കടകളില്‍ സാധനങ്ങള്‍ പാക്ക് ചെയ്യുന്ന ജോലി ചെയ്തിട്ടുണ്ട്, എത്ര നന്നായി കളിച്ചിട്ടും പാക് ടീമില്‍ അംഗമാകാനുള്ള ആഗ്രഹം മാത്രം നടന്നില്ല: മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം
ദക്ഷിണാഫ്രിക്കന്‍ ടീമിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ച താരമായിരുന്നു പാകിസ്ഥാന്‍ വംശജനായ ഇമ്രാന്‍ താഹിര്‍. പാകിസ്ഥാന് വേണ്ടി കളിക്കണമെന്ന തന്റെ എക്കാലത്തേയും സ്വപ്‌നം നടക്കാതെ പോയതിനെ കുറിച്ച് പറയുകയാണ് ഇമ്രാന്‍ താഹിര്‍ ഇപ്പോള്‍.
ലാഹോറില്‍ ജനിച്ചു വളര്‍ന്ന താരം പാകിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്നു. എന്നാല്‍ എല്ലാ ഫോര്‍മാറ്റിലും നന്നായി കളിച്ചിട്ടും പാക് ദേശീയ ടീമിന്റെ ഭാഗമാകാന്‍ തനിക്കായില്ലെന്ന് താഹിര്‍ പറയുന്നു.
എന്നാല്‍ ആ വേദനയില്‍ നിരാശനായി ഇരിക്കാതെ ജീവിതത്തില്‍ മുമ്പോട്ടുപോകാനായിരുന്നു തന്റെ തീരുമാനമെന്നാണ് അദ്ദേഹം പറയുന്നത്.
‘ജീവിക്കാനുള്ള ധൈര്യം എനിക്ക് ഒരു ഘട്ടത്തിലും നഷ്ടപ്പെട്ടിരുന്നില്ല. കടകളില്‍ ഞാന്‍ സാധനങ്ങള്‍ പാക്ക് ചെയ്യുന്ന ജോലി ചെയ്തിട്ടുണ്ട്. ആ സമയത്ത് ആരും എന്നെ ബൗള്‍ ചെയ്യാന്‍ വിളിക്കാറില്ലായിരുന്നു.
ട്രെയ്ല്‍സിന് പോകുമ്പോള്‍ ആരെ എന്നെ പറഞ്ഞയച്ചതെന്ന് ചോദിക്കുമായിരുന്നു. പാകിസ്ഥാനിലുണ്ടായിരുന്ന സമയത്ത് ഞാന്‍ എല്ലാ ലെവലിലും ഞാന്‍ നന്നായി കളിക്കുമായിരുന്നു. പക്ഷെ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള എന്റെ സ്വപ്‌നം ഒരിക്കലും യാഥാര്‍ത്ഥ്യമായില്ല,’ താഹിര്‍ പറഞ്ഞു.
2011ലാണ് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ താഹിര്‍ അംഗമാകുന്നത്. ടെസ്റ്റിലും ഏകദിനത്തിലും താരം ആ വര്‍ഷത്തില്‍ തുടക്കം കുറിച്ചു. 2013ല്‍ ടി-20യിലും താഹിര്‍ സജീവമായി. തനിക്ക് ക്രിക്കറ്റില്‍ അവസരം നല്‍കിയ ദക്ഷിണാഫ്രിക്കയോട് ഏറെ നന്ദിയുണ്ടെന്നും താഹിര്‍ പറഞ്ഞു.
‘എനിക്ക് അവസരം നല്‍കിയതില്‍ ദക്ഷിണാഫ്രിക്കയോട് ഞാന്‍ എന്നെന്നും നന്ദിയുള്ളവനായിരിക്കും. ഒരു ചാന്‍സിന് വേണ്ടി അലയുകയായിരുന്നു ഞാന്‍, അങ്ങനെ കാത്തിരുന്ന അവസരം വന്നപ്പോള്‍ അതില്‍ നിന്നും പരമാവധി പ്രയോജനമുണ്ടാക്കാന്‍ എനിക്ക് കഴിഞ്ഞു.
ഒരിക്കലും ആത്മധൈര്യം കൈവിടരുതെന്നും എപ്പോഴും അവസരങ്ങള്‍ക്കായി അന്വേഷിക്കണമെന്നുമാണ് എനിക്ക് എല്ലാ ക്രിക്കറ്റര്‍മാരോടും പറയാനുള്ളത്. അതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് ഞാന്‍. 22 വര്‍ഷമായി ഞാനിപ്പോള്‍ ക്രിക്കറ്റ് കളിക്കുന്നു,’ താഹിര്‍ പറഞ്ഞു.