| Wednesday, 10th August 2022, 12:48 pm

രോഹിത് ശര്‍മയാണ് എന്നും ഇന്ത്യയുടെ ഫിനിഷറാവേണ്ടത്, അല്ലാതെ ആ വിക്കറ്റ് കീപ്പര്‍ ബാറ്ററല്ല; ഫിനിഷറുടെ വ്യാഖ്യാനമുയര്‍ത്തി രൂക്ഷവിമര്‍ശനവുമായി മുന്‍ ചീഫ് സെലക്ടര്‍

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. വെറ്ററന്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക്കിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതാണ് ടീം സെലക്ഷനിലെ പ്രധാന ഹൈലൈറ്റ്.

വിക്കറ്റ് കീപ്പര്‍ ബാറ്ററായിട്ടാണ് ദിനേഷ് കാര്‍ത്തിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫിനിഷറുടെ റോളിലും ഇന്ത്യന്‍ ടീം കാണുന്നത് കാര്‍ത്തിക്കിനെ തന്നെയാണ്. ഫിനിഷിങ്ങില്‍ തനിക്ക് പലതും സാധിക്കുമെന്ന് ദിനേഷ് കാര്‍ത്തിക് പല തവണ തെളിയിച്ചതുമാണ്.

എന്നാല്‍ ദിനേഷ് കാര്‍ത്തിക്കിനെ ഒരിക്കലും ഒരു ഫിനിഷറായി കാണാന്‍ സാധിക്കില്ലെന്നാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി.സി.സി.ഐ ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്തിന്റെ അഭിപ്രായം.

ഇന്നിങ്‌സിന്റെ പകുതി മുതല്‍ ക്രീസിലെത്തി ഇരുപതാം ഓവര്‍ വരെ കളിക്കുന്ന താരത്തേയാണ് ഫിനിഷര്‍ എന്ന് വിളിക്കേണ്ടതെന്നും കാര്‍ത്തിക് അത്തരത്തില്‍ ഒരാള്‍ അല്ലെന്നുമാണ് ശ്രീകാന്ത് പറയുന്നത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഫോളോ ദി ബ്ലൂസ് എന്ന പരിപാടിക്കിടെയായിരുന്നു ശ്രീകാന്ത് ഇക്കാര്യം പറഞ്ഞത്.

‘ഒരു ഫിനിഷര്‍ എന്നുപറഞ്ഞാല്‍ ആരാണ്. രോഹിത് ശര്‍മ ഒരു നല്ല ഫിനിഷറാണ്. എന്നാല്‍ അവന്‍ ഓപ്പണറാണ്. അത് അങ്ങനെ പോവട്ടെ. എന്നാല്‍ അവസാന അഞ്ച് ഓവറില്‍ വന്നുകളിക്കുന്ന ഒരാളെ ഫിനിഷര്‍ എന്ന് വിളിക്കാന്‍ എന്നെക്കൊണ്ടാവില്ല.

ദിനേഷ് കാര്‍ത്തിക്കിനെ കുറിച്ചാണ് ഞാന്‍ പറയുന്നത്. അവന്‍ എന്റെ ടീമിലും ഇടം പിടിക്കുമെന്നുറപ്പാണ്. അവനെ ഒരു ഫൈന്‍ ഫിനിഷര്‍ എന്ന് വേണമെങ്കില്‍ വിളിക്കാം. എന്നാല്‍ യഥാര്‍ത്ഥ ഫിനിഷര്‍ സൂര്യകുമാറിനെ പോലെയുള്ള താരങ്ങളാണ്.

നിങ്ങള്‍ക്ക് റിഷബ് പന്തുണ്ട്. അവന്‍ മികച്ച ഫിനിഷറാണ്. ഹര്‍ദിക് പാണ്ഡ്യയും ടീമിനൊപ്പമുണ്ട്. അവനും ബ്രില്യന്റ് ഫിനിഷറാണ്. എട്ടാം ഓവര്‍ മുതല്‍ ക്രീസിലെത്തി ഇരുപതാം ഓവര്‍ വരെ ബാറ്റ് ചെയ്യുന്നവരെയാണ് ഫിനിഷര്‍ എന്ന വിളിക്കുന്നത് എന്ന കാര്യവും ഞാനിപ്പോള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു,’ ശ്രീകാന്ത് പറയുന്നു.

എട്ടാം തീയതിയായിരുന്നു ഇന്ത്യ ഏഷ്യാ കപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ 15 അംഗ സ്‌ക്വാഡിനെയായിരുന്നു പ്രഖ്യാപിച്ചത്.

പരിക്കേറ്റ് പുറത്തായ കെ.എല്‍. രാഹുലും മുന്‍ നായകന്‍ വിരാട് കോഹ്‌ലിയും ടീമില്‍ ഇടം നേടിയിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണ്‍, മുഹമ്മദ് ഷമി എന്നിവരെ ഇന്ത്യ പരിഗണിക്കുക പോലും ചെയ്തിട്ടില്ല.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍.

Content Highlight: Former Selection Committee Chairman Kris Srikant about Finisher of Indian team

We use cookies to give you the best possible experience. Learn more