ഓരോ മത്സരവും മനോഹരമാവുന്നത് ആരാധകര്‍ കൂടി ഉള്‍ച്ചേരുമ്പോഴാണ്. യഥാര്‍ത്ഥത്തില്‍ ആരാധകരാണ് ഓരോ മത്സരത്തെയും ആവേശത്തിലാഴ്ത്തുന്നത്. ആരാധകര്‍ക്കായി മത്സരം ജയിക്കുമ്പോഴാണ് ടീമിനും അത് സന്തോഷം നല്‍കുന്നത്.
ഓരോ ടീമിനും അവരുടേതായ ആരാധകവൃന്ദം തന്നെയുണ്ടാകും. കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞപ്പടയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാരത് ആര്‍മിയുമെല്ലാം ഇതിന് ഉദാഹരണമാണ്.
ഐ.പി.എല്ലിലും ഇത്തരത്തില്‍ ഫാനിസം പ്രകടമായി തന്നെയുണ്ട്. ഓരോ മത്സരം നടക്കുമ്പോളും സ്‌റ്റേഡിയത്തെ ആവേശത്തിലാറാടിക്കാന്‍ ഫാന്‍സ് വഹിക്കുന്ന പങ്ക് ചില്ലറയല്ല.
ഇപ്പോഴിതാ, ഐ.പി.എല്ലിലെ സൂപ്പര്‍ ടീമായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആരാധകരെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരം മഹിപാല്‍ ലോംറോര്‍.
ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാന്‍സ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനാണെന്നാണ് ലോംറോറിന്റെ അഭിപ്രായം.
‘റോയല്‍ ചാലഞ്ചേഴ്‌സിന്റെ ഫാന്‍ ബേസാണ് ലോകത്തിലെ തന്നെ ഏതെങ്കിലുമൊരു ക്രിക്കറ്റ് ടീമിന് ലഭിക്കാവുന്ന ഏറ്റവും മികച്ച ഫാന്‍ ബേസ് എന്നാണ് ഞാന്‍ കരുതുന്നത്,’ ലോംറോര്‍ പറയുന്നു.
ആര്‍.സി.ബിയുടെ മത്സരങ്ങള്‍ നടക്കുമ്പോള്‍ സ്‌റ്റേഡിയമൊന്നാകെ ചുവന്ന കൊടികള്‍ കൊണ്ടും പോസ്റ്ററുകള്‍ കൊണ്ടും ചെങ്കടലാക്കുന്ന റോയല്‍ ആരാധകര്‍ എന്നും കണ്ണിന് കുളിര്‍മയാണ്.
2008 മുതല്‍ ഐ.പി.എല്ലില്‍ കളിക്കുമ്പോഴും ഒരിക്കല്‍ പോലും കപ്പെടുക്കാന്‍ സാധിക്കാത്ത മൂന്ന് ടീമില്‍ ഒന്നാണ് ആര്‍.സി.ബി. എങ്കിലും ആരാധകര്‍ ഇന്നും അവരെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നു.
ടീമിന് വേണ്ടി ഗിന്നസ് റെക്കോഡ് നേടിയതും, ടീം കപ്പെടുക്കുന്നത് വരെ കല്യാണം കഴിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നതും ഈ ടീമിനോടുള്ള സ്‌നേഹം കൊണ്ടുതന്നെയാണ്.
ഐ.പി.എല്‍ 2022ന്റെ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് മുമ്പായിരുന്നു ആരാധകര്‍ ടീമിനായി ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയത്.
ഒരു മണിക്കൂറില്‍ വിക്കറ്റിനിടെയിലെ ഓട്ടത്തിലൂടെ ഏറ്റവുമധികം റണ്‍സ് സ്വന്തമാക്കിയതിന്റെ റെക്കോഡാണ് ആരാധകര്‍ സ്വന്തമാക്കിയത്. ബെംഗളൂരുവിലെ ജയമഹല്‍ പാലസില്‍ വെച്ച് സംഘടിപ്പിച്ച #12thManTakeoverന് ഇടയിലാണ് ആരാധകര്‍ നേട്ടം സ്വന്തമാക്കിയത്.
187 ആര്‍.സി.ബി ആരാധകര്‍ ചേര്‍ന്ന് 823 റണ്‍സാണ് ഒരു മണിക്കൂര്‍ സമയം കൊണ്ട് വിക്കറ്റിനിടയിലൂടെ ഓടി നേടിയത്. ഇന്ത്യന്‍ കായിക താരങ്ങളായ ദ്യുതി ചന്ദിന്റേയും രൂപീന്ദര്‍ പാല്‍ സിങിന്റേയും സാന്നിധ്യത്തിലായിരുന്നു ആരാധകരുടെ റെക്കോഡ് നേട്ടം.
വരും സീസണില്‍ ആര്‍.സി.ബി കപ്പടിക്കുമെന്നുതന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ഈ സാലാ കപ്പ് നംദേ എന്ന് ഏറെ ആവേശത്തോടെ പറയാന്‍ തന്നെയാണ് ആര്‍.സി.ബി ആരാധകര്‍ തയ്യാറെടുക്കുന്നത്.
Content Highlight: Former RR Player praises RCB Fans