ. രാഹുൽ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, അക്സർ പട്ടേൽ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്.
ഏകദിന ലോകകപ്പിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്.
ജോസ് ബട്ലർ (ക്യാപ്റ്റൻ), മോയിൻ അലി, ഗസ് ആറ്റ്കിൻസൺ, ജോണി ബെയർസ്റ്റോ, സാം കറൻ, ലിയാം ലിവിങ്സ്റ്റൺ, ഡേവിഡ് മലൻ, ആദിൽ റഷീദ്, ജോ റൂട്ട്, ജേസൺ റോയ്, ബെൻ സ്റ്റോക്സ്, റീസ് ടോപ് ലി , ഡേവിഡ് വില്ലി, മാർക്ക് വുഡ്, ക്രിസ് വോക്സ്.
Content Highlight: Former Sri Lankan player Kumar Sangakara says which teams are the favorites in the World Cup.