പൂനെ: മറ്റ് ടീമുകളുടെ ആരാധകര്‍ പോലും രഹസ്യമായി ആരാധിച്ചിരുന്ന ക്രിക്കറ്റിലെ വെടിക്കെട്ട് താരമാണ് ഗെയ്ല്‍. ഐ.പി.എല്‍ പതിനൊന്നാം സീസണിലെ താര ലേലത്തില്‍ പൂര്‍ണ്ണമായി ഒഴിവാക്കിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ വെടിക്കെട്ട് വീരനായ താരം ഇപ്പോള്‍ പഞ്ചാബിന് വേണ്ടി നിറഞ്ഞാടുകയാണ്. ഹൈദരാബാദിനെതിരെ 63 പന്തില്‍ 103 റണ്‍സെടുത്ത് തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ച്ചവെച്ചത്.
ഗെയ്‌ലിന് പിന്നാലെ ചെന്നൈ സുപ്പര്‍ കിംങ്‌സിന്റെ വെറ്ററന്‍ താരം ഷെയിന്‍ വാട്‌സണും വമ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. 51 പന്തില്‍ 100 തൊട്ടാണ് വാട്‌സണ്‍ കൊടുങ്കാറ്റ് തീര്‍ത്തത്. രണ്ട് ദിവസത്തിനിടെ സെഞ്ചുറി നേടി മികവ് കാട്ടിയ രണ്ട് താരങ്ങളും കഴിഞ്ഞ സീസണില്‍ ബാംഗ്ലൂരിന് വേണ്ടി പാഡ് കെട്ടിയവരാണ്. ബാഗ്ലൂര്‍ ഒഴിവാക്കിയ മറ്റൊരു താരം കെ.പി രാഹുലാകട്ടെ മികച്ച പ്രകടനമാണ് പഞ്ചാബിന് വേണ്ടി പുറത്തെടുക്കുന്നത്.
എന്നാല്‍ കോഹ്‌ലി ഒഴികെ ഒരു താരം പോലും ഫോമിലല്ലാത്ത ബാഗ്ലുരിനാണ് ഇവരുടെ ഓരോ അടിയും ചെന്ന് പതിക്കുന്നത്. ബാംഗ്ലൂര്‍ ഒഴിവാക്കിയ ക്രിസ് ഗെയ്‌ലിനെ എടുത്ത കിങ്സ് ഇലവന്‍ പഞ്ചാബിന് നിരാശപ്പെടേണ്ടി വന്നില്ല. ലേലത്തില്‍ ആദ്യ രണ്ട് തവണയും ഗെയ്ലിനെ വിളിക്കാന്‍ ഫ്രാഞ്ചൈസികള്‍ ഉണ്ടായിരുന്നില്ല. പിന്നീട് അടിസ്ഥാന വിലയായ രണ്ട് കോടിക്ക് പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു. പഞ്ചാബിലെ അരങ്ങേറ്റം ഗെയ്ല്‍ മോശമാക്കിയില്ല. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ 33 പന്തില്‍ 63 റണ്‍സ്. രണ്ടാം മത്സരത്തിലാണ് സെഞ്ചുറി പിറന്നത്.
ആര്‍.സി.ബി ഒഴിവാക്കിയ വാട്സണും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. 57 പന്ത് മാത്രം നേരിട്ട വാട്സണ്‍ 106 റണ്‍സ് അടിച്ചെടുത്തു. മുന്‍പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ 42 റണ്‍സ് നേടിയിരുന്നു. ബൗളിങ്ങിലും വാട്സണ്‍ മോശമല്ലാത്ത പ്രകടനം പുറത്തെടുക്കുന്നുണ്ട്. ഇതുവരെ നേടിയത് അഞ്ച് വിക്കറ്റുകള്‍.
അതേപോലെ ടൂര്‍ണമെന്റില്‍ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ചുറി നേടിയ താരമാണ് കെ.എല്‍. രാഹുല്‍. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേയായിരുന്നു രാഹുലിന്റെ വെടിക്കെട്ട് പ്രകടനം. രണ്ടാം മത്സരത്തില്‍ 47 റണ്‍സ്. മൂന്നാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേ 37. 11 കോടിക്കാണ് രാഹുലിനെ പഞ്ചാബ് സ്വന്തമാക്കിയത്.
ഇവര്‍ മൂവരേയും ഇത്തവണ ടീമില്‍ നിലനിര്‍ത്തിയില്ല എന്നതാണ് ആര്‍.സി.ബിക്ക് തിരിച്ചടിയായത്. ഗെയ്ലിനെയും വാട്സണെയും മോശം ഫോമിന്റെ പേരിലാണ് ഒഴിവാക്കിയതെങ്കില്‍ രാഹുലിന്റെ കാര്യത്തില്‍ എന്താ സംഭവിച്ചതെന്ന് ഉത്തരം കിട്ടാത്ത ചോദ്യമാണ്. സര്‍ഫറാസ് ഖാനെ പോലെയുള്ള താരത്തെ ബാംഗ്ലൂര്‍ നിലനിര്‍ത്തുകയും ചെയ്തു.
എന്നാല്‍ ബാംഗ്ലൂളുരില്‍ നിന്നും ഒഴിവാക്കിയ വെടിക്കെട്ട് താരങ്ങളുടെ പ്രകടനത്തില്‍ റോയല്‍സിനെ ട്രോളിക്കൊല്ലുകയാണ് സോഷ്യല്‍ മീഡിയ.