മാഡ്രിഡ്: ഇസ്രഈല്‍ – ഫലസ്തീന്‍ സംഘര്‍ഷത്തില്‍ വീണ്ടും സ്പാനിഷ് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് സ്‌പെയിനിലെ മുന്‍ മന്ത്രി അയോണ്‍ ബെല്ലാറ. ചെങ്കടലിലെ അമേരിക്കയുടെ ആയുധമാണ് ഇസ്രഈല്‍ എന്ന് അയോണ്‍ ബെല്ലാറ വിമര്‍ശിച്ചു. 20,000 ഫലസ്തീനികളെ കൊന്നൊടുക്കിയ ഇസ്രഈലിന് പിന്തുണ നല്‍കുന്ന യു.എസിന്റെ അതേ താത്പര്യങ്ങളാണ് സ്പാനിഷ് ഭരണകൂടവും പിന്തുടരുന്നതെന്നും ബെല്ലാറ പറഞ്ഞു.
സ്‌പെയിനിന്റെ നയങ്ങള്‍ അസഹനീയമായ കാപട്യമാണെന്നും ഉടനെ ഇസ്രഈലുമായുള്ള ബന്ധങ്ങള്‍ സ്പാനിഷ് ഭരണകൂടം അവസാനിപ്പിക്കണമെന്നും അയോണ്‍ ബെല്ലാറ എക്‌സില്‍ കുറിച്ചു.
ഇസ്രഈല്‍ സൈന്യം ഗസയില്‍ യുദ്ധമാരംഭിച്ചത് മുതല്‍ സ്‌പെയിനിലെ മുന്‍ മന്ത്രിയായ അയോണ്‍ ബെല്ലാറ ലോകരാഷ്ട്രങ്ങളുടെ നിലപാടുകളെ ശക്തമായി വിമര്‍ശിച്ചിരുന്നു. ഇസ്രഈലിന്റെ നടപടികള്‍ക്കെതിരെ സ്പെയിനും ഭരണകൂടത്തിന്റെ മറ്റു സഖ്യകക്ഷികളും പുലര്‍ത്തുന്ന തീരുമാനങ്ങളെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അയോണ്‍ ബെല്ലാറയെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കുകയായിരുന്നു. നിലവില്‍ അയോണ്‍ ബെല്ലാറ സ്പെയിനിലെ ഭരണകക്ഷിയായ ഇടതുപക്ഷ പോഡെമോസ് പാര്‍ട്ടിയുടെ സെക്രട്ടറി ജനറലാണ്.
ഫലസ്തീനില്‍ ഇസ്രഈല്‍ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ, സ്പാനിഷ് പ്രധാനമന്ത്രി വെള്ളപൂശാന്‍ ശ്രമിക്കുകയാണെന്ന് ബെല്ലാറ പറഞ്ഞിരുന്നു. ഇസ്രഈലുമായുള്ള ബന്ധം താത്ക്കാലികമായി നിര്‍ത്തിവെക്കുന്നതിനായി സാഞ്ചസ് ബ്രസല്‍സിലെ യൂറോപ്യന്‍ നേതാക്കളുമായി പ്രവര്‍ത്തിക്കണമെന്നും ബെല്ലാറ ആവശ്യപ്പെട്ടിരുന്നു.
ഫലസ്തീനിലെ ജനങ്ങള്‍ക്ക് നേരെ വംശഹത്യ നടക്കുമ്പോള്‍ അതിലൊരു തീരുമാനമെടുക്കുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ പരാജയപ്പെട്ടുവെന്നും നേതാക്കള്‍ ക്ഷീണിതരാണെന്നും ബെല്ലാറ വിമര്‍ശിച്ചിരുന്നു.
Content Highlight: Former Spanish minister says Spain follows US in approach to Gaza