| Thursday, 12th December 2024, 12:49 pm

പൊണ്ണത്തടിയനായി, അഞ്ച് ടെസ്റ്റ് തികച്ച് കളിക്കാനൊന്നും അവനെക്കൊണ്ടാകില്ല; രോഹിത് ശര്‍മയെ വിമര്‍ശിച്ച് സൗത്ത് ആഫ്രിക്കന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ഫിറ്റ്‌നെസിനെ വിമര്‍ശിച്ച് മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം ഡാരില്‍ കള്ളിനന്‍. രോഹിത് ശര്‍മ ഓവര്‍ വെയ്റ്റാണെന്നും മാരത്തോണ്‍ ക്രിക്കറ്റുകള്‍ കളിക്കാന്‍ സാധിക്കുന്ന ആരോഗ്യസ്ഥിതി രോഹിത് ശര്‍മയ്ക്കില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇന്‍സൈഡ്‌സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തിലാണ് കള്ളിനന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

‘നിങ്ങള്‍ രോഹിത് ശര്‍മയെ നോക്കൂ, ശേഷം വിരാട് കോഹ്‌ലിയെയും. അവരുടെ ഫിസിക്കല്‍ കണ്ടീഷന്‍ തമ്മില്‍ എത്രത്തോളം വ്യത്യാസമുണ്ടെന്ന് മനസിലാകുന്നില്ലേ. രോഹിത് ശര്‍മ അമിതവണ്ണമുള്ളവനാണ്, അദ്ദേഹം ഒരിക്കലും ഒരു ലോങ് ടേം ക്രിക്കറ്ററല്ല.

നാല് മത്സരങ്ങളോ അഞ്ച് മത്സരങ്ങളോ അടങ്ങിയ ഒരു ടെസ്റ്റ് പരമ്പര കളിക്കാന്‍ അദ്ദേഹത്തിന്റെ ശരീരപ്രകൃതി കൊണ്ട് സാധിക്കില്ല,’ കള്ളിനന്‍ പറഞ്ഞു.

നിലവില്‍ മികച്ച രീതിയിലല്ല രോഹിത് ടെസ്റ്റ് ഫോര്‍മാറ്റില്‍ ബാറ്റ് വീശുന്നത്. ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്ന് മത്സരത്തിലും രോഹിത്തിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. പരമ്പരയിലെ ആറ് ഇന്നിങ്‌സില്‍ നിന്നും ഒരു അര്‍ധ സെഞ്ച്വറിയടക്കം വെറും 89 റണ്‍സ് മാത്രമാണ് രോഹിത് ശര്‍മ സ്വന്തമാക്കിയത്.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അഡ്‌ലെയ്ഡ് ടെസ്റ്റിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കെ.എല്‍. രാഹുലിന് ഓപ്പണിങ് സ്ഥാനം വിട്ടുകൊടുത്ത് ആറാം നമ്പറില്‍ കളിത്തിലിറങ്ങിയ പിങ്ക് ബോള്‍ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും രോഹിത് ഒറ്റയക്കത്തിനാണ് പുറത്തായത്.

അഡ്‌ലെയ്ഡിലും പരാജയമായതോടെ ഒരു മോശം റെക്കോഡും രോഹിത്തിനെ തേടിയെത്തി. ഒരു ടെസ്റ്റ് സീസണില്‍ ഒരു ക്യാപ്റ്റന്റെ ഏറ്റവും മോശം ബാറ്റിങ് ശരാശരിയുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യന്‍ നായകന്‍.

202425 സീസണില്‍ ഇതുവരെ 12 ഇന്നിങ്സില്‍ ബാറ്റ് ചെയ്ത രോഹിത്തിന്റെ ബാറ്റിങ് ശരാശരി 12ന് താഴെയാണ്. ഈ സീസണില്‍ താരത്തിന് ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ടെന്നിരിക്കെ ആരാധകരെ വീണ്ടും നിരാശപ്പെടുത്തിയാല്‍ ഈ മോശം റെക്കോഡില്‍ താരം ഒന്നാമതെത്തിയേക്കും.

ടെസ്റ്റ് സീസണില്‍ ഒരു ക്യാപ്റ്റന്റെ ഏറ്റവും മോശം ബാറ്റിങ് ശരാശരി*

(താരം – ടീം – ഇന്നിങ്സ് – റണ്‍സ് – ശരാശരി – സീസണ്‍ എന്നീ ക്രമത്തില്‍)

ജെഫ് ക്രോ – ന്യൂസിലാന്‍ഡ് – 10 – 118 – 11.80 – 1987/88

രോഹിത് ശര്‍മ – ഇന്ത്യ – 12 – 142 – 11.83 – 2024/25

മോമിനുസല്‍ ഹഖ് – ബംഗ്ലാദേശ് – 11 – 152 – 13.81 – 2021/22

സനത് ജയസൂര്യ – ശ്രീലങ്ക – 11 – 157 – 14.27 -2000/01

ശിവ്നരെയ്ന്‍ ചന്ദര്‍പോള്‍ – വെസ്റ്റ് ഇന്‍ഡീസ് – 11 – 161 – 14.63 – 2005/06

(*ഒന്ന് മുതല്‍ ആറാം നമ്പര്‍ വരെ ബാറ്റ് ചെയ്യവെ, ചുരുങ്ങിയത് പത്ത് ഇന്നിങ്സുകള്‍)

ഇതിനൊപ്പം ക്യാപ്റ്റന്‍ എന്ന നിലയിലും പല മോശം റെക്കോഡുകള്‍ രോഹിത്തിനെ തേടിയെത്തി. തുടര്‍ച്ചയായി ഏറ്റവുമധികം ടെസ്റ്റുകള്‍ പരാജയപ്പെടുന്ന ഇന്ത്യന്‍ നായകന്‍മാരുടെ പട്ടികയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് രോഹിത്.

തുടര്‍ച്ചയായി ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങളില്‍ പരാജയപ്പെടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍

(ക്യാപ്റ്റന്‍ – പരാജയപ്പെട്ട മത്സരങ്ങള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി – 6 – 1967/68

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 5 – 1999 / 00

ദത്ത ഗെയ്ക്വാദ് – 4 – 1959

എം.എസ്. ധോണി – 4 – 2011

എം.എസ്. ധോണി – 4 – 2014

വിരാട് കോഹ്‌ലി – 4 – 2020/21

രോഹിത് ശര്‍മ – 4 – 2024*

ടെസ്റ്റിലും ഏകദിനത്തിലും ടി-20യിലും പത്ത് വിക്കറ്റിന്റെ പരാജയമേറ്റുവാങ്ങിയ രണ്ടാമത് ഇന്ത്യന്‍ നായകന്‍ എന്ന അനാവശ്യ നേട്ടവും രോഹിത്തിന്റെ പേരില്‍ കുറിക്കപ്പെട്ടു. വിരാട് കോഹ്‌ലിയാണ് ഈ മോശം നേട്ടത്തില്‍ ആദ്യമെത്തിയത്.

Content Highlight: Former South African player Daryl Cullinan criticizes Rohit Sharma’s fitness

We use cookies to give you the best possible experience. Learn more