സ്വപ്‌ന സുരേഷിനും സരിത്തിനും ഐ.ടി സെക്രട്ടറി സംരക്ഷണം നല്‍കിയിട്ടുണ്ട്; മുഖ്യമന്ത്രി അറിയാനുള്ള സാധ്യത കുറവാണെന്നും മുന്‍ എസ്.പി ജോര്‍ജ് ജോസഫ്
Kerala
സ്വപ്‌ന സുരേഷിനും സരിത്തിനും ഐ.ടി സെക്രട്ടറി സംരക്ഷണം നല്‍കിയിട്ടുണ്ട്; മുഖ്യമന്ത്രി അറിയാനുള്ള സാധ്യത കുറവാണെന്നും മുന്‍ എസ്.പി ജോര്‍ജ് ജോസഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th July 2020, 11:45 am

കൊച്ചി: ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തിയ സംഭവം അങ്ങേയറ്റം കോംപ്ലിക്കേറ്റഡ് ആയ കേസാണെന്നും 30 കിലോയില്‍ കൂടുതല്‍ സ്വര്‍ണം കടത്തുമ്പോള്‍ ഇത് ആരാണ് ഫൈനാന്‍സ് ചെയ്യുന്നത് എന്ന് ആദ്യം അന്വേഷിക്കണമെന്നും മുന്‍ എസ്.പി ജോര്‍ജ് ജോസഫ്.

കോണ്‍സുലേറ്റിന് ഈ സംഭവത്തില്‍ പങ്കുണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നും എന്നാല്‍ സ്വപ്‌ന സുരേഷിനും സരിത്തിനും വേണ്ട സംരക്ഷണം കൊടുത്തത് ഐ.ടി സെക്രട്ടറി ശിവശങ്കര്‍ തന്നെയാണെന്നതില്‍ സംശയമില്ലെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു.

‘ഇത് വളരെ കോംപ്ലിക്കേറ്റഡ് ആയ കേസാണ്. മണക്കാടുള്ള കോണ്‍സുലേറ്റില്‍ നേരത്തെ മൂന്നാമനായി പ്രവര്‍ത്തിച്ച ആളുടെ പ്രൈവറ്റ് സെക്രട്ടറിയായി സ്വപ്‌നസുരേഷ് വര്‍ക്ക് ചെയ്തിരുന്നു. പിന്നെ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് അവിടെ നിന്നും മാറി. സരിത്ത് എന്നയാളും അവിടെ വര്‍ക്ക് ചെയ്തിരുന്നു എന്നാണ് അറിയുന്നത്.

30 കിലോ സ്വര്‍ണമാണ് ഇവര്‍ ബാഗേജില്‍ ഇറക്കിയത്. അഞ്ച് കിലോയില്‍ കൂടുതല്‍ സ്വര്‍ണമൊന്നും ഇന്ത്യയുടെ വിവിധ ഭാഗത്ത് ഇതുവരെ ഇറക്കിയിട്ടില്ല. 30 കിലോ എന്ന് പറയുമ്പോള്‍ ഏതാണ്ട് 13 കോടി രൂപയുടെ സ്വര്‍ണമാണ് ഒറ്റയടിക്ക് വന്നത്.

ഇതില്‍ ഏകദേശം മൂന്ന് കോടി രൂപയെങ്കിലും ഇവിടെ കമ്മീഷനായി പോകുമെന്ന് കണക്കാക്കുന്നു. 10 കോടിയെങ്കിലും യു.എ.ഇയില്‍ കൊടുക്കണം. അപ്പോള്‍ ഇത് ആരാണ് ഫൈനാന്‍സ് ചെയ്യുന്നതെന്നാണ് ആദ്യം പരിശോധിക്കേണ്ടത്.

ഇതിനകത്ത് കോണ്‍സുലേറ്റിന് പങ്കുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. സ്വപ്‌ന സുരേഷും സരിത്തും അവരുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരുമെല്ലാം സ്വാധീനമുപയോഗിച്ച് കോണ്‍സുലേറ്റിലെ ഒരു ബാഗില്‍ സ്വര്‍ണം കടത്തിയെങ്കില്‍ അത് നിസാരമായി ചെയ്യാന്‍ സാധിക്കില്ല.

കോണ്‍സുലേറ്റില്‍ നിന്നുള്ള ബാഗ് സാധാരണ ആരും തുറക്കില്ല. തുറക്കുന്ന ഉദ്യോഗസ്ഥനെ പുറത്താക്കാറാണ് പതിവ്’, ജോര്‍ജ് ജോസഫ് പറഞ്ഞു.

തിരുവനപുരത്തെ ഈ സംഭവ വികാസങ്ങളുടെ തുടക്കം ഷംന കാസിമിന്റെ കേസുമായി ബന്ധപ്പെട്ട് കിടക്കുന്നതായാണ് മനസിലാക്കുന്നതെന്നും
അഷ്‌റഫ് എന്നയാളെ ആ കേസില്‍ ചോദ്യം ചെയ്തപ്പോള്‍ സ്വപ്‌ന സുരേഷ് എന്നയാളെപ്പറ്റി പരാമര്‍ശമുണ്ടായി എന്ന റിപ്പോര്‍ട്ടാണ് ലഭിച്ചതെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു.

ഡീല്‍ വുമണ്‍ എന്ന ലേഡി തിരുവനന്തപുരത്ത് ഉണ്ട് എന്ന് അഷ്‌റഫ് വെളിപ്പെടുത്തിയിരുന്നു. അത് അവിടുത്തെ ഐ.ജി സാക്കറെയ്ക്ക് അറിയാം. എന്തായാലും പത്രക്കാര്‍ക്ക് ആ വാര്‍ത്ത ലഭിച്ചിട്ടില്ല.

മണക്കാടുള്ള കോണ്‍സുലേറ്റ് ഓഫീസില്‍ നിന്ന് സ്വര്‍ണം പുറത്തേക്ക് പോകുന്നത് എങ്ങനെയാണെന്ന് അറിയണം. ഇതില്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് കൃത്യമായ പങ്കുണ്ടാകാന്‍ സാധ്യതയുണ്ട്. അവരുമായി സ്വപ്‌നയ്ക്ക് ബന്ധമുണ്ടാകാനുള്ള സാധ്യതയുമാണ് കാണുന്നത്. ആറ് മാസം കൊണ്ട് എത്ര പ്രാവശ്യം സ്വപ്‌ന വിദേശത്ത് പോയെന്നും എത്ര തവണ ബാഗേജ് വന്നു എന്നതൊക്കെ അന്വേഷണത്തില്‍ വരണം.

എന്തൊക്കെയായാലും ഇവര്‍ക്ക് വേണ്ട സംരക്ഷണം കൊടുത്തത് ഐ.ടി സെക്രട്ടറി ശിവശങ്കര്‍ തന്നെയാണെന്നതില്‍ സംശയമില്ല. മുഖ്യമന്ത്രി ഇത് അറിയാനുള്ള സാധ്യത വളരെ കുറവാണ്. ആറ് മാസത്തേക്കോ അല്ലെങ്കില്‍ ഒരു വര്‍ഷത്തേക്കോ കോണ്‍ട്രാക്ട് ആയി ഒരു ജോലി കൊടുക്കുന്നത് മുഖ്യമന്ത്രി അറിയണമെന്നില്ല. പക്ഷേ ശിവശങ്കറുമായുള്ള ഇവരുടെ ബന്ധം എന്താണെന്ന് അറിയണം. അദ്ദേഹത്തെ മാറ്റി നിര്‍ത്തുന്നതായിരിക്കും സര്‍ക്കാരിന് നല്ലതെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു.

യു.എ.ഇയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് അന്വേഷണം നില്‍ക്കുന്നതുകൊണ്ട് തന്നെ കേസില്‍ അന്വേഷണം നീളും. ബാഗേജ് ട്രാവല്‍ ഏജന്‍സി വഴി പുറമെ പോകുന്നതായാണ് വിവരം ലഭിച്ചത്.

കള്ളക്കടത്ത് നടത്തി ഇവിടെ സാധനം കൊണ്ടുവന്ന് പൈസ അടിക്കാന്‍ യു.എ.ഇ കോണ്‍സുലേറ്റ് എന്തായാലും ശ്രമിക്കില്ല. അപ്പോള്‍ പിന്നെ മണക്കാടുള്ള ജീവനക്കാരെ ഉപയോഗിച്ചാണോ തട്ടിപ്പ് നടത്തിയത് എന്ന് പരിശോധിക്കണം.

എത്ര തവണ കൊണ്ടുവന്നെന്നും ഈ സ്വര്‍ണം എങ്ങോട്ട് പോകുന്നു, ആര് വാങ്ങുന്നു, ഇതെല്ലാം കണ്ടെത്തണമെന്നും ജോര്‍ജ് ജോസഫ് ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ ഏകദേശം ഇറക്കുമതി ചെയ്യുന്നതിന്റെ നാല് ഇരട്ടിയാണ് മറ്റ് മാര്‍ക്കറ്റുകളില്‍ കൂടി വരുന്നതെന്നാണ് അറിവ്. ഇന്ത്യയിലുള്ള 70 ശതമാനം സ്വര്‍ണവും ഇത്തരത്തിലുള്ള ചാനലുകള്‍ വഴി കടത്തുന്നതായിട്ടാണ് അറിവെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ