| Tuesday, 31st August 2021, 10:21 am

അമേരിക്കന്‍ ആയുധങ്ങള്‍ അല്‍ ഖ്വയ്ദ കൈക്കലാക്കാന്‍ സാധ്യത; മുന്നറിയിപ്പ് നല്‍കി സൗദി അറേബ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: അമേരിക്ക അവരുടെ രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന അഫ്ഗാനിസ്ഥാനിലെ സൈനിക വിന്യാസം അവസാനിപ്പിച്ച് പിന്‍വാങ്ങിയ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി സൗദി അറേബ്യ. അമേരിക്കയുടെ അഫ്ഗാനിലെ ആയുധ ശേഖരം അല്‍ ഖ്വയ്ദ പോലുള്ള സായുധ സംഘടനകള്‍ കൈക്കലാക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

സൗദിയുടെ മുന്‍ ഇന്റലിജന്‍സ് മേധാവിയായ തുര്‍കി അല്‍-ഫൈസല്‍ ആണ് ഇത്തരത്തില്‍ ഒരു സാധ്യതയെക്കുറിച്ച് പ്രസ്താവന നടത്തിയത്. 20 വര്‍ഷത്തിലധികം സൗദിയുടെ ഇന്റലിജന്‍സ് വിഭാഗം തലവനായിരുന്നു അദ്ദേഹം. വാര്‍ത്താ മാധ്യമമായ സി.എന്‍.ബി.സിയോടായിരുന്നു പ്രതികരണം.

ബൈഡന്‍ ഭരണകൂടത്തെ വിമര്‍ശിച്ചു കൊണ്ടായിരുന്നു തുര്‍കി അല്‍-ഫൈസല്‍ പ്രസ്താവന നടത്തിയത്. 20 വര്‍ഷത്തോളം നീണ്ട സൈനിക സാന്നിധ്യത്തിന് ശേഷം യുദ്ധസമാന സാഹചര്യത്തില്‍ അമേരിക്ക അഫ്ഗാനെ ഉപേക്ഷിച്ച് പോകുന്നതിനെയാണ് അദ്ദേഹം വിമര്‍ശിക്കുന്നത്. ഇത് റിയാദിന് നേരെ ഭാവിയില്‍ അല്‍ ഖ്വയ്ദ ആക്രമണങ്ങള്‍ നടത്താനുള്ള സാധ്യതയും തുറക്കുന്നുണ്ട് എന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

”ഇതിനെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടതെന്ന് എനിക്കറിയില്ല. കഴിവില്ലായ്മയാണോ അശ്രദ്ധയാണോ തെറ്റായ രീതിയില്‍ കൈകാര്യം ചെയ്തതാണോ- ഇതെല്ലാം സംയോജിച്ച അമേരിക്കയുടെ പരാജയമാണ് ഇപ്പോള്‍ കാണുന്നത്,” അമേരിക്കന്‍ പിന്മാറ്റത്തെക്കുറിച്ച് തുര്‍കി അല്‍-ഫൈസല്‍ പറഞ്ഞു.

അമേരിക്കന്‍ സൈന്യം പിന്മാറ്റം ആരംഭിച്ചത് മുതല്‍ തന്നെ അഫ്ഗാന്‍ സൈന്യത്തിന്റെ ഭാഗമായിരുന്ന അമേരിക്കന്‍ നിര്‍മിത ആയുധങ്ങള്‍ താലിബാന്‍ പിടിച്ചെടുക്കാന്‍ തുടങ്ങിയിരുന്നു. ഇതിന് പുറമേയാണ് ഇപ്പോള്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍ ഖ്വയ്ദയുടെ ഇടപെടലുകളും സൗദി സംശയിക്കുന്നത്.

1998ലാണ് താലിബാനുമായുള്ള ബന്ധങ്ങളെല്ലാം റിയാദ് മരവിപ്പിച്ചത്. അല്‍ ഖ്വയ്ദ തലവനായിരുന്ന ഒസാമ ബിന്‍ ലാദനെ സൗദിക്ക് കൈമാറാന്‍ താലിബാന്‍ തയ്യാറാകാതിരുന്നതിനെത്തുടര്‍ന്നായിരുന്നു ഇത്. സൗദിയില്‍ ആക്രമണങ്ങള്‍ നടത്തുകയും രാജകുടുംബത്തിനെതിരെ നിലപാടെടുക്കുകയും ചെയ്തതിന് അന്ന് ബിന്‍ ലാദന്റെ പൗരത്വവും സൗദി ഭരണകൂടം തിരിച്ചെടുത്തിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് അല്‍ ഖ്വയ്ദയുടെ ഭാഗത്ത് നിന്നും ആക്രമണത്തിനുള്ള സാധ്യതയും സൗദി കാണുന്നത്. ഇതിന് അമേരിക്ക ഉപേക്ഷിച്ച് പോവുന്ന ആയുധങ്ങള്‍ സഹായകമായേക്കാം എന്നും സൗദിയുടെ മുന്‍ ഇന്റലിജന്‍സ് മേധാവി സംശയിക്കുന്നു.

ഏറ്റവും കുറഞ്ഞ ചിലവില് ലൈവ് ട്യൂഷന് ക്ലാസിനായി ഇപ്പോള് തന്നെ ഡൗണ്ലോഡ് ചെയ്യൂ…

ഇന്ന് അവസാനത്തെ അമേരിക്കന്‍ വിമാനവും അഫ്ഗാന്‍ വിട്ടതിന്റെ സന്തോഷം ആകാശത്തേക്ക് വെടിയുതിര്‍ത്തു കൊണ്ടായിരുന്നു താലിബാന്‍ ആഘോഷിച്ചത്. ഇനിയും തങ്ങളുടെ പൗരന്മാര്‍ അഫ്ഗാനില്‍ ബാക്കിയുണ്ടാകാമെന്നും അവരെ സുരക്ഷിതമായി പുറത്തെത്തിക്കാമെന്ന് താലിബാന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അമേരിക്ക അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Former Saudi intel chief warns US weaposn in Afghanistan may fall into al-Qaeda’s hands

We use cookies to give you the best possible experience. Learn more