| Wednesday, 1st June 2022, 9:10 am

സച്ചിനോ ലാറയോ അല്ല, ലോകത്തിലെ മികച്ച ബാറ്റര്‍ ഈ പാകിസ്ഥാന്‍ താരം; പ്രസ്താവനയുമായി മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ചുമതലയേറ്റതിന് ശേഷം പുതിയ പ്രസ്താവനയുമായി മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം ഹഷന്‍ തിലകരത്‌ന.

ശ്രീലങ്കയുടെ മുന്‍ ടെസ്റ്റ് ക്യാപ്റ്റനും 1996ല്‍ അര്‍ജുന രണതുംഗയുടെ നേതൃത്വത്തില്‍ ലോകകപ്പ് നേടിയ ടീമിലെ അംഗവുമായിരുന്ന തിലകരത്‌ന, അടുത്തിടെയാണ് പാകിസ്ഥാന്‍ ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്.

താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച താരം പാകിസ്ഥാന്‍ സൂപ്പര്‍ താരം ജാവേദ് മെയ്ന്‍ദാദ് ആണെന്നാണ് തിലകരത്‌ന പറയുന്നത്. ക്രിക്കറ്റ് ഇതിഹാസങ്ങളായ ബ്രയാന്‍ ലാറ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവര്‍ക്കെതിരെയെല്ലാം കളിച്ച താരമാണ് ഹഷന്‍ തിലകരത്‌ന.

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍കൈയെടുത്ത് ഇരുവരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെയായിരുന്നു താരത്തിന്റെ പരാമര്‍ശം. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോ പി.സി.ബി പങ്കുവെച്ചിട്ടുണ്ട്.

ഹഷന്‍ തിലകരത്‌നയുടെ ആഗ്രഹം പൂര്‍ത്തിയായി എന്നായിരുന്നു പി.സി.ബി വീഡിയോയ്‌ക്കൊപ്പം കുറിച്ചത്.

‘ഒരു ആഗ്രഹം സഫലമായി. മുന്‍ ശ്രീലങ്കന്‍ ടെസ്റ്റ് ക്യാപ്റ്റനും നിലവിലെ പാകിസ്ഥാന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനുമായ ഹഷന്‍ തിലകരത്‌ന ഇതിഹാസ തുല്യനായ ജാവേദ് മെയ്ന്‍ദാദിനെ കാണുന്നു.

ഇരുവരും തൊണ്ണൂറുകളില്‍ പരസ്പരം ഏറ്റുമുട്ടിയവരാണ്,’ എന്ന കുറിപ്പോടെയായിരുന്നു പി.സി.ബി ഇവരുടെ കൂടിക്കാഴ്ചയുടെ വീഡിയോ പങ്കുവെച്ചത്.

പാകിസ്ഥാന്‍ ക്രിക്കറ്റിലെ പയനിയറായിരുന്നു മെയ്ന്‍ദാദ്. 1975 മുതല്‍ 1996 വരെ പാക് ക്രിക്കറ്റിന്റെ സ്പന്ദനമായിരുന്ന മെയന്‍ദാദ്, ഇക്കാലയളവില്‍ 357 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും 16,213 റണ്‍സാണ് നേടിയത്. 31 സെഞ്ച്വറികളും ഇക്കൂട്ടത്തില്‍ പെടും.

1973-74 മുതല്‍ 1993-94 വരെയുള്ള കാലയളവില്‍ 402 ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് ജാവേദ് കളിച്ചത്. 53ന് മുകളില്‍ ശരാശരിയില്‍ 80 സെഞ്ച്വറിയും 139 അര്‍ധ സെഞ്ച്വറിയുമടക്കം 28,663 റണ്‍സാണ് താരം അടിച്ചെടുത്തത്.

Content highlight: Former Sri Lankan Captain Hashan Thilakaratna says Javed Maindad was the best batter he saw

We use cookies to give you the best possible experience. Learn more