ആരുണ്ടായിട്ടെന്താ? മത്സരത്തിന് ബുംറയില്ലല്ലോ, അവനില്ലാത്ത കളി കണ്ടറിയുക തന്നെ വേണം: ദക്ഷിണാഫ്രിക്കൻ ഇതിഹാസം
Cricket
ആരുണ്ടായിട്ടെന്താ? മത്സരത്തിന് ബുംറയില്ലല്ലോ, അവനില്ലാത്ത കളി കണ്ടറിയുക തന്നെ വേണം: ദക്ഷിണാഫ്രിക്കൻ ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 11th October 2022, 6:13 pm

ടി20 ലോകകപ്പ് ആരംഭിക്കാൻ ഇനി അധിക നാളില്ലെന്നിരിക്കെ ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറക്ക് പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല എന്നുള്ളതാണ് ആരാധകരെ ഏറെ ആശങ്കയിലാഴ്ത്തുന്നത്.

അതേസമയം ബുംറക്ക് പകരക്കാരനായി മുഹമ്മദ് ഷമിയെത്തുമെന്നുള്ള സൂചനയും വ്യാപകമാണ്. ബുംറ ലോകകപ്പിൽ കളിക്കാനുള്ള സാധ്യത പൂർണമായും തള്ളിക്കളയാൻ നേരത്തെ പരിശീലകൻ രാഹുൽ ദ്രാവിഡോ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയോ തയാറായിരുന്നില്ല.

എന്നാൽ ഇന്ത്യൻ ആരാധകരെ ഏറെ നിരാശരാക്കിക്കൊണ്ട് താരം ലോകപ്പിൽ കളിക്കില്ലെന്ന തീരുമാനം ബി.സി.സി.ഐ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. പകരക്കാരനായി ആര് വരുമെന്നുള്ള കാര്യം അവ്യക്തമായി കിടക്കുമ്പോളാണ് ദക്ഷിണാഫ്രിക്കൻ ഇതിഹാസതാരം ഡെയ്ൽ സ്റ്റെയ്ൻ വിഷയത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

ആര് വന്നാലും ബുംറക്ക് പകരമാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ജസ്പ്രീത് ബുംറയുടെ പകരക്കാരനാവാൻ ഒരു താരത്തിനും സാധ്യമല്ലെന്നും ബുംറയുടെ പകരക്കാരന് ഇത് സുവർണാവസരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

”എന്തായാലും ബുംറയുടെ പകരക്കാരനായി എത്തുന്നയാൾക്ക് കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കേണ്ടിവരും. കാരണം അവർക്ക് നികത്തേണ്ടി വരിക ബുംറയുടെ വിടവാണ്. ബുംറയൊരു ലോകോത്തര താരമാണ്. അദ്ദേഹത്തെ ടീം ഇന്ത്യ ലോകകപ്പിൽ തീർച്ചയായും മിസ് ചെയ്യും,” ഡെയ്ൽ സ്റ്റെയ്ൻ വ്യക്തമാക്കി.

അതേസമയം ജസ്പ്രീത് ബുംറ ലോകകപ്പിനില്ലാത്തത് ടീമിന് കനത്ത തിരിച്ചടിയായി എന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് ബാംഗറും പറഞ്ഞിരുന്നു. ബുമ്രയില്ലാത്ത ഇന്ത്യൻ ടീമിനെ കുറിച്ച് മറ്റ് ടീമുകൾക്ക് വേറിട്ട പദ്ധതികളാണുണ്ടാവുകയെന്നും ടീമുകൾ ഇന്ത്യക്കെതിരെ ബാറ്റിങ് സമീപനം മാറ്റുമെന്നതിനാൽ കനത്ത തിരിച്ചടിയാണ് ബുംറയുടെ അസാന്നിധ്യം നൽകുകയെന്നും ബാംഗർ കൂട്ടിച്ചേർത്തു.

ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരക്കിടെ മുതുകിന് പരിക്കേറ്റ ബുംറ രണ്ട് മാസത്തെ വിശ്രമത്തിനുശേഷം ഓസ്‌ട്രേലിയക്കെതിരായ ടി-20 പരമ്പരയിലാണ് ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയത്.

പരമ്പരയിലെ ആദ്യ മത്സരത്തിൽ കളിക്കാതിരുന്ന ബുംറ രണ്ടും മൂന്നും മത്സരങ്ങളിൽ കളിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ വീണ്ടും പുറംവേദന അനുഭവപ്പെട്ട ബുംറയെ ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

താരത്തെ കഴിഞ്ഞ ദിവസം സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നുവെന്നും പരിക്ക് അത്ര ഗുരുതരമല്ലെന്നും നാലു മുതൽ ആറാഴ്ചവരെ വിശ്രമം മതിയാകുമെന്നും റിപ്പോർട്ടുണ്ട്.

Contents Highlights: Former South Africa Cricketer praises Jasprit Bumrah