അവന്റെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കില്‍ എന്നേ ബാഴ്‌സയെ കളഞ്ഞ് മാഞ്ചസ്റ്ററില്‍ ചേര്‍ന്നേനെ; ബാഴ്‌സലോണ താരത്തോട് ടീം വിടാനാവശ്യപ്പെട്ട് റയല്‍ താരം
Football
അവന്റെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കില്‍ എന്നേ ബാഴ്‌സയെ കളഞ്ഞ് മാഞ്ചസ്റ്ററില്‍ ചേര്‍ന്നേനെ; ബാഴ്‌സലോണ താരത്തോട് ടീം വിടാനാവശ്യപ്പെട്ട് റയല്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 10th June 2022, 7:46 pm

ബാഴ്‌സലോണ മിഡ് ഫീല്‍ഡര്‍ ഫ്രാങ്കി ഡി ജോംഗിനോട് ടീം വിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം ചേരാന്‍ നിര്‍ദേശിച്ച് മുന്‍ റയല്‍ മാഡ്രിഡ് താരം റാഫേല്‍ വാന്‍ ഡെര്‍ വാര്‍ട്ട്.

ടീമിന്റെ മധ്യനിരയെ ശക്തിപ്പെടുത്താന്‍ മാഞ്ചസ്റ്ററില്‍ നിന്നും വിളിയെത്തിയതോടെയാണ് ബാഴ്‌സലോണ വിട്ട് മാഞ്ചസ്റ്ററിലേക്ക് ചേക്കേറാന്‍ വാന്‍ ഡെര്‍ വാര്‍ട്ട് ഡി ജോംഗിനെ ഉപദേശിക്കുന്നത്.

ബാഴ്‌സയുടെ മധ്യനിരയിലെ പ്രധാനിയാണ് ഈ ഇരുപത്തിയഞ്ചുകാരന്‍. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന ബാഴ്‌സലോണയില്‍ കാര്യങ്ങള്‍ സ്റ്റേബിളാവാന്‍ സമ്മര്‍ ട്രാന്‍സ്ഫറില്‍ ഏതെങ്കിലും ഒരു താരത്തെ പറഞ്ഞയക്കേണ്ടി വരും.

അതേസമയം, ഡി ജോംഗിനോട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറാനാണ് മുന്‍ ഡച്ച് പ്ലേമേക്കര്‍ വാന്‍ ഡെര്‍ വാര്‍ട്ട് ആവശ്യപ്പെടുന്നത്. സിഗോ സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വാര്‍ട്ട് ഇക്കാര്യം പറഞ്ഞത്.

‘ബാഴ്‌സലോണയില്‍ അവന്‍ പെഡ്രി, ഗാവി പോലുള്ള കളിക്കാര്‍ക്കിടയിലാണ് കളിക്കുന്നത്. അവരും ഇവനോളം മികച്ച കളി പുറത്തെടുക്കുന്നവരാണ്. ഡച്ച് നാഷണല്‍ ടീമില്‍ ഈ റോളില്‍ ഇത്രയും മികവുറ്റ കളിക്കാകന്‍ ഇവന്‍ മാത്രമാണ്.

ആ കൈമാറ്റം അനുയോജ്യം തന്നെയാണെന്നാണ് ഞാന്‍ കരുതുന്നത്. എന്ത് ചെയ്യാന്‍ സാധിക്കും എന്ത് ചെയ്യാന്‍ സാധിക്കില്ല എന്ന് കൃത്യമായി മനസിലാക്കുന്ന ഒരു കോച്ച് അവിടെയുണ്ട്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും അല്‍പം ക്വാളിറ്റി വേണ്ടതുണ്ട്. യുണൈറ്റഡില്‍ ഇവനെ പോലെ ഇവന്‍ മാത്രമേ ഉണ്ടാകൂ. അവന്‍ ഇക്കാര്യത്തില്‍ ഉടനൊരു തീരുമാനത്തിലെത്തണം. ഞാനായിരുന്നു അവന്റെ സ്ഥാനത്തെങ്കില്‍ മറ്റൊന്നും ആലോചിക്കാതെ മാഞ്ചസ്റ്ററിലേക്ക് മാറുമായിരുന്നു,’ വാന്‍ ഡെര്‍ വാര്‍ട്ട് പറയുന്നു.

അതേസമയം, താരം മാഞ്ചസ്റ്ററുമായി കൈകൊടുത്തു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ലാലീഗയില്‍ ബാഴ്‌സയ്ക്കായി 98 മത്സരത്തിലാണ് ഡി ജോംഗ് ബൂട്ടുകെട്ടിയത്. എട്ട് ഗോളും ഒമ്പത് അസിസ്റ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.

 

Content Highlight: Former Real Madrid star Van der Vaart urges Frenkie de Jong to leave Barcelona and Join Manchester United