| Saturday, 7th January 2023, 5:58 pm

2023ല്‍ വിരാട് കോഹ്‌ലിക്ക് ഗൗതം ഗംഭീറാകാന്‍ സാധിക്കും; മുന്‍ ചീഫ് സെലക്ടര്‍

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പില്‍ വിരാട് കോഹ്‌ലിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ നായകനും ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റിയുടെ മുന്‍ ചെയര്‍മാനുമായ കൃഷ്ണമാചാരി ശ്രീകാന്ത്.

2021 ലോകകപ്പില്‍ ഗൗതം ഗംഭീര്‍ എപ്രകാരം മികച്ച പ്രകടനം നടത്തിയോ അതിന് സമാനമായ പ്രകടം കോഹ്‌ലിയും ആവര്‍ത്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

2011 ലോകകപ്പില്‍ ഇന്ത്യയുടെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കായിരുന്നു ഗൗതം ഗംഭീര്‍ വഹിച്ചത്. ലോകകപ്പിലെ ഒമ്പത് മത്സരത്തില്‍ നിന്നും 393 റണ്‍സായിരുന്നു ഗംഭീര്‍ നേടിയത്. 43.66 എന്ന ആവറേജിലും 85.06 എന്ന സ്‌ട്രൈക്ക് റേറ്റിലുമായിരുന്നു താരം റണ്‍സ് അടിച്ചുകൂട്ടിയത്.

2011 ലോകകപ്പില്‍ നാല് അര്‍ധ സെഞ്ച്വറിയായിരുന്നു ഗംഭീര്‍ സ്വന്തമാക്കിയത്. ശ്രീലങ്കക്കെതിരായ ഫൈനല്‍ മത്സരത്തില്‍ ഗംഭീര്‍ നേടിയ 97 റണ്‍സ് അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായിരുന്നു. അന്ന് ഗംഭീറിന്റെ ജേഴ്‌സിയില്‍ പുരണ്ട ചെളിയും ഒരു ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകന്റെ മനസില്‍ നിന്നും ഒരിക്കലും മായില്ല.

ഗംഭീറിന്റെ ആ ഇതിഹാസ തുല്യമായ പ്രകടനത്തിന് സമാനമായ പ്രകടനം 2023ല്‍ വിരാട് കോഹ്‌ലിക്ക് ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് ക്രിസ് ശ്രീകാന്ത് പറയുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് 1983 ലോകകപ്പ് ഹീറോ കൂടിയായ ശ്രീകാന്ത് ഇക്കാര്യം പറഞ്ഞത്.

‘അത് എന്തൊരു ഫീലിങ്ങായിരുന്നു. 1983ല്‍ കളിക്കാരന്‍ എന്ന നിലയിലും 2011ല്‍ സെലക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ എന്ന നിലയിലും ലോകകപ്പ് സ്വന്തമാക്കിയപ്പോഴുള്ള അനുഭവം എന്റെ പേരക്കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ പോന്നതായിരുന്നു.

ആദ്യം തന്നെ പറയുകയാണെങ്കില്‍ ഗൗതം ഗംഭീറിന്റെ പ്രകടനം അത്രയധികം മികച്ചതായിരുന്നു, അതും ലോകകപ്പ് പോലെ ഒരു വേദിയില്‍. അവന് എല്ലാ വിധ അഭിനന്ദനങ്ങളും. അവനെ ഓര്‍ത്ത് എനിക്ക് അഭിമാനം തോന്നാറുണ്ട്.

പരമ്പരയിലുടനീളം മികച്ച ബാറ്റിങ്ങായിരുന്നു അവന്‍ പുറത്തെടുത്തത്. 2023 ലോകകപ്പില്‍ വിരാട് കോഹ്‌ലിയും അതിന് സമാനമായ പ്രകടനം പുറത്തെടുക്കുമെന്നാണ് എന്റെ പ്രവചനം,’ ശ്രീകാന്ത് പറഞ്ഞു.

2023 ഒക്ടോബറിലാണ് ലോകകപ്പ് നടക്കുന്നത്. ഇന്ത്യയാണ് വേദി. 2011 ലോകകപ്പിന് ശേഷം ഐ.സി.സി ഏകദിന ലോകകപ്പ് ഇതാദ്യമായാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നത്.

2011നെ അപേക്ഷിച്ച് ഇന്ത്യ മാത്രമാണ് 2023 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 2011 ഐ.സി.സി ഏകദിന ലോകകപ്പില്‍ ഇന്ത്യക്കൊപ്പം ശ്രീലങ്കയും ബംഗ്ലാദേശും ആതിഥേയത്വം വഹിച്ചിരുന്നു.

Content Highlight: Former selection committee chairman  Kris Srikkanth Predicts Virat Kohli Will Replicate Gautam Gambhir’s 2011 WC performance in 2023 WC

We use cookies to give you the best possible experience. Learn more