ക്രിക്കറ്റില്‍ ഇനി ഏതൊക്കെ ഫോര്‍മാറ്റ് വന്നാലും ടെസ്റ്റ് ആണ് അടിപൊളി; എയ്ഞ്ചലോ മാത്യൂസ്
Cricket news
ക്രിക്കറ്റില്‍ ഇനി ഏതൊക്കെ ഫോര്‍മാറ്റ് വന്നാലും ടെസ്റ്റ് ആണ് അടിപൊളി; എയ്ഞ്ചലോ മാത്യൂസ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 8th December 2023, 1:00 pm

നിലവില്‍ ടി10 ഫോര്‍മാറ്റ് ക്രിക്കറ്റില്‍ വന്‍തോതില്‍ ജനശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ്. ഈ സാഹചര്യത്തില്‍ ക്രിക്കറ്റിലെ മറ്റ് ഫോര്‍മാറ്റുകളിലൊന്നായ ടെസ്റ്റിന്റെ പ്രാധാന്യത്തെകുറിച്ച് സംസാരിച്ചിരിക്കുകയാണ് ശ്രീലങ്കന്‍ മുന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസ്.

ടെസ്റ്റ് ക്രിക്കറ്റ് എപ്പോഴും അതിന്റെ പ്രാധാന്യത്തില്‍ നിലനില്‍ക്കുമെന്നാണ് മാത്യൂസ് പറഞ്ഞത്. ക്രിക്കറ്റ് നെക്സ്റ്റുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ക്രിക്കറ്റില്‍ ടെസ്റ്റ് ഫോര്‍മാറ്റ് ഒരിക്കലും അവസാനിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഞാനും ഉള്‍പ്പെടെ മറ്റു പല ക്രിക്കറ്റ് താരങ്ങളും ടെസ്റ്റ് ക്രിക്കറ്റിനെ വളരെയധികം ആരാധിക്കുന്നുണ്ട് അതു വളരെ മികച്ച ഒരു ഫോര്‍മാറ്റാണ്. ടി-10, ടി-20 എന്നീ ഫോര്‍മാറ്റുകള്‍ ക്രിക്കറ്റില്‍ വരുമ്പോള്‍ എനിക്ക് ടെസ്റ്റ് ആണ് എപ്പോഴും ക്രിക്കറ്റില്‍ ഉന്നതിയില്‍ നില്‍ക്കുന്നത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോലുള്ള പുതിയ ടൂര്‍ണ്ണമെന്റ് വന്നത് ടെസ്റ്റ് ക്രിക്കറ്റിന്റെ ഗ്ലാമര്‍ വര്‍ദ്ധിപ്പിച്ചു. പല സമയങ്ങളും ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യം നഷ്ടപ്പെടുന്നതായി പലര്‍ക്കും തോന്നിയിട്ടുണ്ട് എന്നാല്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇതിന് കൂടുതല്‍ ആവേശവും ആകര്‍ഷണവും നല്‍കാന്‍ കാരണമായി; മാത്യൂസ് പറഞ്ഞു.

ടി-20 യും ടി-10 ഫോര്‍മാറ്റും കളിക്കുന്നതിനുള്ള വ്യത്യസ്തതകളെ കുറിച്ചും മാത്യൂസ് പങ്കുവെച്ചു.

‘ഞങ്ങള്‍ ഇതിനുമുമ്പ് ടി-20 കള്‍ ഒരുപാട് കളിച്ചു ശീലം ഉള്ളതിനാല്‍ ടി-10 കളിക്കുന്നത് അത്ര വെല്ലുവിളിയാണെന്ന് ഞാന്‍ കരുതുന്നില്ല. ടി-20യെ അപേക്ഷിച്ചു ടി-10 നോക്കുമ്പോള്‍ ഇത് അല്‍പ്പം വേഗതയേറിയതും പെട്ടെന്ന് അവസാനിക്കുന്നതും ആണ്. ടി-20 ഫോര്‍മാറ്റിന്റെ അതേ ആവേശം പത്ത് ഓവര്‍ ഫോര്‍മാറ്റിനും ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ അദ്ദേഹം കൂട്ടിചേര്‍ത്തു.

ശ്രീലങ്കക്കായി 106 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച എയ്ഞ്ചലോ മാത്യൂസ് 7361 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 45.43 ആണ് താരത്തിന്റെ ആവറേജ്.

അതേസമയം അബുദാബി ടി-10 ലീഗില്‍ ദല്‍ഹി ബുള്‍സിന്റെ താരമാണ് മാത്യൂസ്.

content highlights: Former Sri Lankan captain Angelo Mathews has spoken about the importance of Test