| Tuesday, 23rd August 2022, 2:40 pm

ലോകകപ്പില്‍ ബുംറ പുറത്തായാല്‍ പകരം അവന്‍ വരും; ബി.സി.സി.ഐയുടെ പരിഗണനയില്‍ പോലുമില്ലാത്ത പേസറെ കുറിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഫാസ്റ്റ് ബൗളിങ്ങിന് പുതിയ ഭാവുകത്വം നല്‍കിയ താരമാണ് ജസ്പ്രീത് ബുംറ. ഇതുവരെ കാണാത്ത ബൗളിങ് ആക്ഷനും കാം ആന്‍ഡ് കൂള്‍ ആറ്റിറ്റിയൂഡുമായി മൈതാനത്തിറങ്ങി വിക്കറ്റ് വീഴ്ത്തുന്നതായിരുന്നു ബുംറയുടെ ശീലം.

താരത്തിന്റെ ബൗളിങ് ആക്ഷന്‍ തന്നെയായിരുന്നു ഏറ്റവും വലിയ പോയിന്റ് ഓഫ് അട്രാക്ഷന്‍. കൈമുട്ട് മടക്കാതെയുള്ള താരത്തിന്റെ ബൗളിങ് ആക്ഷന്‍ ക്രിക്കറ്റ് അനലിസ്റ്റുകള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.

ബുംറയുടെ ബൗളിങ് ആക്ഷന്‍ കാരണം അദ്ദേഹത്തിന് പരിക്കേല്‍ക്കുന്നതും സാധാരണമായിരുന്നു. താരത്തിന്റെ പരിക്ക് ഇന്ത്യയെ സംബന്ധിച്ച് എന്നും വില്ലന്‍ തന്നെയായിരുന്നു.

പരിക്ക് വീണ്ടും വില്ലനായതോടെ ബുംറക്ക് ഏഷ്യാ കപ്പും നഷ്ടമായിരിക്കുകയാണ്. എന്നാലിപ്പോള്‍ ബുംറക്ക് ഏഷ്യാ കപ്പിന് പിന്നാലെ ടി-20 ലോകകപ്പും നഷ്ടപ്പെടുകയാണെങ്കില്‍ ഇന്ത്യക്ക് പേടിക്കേണ്ടതില്ല എന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും മുന്‍ സെലക്ടറുമായ സാബ കരീം.

ബുംറക്ക് പകരക്കാരനായി മുഹമ്മദ് ഷമിയെ പരിഗണിക്കാമെന്നാണ് അദ്ദേഹം പറയുന്നത്. ഷമി മികച്ച ബൗളറാണെന്നും ജസ്പ്രീത് ബുംറ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായാല്‍ മുഹമ്മദ് ഷമിയെ പരിഗണക്കാം എന്നും അദ്ദേഹം പറയുന്നു.

എന്നാല്‍, ബി.സി.സി.ഐ ടി-20 ഫോര്‍മാറ്റില്‍ നിന്നും നടതള്ളിയ താരമാണ് ഷമിയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത. മുഹമ്മദ് ഷമിയെ ടി-20 ഫോര്‍മാറ്റില്‍ ഇനി ഒരിക്കലും പരിഗണിക്കാന്‍ സാധ്യതയില്ലെന്നും ലോങ്ങര്‍ ഫോര്‍മാറ്റുകളില്‍ അദ്ദേഹത്തിന്റെ സേവനം മികച്ച രീതിയില്‍ ലഭ്യമാക്കാനുമാണ് ബി.സി.സി.ഐ പദ്ധതിയിടുന്നത്.

ടി-20 ഫോര്‍മാറ്റില്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പരിഗണനയില്‍ പോലുമില്ലാത്ത താരമാണ് മുന്‍ സെലക്ടറുടെ ഫസ്റ്റ് ചോയ്‌സ് എന്നതും ശ്രദ്ധേയമാണ്.

‘2022 ഐ.പി.എല്ലിലെ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി ഷമി മികച്ച ഫോമിലാണ് കളിച്ചത്. 16 മത്സരത്തില്‍ നിന്നും 20 വിക്കറ്റുകളാണ് ഷമിയുടെ പേരില്‍ കുറിക്കപ്പെട്ടത്.

ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനാകാന്‍ എന്തുകൊണ്ടും യോജിച്ച താരമാണ് മുഹമ്മദ് ഷമി. അടുത്ത കാലത്തായി ടി-20 ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് താരം നടത്തിയത്. ന്യൂ ബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ മുഹമ്മദ് ഷമിയും ദീപക് ചഹറുമാണ് ഏറ്റവും അനുയോജ്യര്‍,’ അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി ഐ.പി.എല്ലില്‍ മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത്. ഓസ്ട്രേലിയയില്‍ നടക്കുന്ന ആഗോള ടൂര്‍ണമെന്റിന് മുമ്പ് സെലക്ഷന്‍ കമ്മിറ്റി അവസരം നല്‍കിയാല്‍, 2022ലെ ഐ.സി.സി ടി-20 ലോകകപ്പിനുള്ള ടീമില്‍ ഭാഗമാകാന്‍ ഷമിക്ക് കഴിയുമെന്നും സാബ കരീം കൂട്ടിച്ചേര്‍ത്തു.

സമീപകാലത്ത് ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഏഷ്യാ കപ്പില്‍ ഇടം നേടാന്‍ അദ്ദേഹത്തിനായിരുന്നില്ല. ബുംറയുടെ പരിക്ക് ചോദ്യചിഹ്നമാവുകയാണെങ്കില്‍, ഒരു വെറ്ററന്‍ ബൗളര്‍ എന്ന നിലയില്‍ ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കാം.

സെപ്തംബര്‍ 16 നാണ് ടീമിനെ പ്രഖ്യാപിക്കുന്നത്. ഒക്ടോബര്‍ 23നാണ് ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്ഥാനാണ് എതിരാളികള്‍.

Content Highlight: Former selector Saba Karim says Muhammed Shami can be the best replacement for Jasprit Bumrah

We use cookies to give you the best possible experience. Learn more