മാഡ്രിഡ്: ഫലസ്തീനില്‍ ഇസ്രഈല്‍ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ, സ്പാനിഷ് പ്രധാനമന്ത്രി വെള്ളപൂശാന്‍ ശ്രമിക്കുകയാണെന്ന് സ്പാനിഷ് മുന്‍ മന്ത്രി അയോണ്‍ ബെല്ലാറ. ഗസയില്‍ ഇസ്രഈല്‍ സൈന്യത്തിന്റെ അതിക്രമങ്ങളിലുള്ള പാശ്ചാത്യ രാജ്യങ്ങളുടെ മൗനം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചുവെന്നും അയോണ്‍ ബെല്ലാറ പറഞ്ഞു.
ഇസ്രഈലിന്റെ നടപടികള്‍ക്കെതിരെ തന്റെ രാജ്യമായ സ്‌പെയിനും ഭരണകൂടത്തിന്റെ മറ്റു സഖ്യകക്ഷികളും പുലര്‍ത്തുന്ന തീരുമാനങ്ങളെ വിമര്‍ശിച്ചതില്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അയോണ്‍ ബെല്ലാറയെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. നിലവില്‍ അയോണ്‍ ബെല്ലാറ സ്‌പെയിനിലെ ഭരണകക്ഷിയായ ഇടതുപക്ഷ പോഡെമോസ് പാര്‍ട്ടിയുടെ സെക്രട്ടറി ജനറലാണ്.
യുദ്ധ പ്രദേശങ്ങളിലേക്ക് തന്റെ സഹപ്രവര്‍ത്തകര്‍ നടത്തിയ യാത്രയില്‍ ഇസ്രഈല്‍ സൈന്യം ഗസയില്‍ നടത്തിയ യുദ്ധക്കുറ്റങ്ങളില്‍ നെതന്യാഹുവിനെ തന്റെ രാഷ്ട്രം വെള്ളപൂശാന്‍ ശ്രമിക്കുമോയെന്ന് ആശങ്ക ഉയര്‍ത്തിയിട്ടുണ്ടെന്ന് അയോണ്‍ ബെല്ലാറ എക്‌സില്‍ കുറിച്ചു.
അതേസമയം പെഡ്രോ സാഞ്ചസ് ബ്രസ്സല്‍സിലേക്കാണ് പോവേണ്ടതെന്നും അതിലൂടെ ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ നെതന്യാഹുവില്‍ സമ്മര്‍ദം ചെലുത്താന്‍ സാധിക്കുമെന്നും അയോണ്‍ ബെല്ലാറ കൂട്ടിച്ചേര്‍ത്തു. ബെല്‍ജിയവുമായുള്ള നയതന്ത്ര ബന്ധത്തിലൂടെ ഇസ്രഈലിന് നേരെ സാമ്പത്തിക ഉപരോധം നടത്താന്‍ കഴിയുമെന്നും ആ ഉപരോധം നെതന്യാഹു അംഗീകരിക്കാന്‍ നിര്‍ബന്ധിതനാവുമെന്നും ബെല്ലാറ ചൂണ്ടിക്കാട്ടി.