| Sunday, 1st January 2023, 12:00 pm

വിക്കറ്റ് കീപ്പറായി സഞ്ജുവൊന്നും വേണ്ട, പന്തിന് പകരക്കാരനാകാന്‍ അവന്‍ മതി; തുറന്നടിച്ച് മുന്‍ സെലക്ടര്‍

സ്പോര്‍ട്സ് ഡെസ്‌ക്

കാറപകടത്തില്‍ പരിക്കേറ്റ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിന് ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനം നഷ്ടപ്പെടുമെന്നുറപ്പാണ്. ആറ് മാസത്തോളം വിശ്രമമാണ് ഡോക്ടര്‍മാര്‍ പന്തിന് നിര്‍ദേശിച്ചിരിക്കുന്നത്.

ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-ഓസ്ട്രലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ പന്തിന്റെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാകുമെന്നുറപ്പാണ്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ പ്രവേശനത്തിന് ഈ പരമ്പര വിജയം അനിവാര്യമാണെന്നിരിക്കെ പന്തിന് പകരം മികച്ച ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററെ ഇന്ത്യ കണ്ടെത്തേണ്ടിയിരിക്കുന്നു.

ഈ സാഹചര്യത്തില്‍ യുവതാരം ഇഷാന്‍ കിഷനെ പരിഗണിക്കാനാണ് മുന്‍ ഇന്ത്യന്‍ ചീഫ് സെലക്ടറായിരുന്ന സാബാ കരീം ആവശ്യപ്പെടുന്നത്. മറ്റാരെക്കാളും ഇഷാന്‍ കിഷനായിരിക്കും പന്തിന്റെ പകരക്കാരനാകാന്‍ സാധിക്കുക എന്നാണ് സാബാ കരീം പറയുന്നത്.

സാധാരണയായി കെ.എസ്. ഭരത്തിനെയാണ് ഇന്ത്യ പന്തിന്റെ ബാക്കപ്പായി പരിഗണിക്കാറുള്ളത്. എന്നാല്‍ ഈ സാഹചര്യത്തില്‍ ഇഷാന്‍ കിഷനെ തന്നെ പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കെ.എസ്. ഭരത് ടെസ്റ്റില്‍ കീപ്പറുടെ റോളിനായി തയ്യാറെടുക്കുകയാണ് എന്ന കാര്യം ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ അവനോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് പറയട്ടെ ഇഷാന്‍ കിഷനാണ് പന്തിന് പകരക്കാരനാകാന്‍ അനുയോജ്യന്‍.

ടെസ്റ്റില്‍ പന്ത് വഹിച്ചിരുന്ന റോള്‍ കണക്കിലെടുക്കുമ്പോള്‍ പന്തിന് പകരക്കാരനാകാന്‍ ഇഷാന്‍ കിഷനാണ് കൂടുതല്‍ അനുയോജ്യനാണെന്നാണ് എനിക്ക് തോന്നുന്നത്. അവന്‍ ഇപ്പോള്‍ മികച്ച ഫോമിലാണ് കളിക്കുന്നത്,’ സാബാ കരീം പറയുന്നു.

ഫെബ്രുവരി 9 മുതല്‍ മാര്‍ച്ച് 13 വരെയാണ് ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര നടക്കുന്നത്. നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ മികച്ച വിജയം സ്വന്തമാക്കാന്‍ സാധിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ഡബ്ല്യൂ.ടി.സിയുടെ ഫൈനലില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയ ഇതിനോടകം തന്നെ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്.

നിലവില്‍ 58.93 എന്ന വിജയ ശതമാനവുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. പരമ്പരയിലെ എല്ലാ മത്സരങ്ങളും ജയിക്കാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് ഫൈനല്‍ കളിക്കാം. മൂന്ന് ജയവും ഒരു സമനിലയും ആണെങ്കിലും, മൂന്ന് ജയവും ഒരു തോല്‍വിയുമാണ് പരമ്പരയുടെ റിസള്‍ട്ട് എങ്കിലും കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമായി വരും.

ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്ക് 78.57 എന്ന വിജയ ശതമാനമാണുള്ളത്.

ഇന്ത്യക്ക് പുറമെ മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കയും നാലാം സ്ഥാനത്തുള്ള സൗത്ത് ആഫ്രിക്കയുമാണ് ഫൈനലില്‍ പ്രവേശിക്കാന്‍ സാധ്യത കല്‍പിക്കുന്ന മറ്റ് ടീമുകള്‍.

53.33 എന്ന വിജയ ശതമാനത്തോടെ 64 പോയിന്റുമായാണ് ശ്രീലങ്ക മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 50 ശതമാനം വിജയമാണ് നാലാം സ്ഥാനത്തുള്ള സൗത്ത് ആഫ്രിക്കക്കുള്ളത്.

Content Highlight: Former selector Saba Karim says Ishan Kishan will be the ideal replacement for Rishabh Pant

We use cookies to give you the best possible experience. Learn more