ലയണല്‍ മെസിയ്‌ക്കെതിരെ കളിക്കുക എന്നത് എല്ലായ്‌പ്പോഴും ബുദ്ധിമുട്ടായിരുന്നു എന്ന് വ്യക്തമാക്കി മുന്‍ സ്പാനിഷ് സൂപ്പര്‍ താരം റോബെര്‍ട്ടോ ജിമെനെസ്.
മെസിയെ തടഞ്ഞുനിര്‍ത്തുക എന്നത് എല്ലായ്‌പ്പോഴും ശ്രമകരമായിരുന്നുവെന്നും എന്നാല്‍ റൊണാള്‍ഡോയെ നേരിടാന്‍ അത്രത്തോളം ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
ഫുലാനോസ് പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് മുന്‍ സ്പാനിഷ് ഗോള്‍കീപ്പര്‍ ഇക്കാര്യം പറഞ്ഞത്.
‘എനിക്കൊരിക്കലും മെസിയെ തടയാന്‍ സാധിക്കില്ല. എപ്പോഴെല്ലാം അദ്ദേഹം അടുത്തെത്തിയിരുന്നോ, അപ്പോഴെല്ലാം അദ്ദേഹം ഗോളടിച്ചിരുന്നു.
എന്നാല്‍ ക്രിസ്റ്റ്യാനോ അങ്ങനെയായിരുന്നില്ല. അദ്ദേഹം മറ്റൊരു രീതിയിലാണ് കളിക്കുന്നത്. റൊണാള്‍ഡോയെ തടയാന്‍ അദ്ദേഹം തന്നെ അവസരങ്ങള്‍ നല്‍കും. ഇതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ കളിക്കുക എല്ലായ്‌പ്പോഴും രസകരമാണ്.
എന്നെ സംബന്ധിച്ച് ലയണല്‍ മെസി ഒരു പേടി സ്വപ്‌നം തന്നെയായിരുന്നു. ഞാന്‍ നേരിട്ട എല്ലാ മികച്ച താരങ്ങളുടെയും എന്റെ സുഹൃത്തുക്കളുടെയും ജേഴ്‌സി എന്റെ പക്കലുണ്ട്. പക്ഷേ ഞാനൊരിക്കലും ലയണല്‍ മെസിയുടെ ജേഴ്‌സി ആഗ്രഹിച്ചിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ അതില്‍ ഞാന്‍ ഖേദിക്കുന്നു. കാരണം കാലങ്ങള്‍ കഴിയുമ്പോള്‍ ‘ഞാന്‍ അവനെതിരെ കളിച്ചിരുന്നു’ എന്ന് നിങ്ങള്‍ പറയും.
അവനെന്നെ എല്ലായ്‌പ്പോഴും ഭ്രാന്ത് പിടിപ്പിച്ചിരുന്നു, കാരണം എല്ലായ്‌പ്പോഴും ഞാന്‍ അവിടെ, അവനൊപ്പം അതേ ഗ്രൗണ്ടില്‍ ഉണ്ടായിരുന്നു. പക്ഷേ ഞാന്‍ ഒരിക്കലും അദ്ദേഹത്തിന്റെ ജേഴ്‌സിയ്ക്കായി ആവശ്യപ്പെട്ടിരുന്നില്ല, കാരണം അവന്‍ എപ്പോഴും എന്നെ നാണംകെടുത്തിക്കൊണ്ടിരുന്നു.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരു ബിയര്‍ ബ്രാന്‍ഡ് മെസി ഗോള്‍ നേടിയ ഗോള്‍കീപ്പര്‍മാര്‍ക്കായി ബിയര്‍ നല്‍കിയിരുന്നു. ആ ബിയറുകളെല്ലാം വീട്ടിലുണ്ട്. എനിക്ക് തോന്നുന്നത് എന്റെ പക്കല്‍ 13 ബിയറുകളുണ്ട് എന്നാണ്. ഇത്തരത്തില്‍ ഏറ്റവുമധികം ബിയര്‍ ലഭിച്ച ഗോള്‍ കീപ്പര്‍ ഞാനാണ് എന്നാണ് എനിക്ക് തോന്നുന്നത്,’ ജിമെനെസ് പറഞ്ഞു.
Content highlight: Former Spanish goalkeeper Roberto Jimenez about Lionel Messi