വിക്കറ്റ് കീപ്പറായി സഞ്ജു ഒരിക്കലും ഇന്ത്യന്‍ ടീമിലെത്തില്ല, എല്ലാ ഫോര്‍മാറ്റിലും എന്റെ ചോയ്‌സ് മറ്റൊരാളാണ്: മുന്‍ സെലക്ടര്‍
Sports News
വിക്കറ്റ് കീപ്പറായി സഞ്ജു ഒരിക്കലും ഇന്ത്യന്‍ ടീമിലെത്തില്ല, എല്ലാ ഫോര്‍മാറ്റിലും എന്റെ ചോയ്‌സ് മറ്റൊരാളാണ്: മുന്‍ സെലക്ടര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 8th October 2022, 12:23 pm

സഞ്ജു സാംസണെ കൊണ്ട് പറ്റാത്ത പലതും റിഷബ് പന്തിന് പറ്റുമെന്നും അവനില്‍ ഒരു എക്‌സ് ഫാക്ടര്‍ ഉണ്ടെന്നും മുന്‍ ഇന്ത്യന്‍ സെലക്ടറായ സാബാ കരീം. ഇഷാന്‍ കിഷനേക്കാളും സഞ്ജുവിനേക്കാളും എത്രയോ മുമ്പിലാണ് പന്തെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയില്‍ സഞ്ജുവിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ് കണ്ട് കഴിഞ്ഞതിന് ശേഷമാണ് സാബാ കരീം ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്.

എല്ലാ ഫോര്‍മാറ്റിലും താന്‍ പന്തിനെ മാത്രമേ സെലക്ട് ചെയ്യുകയുള്ളൂവെന്നും ഇഷാന്‍ കിഷനും സഞ്ജു സാംസണും ചെയ്യാന്‍ സാധിക്കാത്ത പലതും പന്തിന് ചെയ്യാന്‍ സാധിക്കുമെന്നും സാബാ കരീം പറയുന്നു.

ഇന്ത്യ ന്യൂസിനോടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഇഷാന്‍ കിഷനെക്കാളും സഞ്ജു സാംസണെക്കാളും ഞാന്‍ റിഷബ് പന്തിനെയാണ് തെരഞ്ഞെടുക്കുക. ഋഷബ് പന്തിനുള്ള ആ എക്‌സ് ഫാക്ടര്‍ ഇവരില്‍ കാണാന്‍ എനിക്ക് സാധിക്കുന്നില്ല. സഞ്ജുവിനെ ഒരു ബാറ്ററായി വേണെങ്കില്‍ ടീമില്‍ നിലനിര്‍ത്താന്‍ സാധിക്കും.

ഇഷാന്‍ കിഷന്‍ തന്റെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താത്തതുകൊണ്ടാണ് അദ്ദേഹം പിക്കിങ് ഓര്‍ഡറില്‍ വീണത്. ഇതിനാല്‍ തന്നെ വൈറ്റ് ബോള്‍, റെഡ് ബോള്‍ ഫോര്‍മാറ്റില്‍ എല്ലാം തന്നെ പന്ത് ആയിരിക്കും എന്റെ ഫസ്റ്റ് ചോയ്‌സ്,’ സാബാ കരീം പറയുന്നു.

 

ഒരു വിക്കറ്റ് കീപ്പറുടെ റോളില്‍ സഞ്ജു ടീമിലെത്തില്ല എന്നും ടീമിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഒരു ബാറ്റര്‍ എന്ന നിലയില്‍ മാത്രമേ സംഭവിക്കൂ എന്നും സാബാ കരീം പറയുന്നു.

‘സെലക്ടര്‍മാര്‍ ഇവരെയെല്ലാം വിക്കറ്റ് കീപ്പറായല്ല, മറിച്ച് ബാറ്റര്‍മാരായി മാത്രമാണ് കാണുന്നത്. വിക്കറ്റ് നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ അത് ബോണസാണ്. സഞ്ജുവിന്റെ തിരിച്ചുവരവ് ഒരു കീപ്പറായല്ല, മറിച്ച് ബാറ്ററായി മാത്രമേ സംഭവിക്കൂ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐ.പി.എല്ലിന് ശേഷം മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നതെന്നും സ്ഥിരതയാര്‍ന്ന പ്രകടനമാണ് സഞ്ജുവിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Former selector Saba Karim about Sanju Samson, Ishan Kishan and Rishabh Pant