ഏകദിനത്തില്‍ തുടര്‍ച്ചയായ പരാജയമാകുന്ന സൂര്യകുമാര്‍ യാദവിന് സ്ഥിരമായി അവസരങ്ങള്‍ ലഭിക്കുന്നത് ചോദ്യം ചെയ്ത് മുന്‍ സെലക്ടര്‍ സാബ കരീം. ഓസീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ട് മത്സരത്തിലും താരം ഗോള്‍ഡന്‍ ഡക്കായതിന് പിന്നാലെയാണ് സാബ കരീമിന്റെ വാക്കുകള്‍.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അകമഴിഞ്ഞ പിന്തുണ താരത്തിനുണ്ടെങ്കിലും സൂര്യകുമാറിനെ ഒരിക്കലും ഏകദിന ലോകകപ്പില്‍ നാലാം നമ്പറില്‍ കളിപ്പിക്കാന്‍ സാധിക്കില്ലെന്നും കരീം തുറന്നടിച്ചു.
നിലവിലെ സാഹചര്യത്തില്‍ ഏകദിനത്തില്‍ സൂര്യകുമാറിനേക്കാള്‍ മികച്ച കണക്കുകളുള്ള സഞ്ജു സാംസണെ നാലാം നമ്പറില്‍ പരീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നാലാം നമ്പറില്‍ സൂര്യകുമാറിന് പകരം ആര്? രജത് പാടിദാറിനെയും സര്‍ഫറാസ് അഹമ്മദിന്റെയും പേരുകളാണ് എനിക്ക് ഓര്‍മ വരുന്നത്. എന്നാല്‍ രണ്ടാള്‍ക്കും പരിക്കാണ്.
സഞ്ജു സാംസണെ നാലാം നമ്പറില്‍ ഉറപ്പായും പരീക്ഷിക്കാന്‍ സാധിക്കും. എന്നാല്‍ സഞ്ജുവിന് പരിക്കുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അഥവാ സഞ്ജു ഫിറ്റാണെങ്കില്‍ താരത്തെ പരിഗണിക്കാവുന്നതാണ്. നാലാം നമ്പറില്‍ മികച്ച താരങ്ങളെ കണ്ടേത്തേണ്ടത് അനിവാര്യമാണ്.
പരിക്ക് മാറി തിരിച്ചെത്തിയാല്‍ ശ്രേയസ് അയ്യര്‍ തന്നെയാകും നാലാം നമ്പറില്‍ കളിക്കുക. ലോകകപ്പിലും നാലാം നമ്പര്‍ അയ്യര്‍ തന്നെയായിരിക്കും.
സൂര്യകുമാറിനെ നാലാം നമ്പറില്‍ പരീക്ഷിച്ചെങ്കിലും അവന് മികച്ച പ്രകടനം ഒന്നും തന്നെ കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല. ടി-20 പുറത്തെടുക്കുന്ന മികവ് ഏകദിനത്തില്‍ പുറത്തെടുക്കാന്‍ സാധിക്കുന്നില്ല എന്നത് ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു. ടി-20യില്‍ ഒന്നാം നമ്പറാകുമ്പോഴും ഏകദിനത്തില്‍ നിറം മങ്ങുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.
ടി-20യിലെ മികവാകും സൂര്യയെ ടീമിലെത്തിക്കാന്‍ രോഹിത്തിനെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ലോകകപ്പില്‍ രോഹിത് അങ്ങനെ ചിന്തിക്കുമെന്ന് കരുതാനാകില്ല,’ സാബ കരീം കൂട്ടിച്ചേര്‍ത്തു.
മുന്‍ ഇന്ത്യന്‍ താരവും രഞ്ജി കിങ്ങുമായ വസീം ജാഫറും സൂര്യക്ക് പകരം സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. പരമ്പര ആര് നേടുമെന്ന് നിശ്ചയിക്കുന്ന മൂന്നാം ഏകദിനത്തില്‍ സൂര്യകുമാര്‍ യാദവിന് പകരം സഞ്ജുവിനെ ഉള്‍പ്പെടുത്തുന്നത് ഒരിക്കലും ഒരു മോശം തീരുമാനമാകില്ല എന്നായിരുന്നു വസീം ജാഫര്‍ പറഞ്ഞത്.
‘മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മികച്ച രണ്ട് പന്തുകള്‍ നേരിടാന്‍ സാധിക്കാതെ പോയ സൂര്യകുമാറിനോട് നമുക്ക് സഹതപിക്കാം. എന്നാല്‍ സ്റ്റാര്‍ക്കിന് ഈ വിധമെല്ലാം പന്തെറിയാന്‍ സാധിക്കുമെന്ന് സൂര്യകുമാര്‍ മുന്‍കൂട്ടി കാണണമായിരുന്നു.
മൂന്നാം ഏകദിനത്തില്‍ സൂര്യകുമാറിന് പകരം സഞ്ജു സാംസണ്‍ കളിക്കുന്നത് ഒരു മോശം ഓപ്ഷനേ അല്ല. കുറച്ച് അവസരങ്ങള്‍ മാത്രമേ അവന് ലഭിച്ചിട്ടുള്ളുവെങ്കിലും അവന്‍ ഇന്ത്യക്കായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ എല്ലാം ടീം മാനേജ്മെന്റിന്റെ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും,’ എന്നായിരുന്നു വസീം ജാഫര്‍ പറഞ്ഞത്.
Content Highlight: Former selector Saba Karim says India can consider Sanju Samson instead of Suryakumar Yadav