ഐ.പി.എല്‍ 2023ല്‍ ഏറ്റവുമധികം വിജയസാധ്യത കല്‍പിക്കുന്ന ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ സീസണില്‍ കാഴ്ചവെച്ച അതേ ഡോമിനന്‍സ് തന്നെയാണ് രാജസ്ഥാന്‍ ഈ സീസണിലും കാഴ്ചവെക്കുന്നത്. നിലവില്‍ ആറ് മത്സരത്തില്‍ നിന്നും നാല് വിജയവുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് രാജസ്ഥാന്‍.
മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും ദേശീയ ടീമില്‍ സ്ഥിരമായി അവസരം കിട്ടാത്ത താരമാണ് സഞ്ജു സാംസണ്‍. ഐ.പി.എല്ലിന്റെ കഴിഞ്ഞ സീസണില്‍ 150ന് മേലെ സ്‌ട്രൈക്ക് റേറ്റുള്ള രണ്ട് ഇന്ത്യന്‍ താരങ്ങളില്‍ ഒരാളായിട്ടുകൂടിയും സഞ്ജുവിന് ടി-20 ലോകകപ്പിന്റെ സ്‌ക്വാഡില്‍ പോലും ഇടം നേടാന്‍ സാധിച്ചിരുന്നില്ല.
ഈ സീസണില്‍ ഐ.പി.എല്ലിന്റെ കിരീടം സ്വന്തമാക്കാന്‍ സാധിച്ചാല്‍ താരത്തിന് ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി അവസരങ്ങള്‍ ലഭിച്ചേക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. എന്നാല്‍ ഐ.പി.എല്‍ കിരീടം കൊണ്ട് സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സ്ഥിരമായ സാന്നിധ്യമുറപ്പാക്കാന്‍ സാധിക്കില്ലെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ സെലക്ടറായ ശരണ്‍ദീപ് സിങ്. സഞ്ജുവിനെ പലപ്പോഴായി ടീമിലേക്ക് സെലക്ട് ചെയ്തയാള്‍ കൂടിയാണ് അദ്ദേഹം. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ പ്രതികരണത്തിലാണ് ഇന്ത്യന്‍ ടീമിലെ സഞ്ജുവിന്റെ സ്ഥാനത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.
‘ഞങ്ങള്‍ സെലക്ടര്‍മാരായി ഇരുന്നപ്പോള്‍ ടി-20 ഫോര്‍മാറ്റില്‍ ഓപ്പണറുടെ റോളില്‍ സഞ്ജുവിന് അവസരങ്ങള്‍ ലഭിച്ചതാണ്. ഞങ്ങളവന് ആവശ്യത്തിന് അവസരം നല്‍കിയിരുന്നു. എന്നാല്‍ ആ സമയത്ത് അവന് വേണ്ടത്ര മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല.
50 ഓവര്‍ ഫോര്‍മാറ്റില്‍ മിഡില്‍ ഓര്‍ഡറിലിറങ്ങി അവന്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാല്‍ ആ സമയത്ത് സംഭവിച്ചതെന്തെന്നാല്‍ മറ്റ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരും മികച്ച പ്രകടനം പുറത്തെടുത്തു.
അടുത്തിടെയാണ് ഇഷാന്‍ കിഷന്‍ ഇരട്ട സെഞ്ച്വറി നേടിയത്. തീര്‍ച്ചയായും റിഷബ് പന്തും ഉണ്ട്. ദിനേഷ് കാര്‍ത്തിക്കും കഴിഞ്ഞ വര്‍ഷം തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഇതുകൊണ്ടുതന്നെ ചിലപ്പോള്‍ അവന് അവസരം ലഭിച്ചെന്ന് വരില്ല.
ഐ.പി.എല്‍ കിരീടം നേടുന്നത് ഇന്ത്യന്‍ ടീമില്‍ അവന്റെ സ്ഥാനമുറപ്പാക്കാന്‍ സാഹായിക്കുമെന്ന് ഞാനൊരിക്കലും കരുതുന്നില്ല. നിങ്ങള്‍ ഒരുപക്ഷേ ഐ.പി.എല്‍ വിജയിച്ചേക്കാം, എന്നാല്‍ സീസണില്‍ നിങ്ങള്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്നില്ല എന്നാണെങ്കില്‍?പെര്‍ഫോമന്‍സ് മാത്രമാണ് ദേശീയ ടീമിലെത്താനുള്ള മാനദണ്ഡം.
700-800 റണ്‍സ് ഒരു സീസണില്‍ സ്വന്തമാക്കുകയാണെങ്കില്‍ നിങ്ങള്‍ ഉറപ്പായും ടീമിലെത്തും. ഐ.പി.എല്‍ കിരീടം വിജയിക്കുന്നത് പ്രധാനമാണ്, എന്നാല്‍ സീസണിലെ പ്രകടനമാണ് നിങ്ങളെ ഇന്ത്യന്‍ ടീമിലേക്കെത്താന്‍ സഹായിക്കുക,’ ശരണ്‍ദീപ് പറഞ്ഞു.