സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പരിക്കാണ് ഇന്ത്യന്‍ ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കിടെ പരിക്കേറ്റ താരം ഇനിയും പന്തെറിഞ്ഞ് തുടങ്ങിയിട്ടില്ല. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പായി നടക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ ബുംറയെ പിന്നോട്ട് വലിച്ചതും ഈ പരിക്ക് തന്നെയാണ്.
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഫൈനല്‍ ലിസ്റ്റ് സമര്‍പ്പിക്കേണ്ട ഫെബ്രുവരി 12ന് മുമ്പ് ബുംറ തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2023ല്‍ തന്റെ ശസ്ത്രക്രിയ നടത്തിയ ന്യൂസിലാന്‍ഡിലെ ഡോക്ടറെ കാണാന്‍ ഒരുങ്ങുകയാണ്.
ഈ സാഹചര്യത്തില്‍ ബുംറയുടെ ആരോഗ്യത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം വെര്‍നോണ്‍ ഫിലാന്‍ഡര്‍. പ്രധാന മത്സരങ്ങളില്‍ മാത്രമേ ബുംറയെ കളത്തിലിറക്കാവൂ എന്നും അധികം പ്രാധാന്യമില്ലാത്ത മത്സരങ്ങളില്‍ താരത്തിന് വിശ്രമം അനുവദിക്കണമെന്നുമാണ് ഫിലാന്‍ഡര്‍ പറയുന്നത്.
ഭാവിയില്‍ ബുംറയെ ആരോഗ്യവാനായി നിലനിര്‍ത്തുന്നതില്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെയും സെലക്ടര്‍ അജിത് അഗാര്‍ക്കറിന്റെയും പങ്കിനെ കുറിച്ചും അദ്ദേഹം പറഞ്ഞു.
‘ടൂര്‍ണമെന്റുകള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ വര്‍ക്ക്‌ലോഡ് മാനേജ് ചെയ്യുക എന്നത് ഏറെ പ്രധാനമാണ്. പ്രധാന മത്സരങ്ങളില്‍ മാത്രം അവനെ കളത്തിലിറക്കാന്‍ ശ്രമിക്കുക. താരതമ്യേന പ്രാധാന്യം കുറഞ്ഞ മത്സരങ്ങളില്‍ അവന് പകരം മറ്റ് ബൗളര്‍മാര്‍ക്ക് അവസരം നല്‍കുക,’ എസ്.എ20ക്കിടെ നടന്ന മീഡിയ ഇന്ററാക്ഷനില്‍ ഫിലാന്‍ഡര്‍ പറഞ്ഞു.
ഐ.പി.എല്‍ വരുന്നതിനാല്‍ ബുംറയുടെ വര്‍ക്ക്‌ലോഡ് മാനേജ് ചെയ്യേണ്ടത് ഏറെ പ്രധാനമാണെന്നും ഫിലാന്‍ഡര്‍ കൂട്ടിച്ചേര്‍ത്തു.
‘ഐ.പി.എല്‍ വരുമ്പോള്‍ അവന്‍ എല്ലാ മത്സരത്തിലും കളിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ എങ്ങനെയാണ് നിങ്ങളവന്റെ വര്‍ക്ക്‌ലോഡ് മാനേജ് ചെയ്യാന്‍ പോകുന്നത്. അവനുമായി അല്‍പ്പം ബുദ്ധിമുട്ടേറിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള സമയമാണ്. ഒരു ബൗളര്‍ എന്ന നിലയില്‍ എല്ലാ മത്സരങ്ങളും കളിക്കണമെന്നാണ് അവന്‍ ആഗ്രഹിക്കുക,’ അദ്ദേഹം പറഞ്ഞു.
ജസ്പ്രീത് ബുംറയടക്കം മൂന്ന് ഫാസ്റ്റ് ബൗളര്‍മാരെ മാത്രമാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. പരിക്കില്‍ നിന്നും മടങ്ങിയെത്തിയ മുഹമ്മദ് ഷമിയും കരിയറില്‍ പത്തില്‍ താഴെ മാത്രം ഏകദിനങ്ങള്‍ കളിച്ച ടി-20 സ്‌പെഷ്യലിസ്റ്റ് അര്‍ഷ്ദീപ് സിങ്ങുമാണ് സ്‌ക്വാഡിലെ മറ്റ് പേസര്‍മാര്‍.
സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ മറ്റൊരു ഓപ്ഷന്‍.
നിലവില്‍ നടക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് പര്യടനത്തില്‍ ഹര്‍ഷിത് റാണയാണ് ബുംറയ്ക്ക് പകരം ടീമിന്റെ ഭാഗമായത്. കഴിഞ്ഞ ദിവസം നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് റാണ അന്താരാഷ്ട്ര ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്.
ഹര്‍ഷിത് റാണ
ഒരുപക്ഷേ ബുംറക്ക് സ്‌ക്വാഡിന്റെ ഭാഗമാകാന്‍ സാധിക്കാതെ പോവുകയാണെങ്കില്‍ പകരമാര് എന്ന ചോദ്യമാണ് ആരാധകര്‍ പരസ്പരം ചോദിക്കുന്നത്. സിറാജ് അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ നേരത്തെ പ്രഖ്യാപിച്ച സ്‌ക്വാഡിലില്ലാത്തതിനാല്‍ ഹൈദരാബാദ് പേസറെ തന്നെ ടീമിന്റെ ഭാഗമാക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് (നിലവില്‍)
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ.
Content Highlight: Former South Africa star Vernon Philander on Jasprit Bumrah’s injury