മോസ്‌ക്കോ: രാജ്യ വ്യാപകമായി ഭരണകൂടത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ ജര്‍മന്‍ സര്‍ക്കാര്‍ താഴെവീഴാന്‍ സാധ്യതയുണ്ടെന്ന് മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവ്. രാജ്യത്തെ സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രതിസന്ധികളില്‍ പരിഹാരം കണ്ടെത്താത്തതിനാല്‍ ജര്‍മന്‍ ചാന്‍സലറായ ഒലാഫ് ഷോള്‍സ് അധികാരങ്ങളില്‍ നിന്ന് പുറത്താകുമെന്നാണ് ദിമിത്രിയുടെ വിലയിരുത്തല്‍. ജര്‍മനിയില്‍ ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന പണിമുടക്ക് തുടങ്ങാന്‍ വിവിധ സംഘടനകള്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് ദിമിത്രിയുടെ പ്രതികരണം.
ജര്‍മന്‍ സര്‍ക്കാരിന്റെ വഴിവിട്ട ചെലവുകളാണ് ജര്‍മനിയില്‍ ബഹുജന പ്രക്ഷോഭമുണ്ടാവാന്‍ കാരണമായതെന്നും ദിമിത്രി മെദ്വദേവ് പറഞ്ഞു. ഉക്രൈനിന് നല്‍കുന്ന സാമ്പത്തികവും യുദ്ധ സഹായങ്ങളും ജര്‍മനിയുടെ ബഡ്ജറ്റിനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും ദിമിത്രി അവകാശപെടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയും മറ്റു സഖ്യകക്ഷികളും ഉക്രൈനിന് നാറ്റോയില്‍ അംഗത്വം നല്‍കാനുള്ള വിഷയത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ജര്‍മന്‍ സര്‍ക്കാര്‍ ലോകരാഷ്ട്രങ്ങളുടെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിച്ചതെന്നും മുന്‍ റഷ്യന്‍ പ്രസിഡന്റ് കുറ്റപ്പെടുത്തി.
റഷ്യയുമായുള്ള യുദ്ധത്തിന് വേണ്ടി ജര്‍മനി ഉക്രൈനിന് സഹായം നല്‍കുകയായിരുന്നുവെന്നും വിദ്വേഷങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇടപെടലുകള്‍ നടത്തിയെന്നും നിലവില്‍ റഷ്യയുടെ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഡെപ്യൂട്ടി ചെയര്‍ ആയും പ്രവര്‍ത്തിക്കുന്ന ദിമിത്രി മെദ്വദേവ് പറഞ്ഞു.
രാജ്യത്ത് കാര്‍ഷിക സബ്‌സിഡികള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാനുള്ള പദ്ധതികള്‍ക്കെതിരെ ജര്‍മനിയില്‍ വ്യാപക പ്രതിഷേധം നടക്കുകയാണ്. ജര്‍മനിയിലെ കര്‍ഷകര്‍ ട്രാക്ടറുകളുമായി ബെര്‍ലിന്‍ നഗരത്തിലെ ഭൂരിപക്ഷം വരുന്ന പ്രധാനപ്പെട്ട റോഡുകളും ഉപരോധിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് മാസങ്ങളോളമായി നിലനില്‍ക്കുന്ന പണപ്പെരുപ്പം നികത്തുന്നതിനായും വേതന വര്‍ധന ആവശ്യപ്പെട്ടും വിവിധ യൂണിയനുകള്‍ മൂന്ന് ദിവസത്തെ പണിമുടക്ക് നടത്താനും റെയില്‍വേ തൊഴിലാളികള്‍ വരുന്ന വാക്കൗട്ട് ചെയ്യാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.
Content Highlight: Former Russian president says German government will fall in mass protests