ലണ്ടന്‍: ബ്രിട്ടനില്‍ അടുത്തിടെയുണ്ടായ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തില്‍ ശതകോടീശ്വരനും വ്യവസായിയുമായ ഇലോണ്‍ മസ്‌കിനെതിരെ ആഞ്ഞടിച്ച് മുന്‍ സ്‌കോട്ടിഷ് പ്രധാനമന്ത്രി ഹംസ യൂസഫ്. സാമൂഹ്യമാധ്യമമായ ‘എക്‌സ്’ ഉപയോഗിച്ച് മസ്‌ക് തീവ്ര വലതു പക്ഷങ്ങളുടെ നിലപാടുകള്‍ പ്രചരിപ്പിക്കുകയും ആക്രമണത്തിന് പ്രേരിപ്പിക്കുകയും ചെയ്‌തെന്ന് ഹംസ യൂസഫ് മിഡില്‍ ഈസ്റ്റ് ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മസ്‌കിന് പുറമെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ക്കെതിരെയും യൂസഫ് വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. അടുത്തിടെയുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തില്‍ സ്റ്റാര്‍മര്‍ സാമൂഹ്യ മാധ്യമങ്ങളുടെ മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നും യൂസഫ് ആവശ്യപ്പെട്ടു.
‘മസ്‌കിന് തന്റെ ഷെയര്‍ ഹോള്‍ഡേഴ്‌സിനോടല്ലാതെ വേറെ ആരോടും തന്നെ യാതൊരു വിധത്തിലുമുള്ള പ്രതിബദ്ധതയുമില്ല. ജനാധിപത്യ പ്രക്രിയളോടോ തെരഞ്ഞെടുപ്പുകളോടോ ഉത്തരവാദിത്തമില്ല. എന്നിട്ടും അയാള്‍ തന്റെ കോടികള്‍ ചെലവഴിച്ച് ബ്രിട്ടനിലെ തീവ്ര വലതു പക്ഷത്തെ സഹായിക്കുന്നതായും കലാപത്തിന് പ്രേരിപ്പിക്കുന്നതായും കണ്ടു. അതിന്റെ പ്രത്യാഘാതങ്ങള്‍ക്കാണ് നമ്മള്‍ യു.കെയിലെ തെരുവുകളില്‍ സാക്ഷ്യം വഹിച്ചത്,’ ഹംസ യൂസഫ് ആരോപിച്ചു.
അടുത്തിടെ യു.കെയില്‍ ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ഡാന്‍സ് ക്ലാസിനിടെ ഒരു വിദ്യാര്‍ത്ഥി മൂന്ന് പെണ്‍കുട്ടികളെ കുത്തിക്കൊന്നിരുന്നു. എന്നാല്‍ കൊലപാതകി കുടിയേറ്റക്കാരനായ ഒരു മുസ്‌ലിം യുവാവാണെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്ന് ബ്രിട്ടനില്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷേഭങ്ങള്‍ അരങ്ങേറിയിരുന്നു.
‘മസ്‌ക് ഒരിക്കലും ഒരു വിഡ്ഢിയല്ല. മറിച്ച് അയാള്‍ക്ക് നന്നായി അറിയാം അയാള്‍ എന്താണ് ചെയ്യുന്നതെന്നും അതിന്റെയൊക്കെ പരിണിത ഫലങ്ങള്‍ എങ്ങനെയാണെന്നും. അതിനാല്‍ അയാള്‍ ഈ പ്രവര്‍ത്തി തുടര്‍ന്നുകൊണ്ടേയിരിക്കും.
കാരണം ഞാന്‍ നേരത്തെ പറഞ്ഞതുപോലെ അയാള്‍ക്ക് ആരെയും കാരണം ബോധിപ്പിക്കേണ്ടതിന്റെ ആവശ്യമില്ല. അതുകൊണ്ട് തന്നെയാണ് അയാള്‍ ഈ ലോകത്ത് ഏറ്റവും അപകടം പിടിച്ച മനുഷ്യനായി തീരുന്നതും,’ യൂസഫ് പറഞ്ഞു.
മസ്‌കിന് പുറമെ ലേബര്‍ പാര്‍ട്ടി നേതാവും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ കെയര്‍ സ്റ്റാര്‍മറിനും യൂസഫ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
‘കെയര്‍ സ്റ്റാര്‍മര്‍ എക്‌സ് മാത്രമല്ല മറിച്ച് എല്ലാ സാമൂഹ്യമാധ്യമങ്ങളിലും ആവശ്യമായ നിയന്ത്രണം കൊണ്ടുവരണം. അല്ലാത്തപക്ഷം വ്യാജ വാര്‍ത്തകള്‍ ഇലോണ്‍ മസ്‌ക് ചെയ്തത് പോലെ കാട്ടുതീ പോലെ ആളിപ്പടരും,’ യൂസഫ് പറഞ്ഞു
സ്‌കോട്‌ലാന്റ് പ്രധാനമന്ത്രി സഥാനതെത്തിയ ആദ്യ മുസ്‌ലിമും ഏഷ്യന്‍ വംശജനുമാണ് ഹംസ യൂസഫ്. മുന്‍ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം അലങ്കരിച്ച യൂസഫ് ഈ വര്‍ഷം മെയിലാണ് പ്രധാന മന്ത്രി സ്ഥാനം ഒഴിഞ്ഞത്.
Content Highlight: Former Scotland Prime Minister Humza Yousaf accuses Elon Musk on Britain’s Anti-racist protest