ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ യൂറോപ്പില്‍ നിന്നും സൗദിയിലേക്ക് കളിത്തട്ടകം മാറ്റിയത് കായികലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. സൗദി പ്രോ ലീഗില്‍ അല്‍ നസറിന്റെ താരമായാണ് അദ്ദേഹം തന്റെ കരിയറിലെ പുത്തന്‍ അധ്യായത്തിന് തുടക്കം കുറിച്ചത്.
റൊണാള്‍ഡോക്കും മെസിക്കും പുറമെ ബാലണ്‍ ഡി ഓര്‍ ജേതാവും ഫ്രാന്‍സിന്റെ വേള്‍ഡ് കപ്പ് ഹീറോയുമായ കരീം ബെന്‍സെമയെ ലക്ഷ്യമിട്ടുകൊണ്ടും സൗദി ടീം രംഗത്തെത്തിയിരുന്നു. കരുത്തരായ അല്‍ ഇത്തിഹാദാണ് 200 മില്യണുമായി ബെന്‍സെയുടെ പിന്നാലെയോടുന്നത്.
സൂപ്പര്‍ താരങ്ങളെ തങ്ങളുടെ ടൂര്‍ണമെന്റിന്റെ ഭാഗമാക്കുന്നതോടെ പല ലക്ഷ്യങ്ങളും സൗദിക്കുണ്ട്. രാജ്യത്തെ കായിക രംഗത്തിന് പുതിയ ഡ്രൈവിങ് ഫോഴ്‌സ് നല്‍കുക, ലോക ഫുട്‌ബോള്‍ ഭൂപടത്തില്‍ തങ്ങളെയും അടയാളപ്പെടുത്തുക എന്നുതുടങ്ങി ഭാവിയില്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുക എന്നതടക്കം അവരുടെ പദ്ധതികളാണ്.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ അല്‍ നസറിലെത്തിയതോടെ സൗദി പ്രോ ലീഗിന്റെ ബ്രാന്‍ഡ് വാല്യൂ വന്‍ തോതില്‍ ഉയര്‍ന്നിരുന്നു. യൂറോപ്പിലെ ഫുട്‌ബോള്‍ വിചക്ഷണന്‍മാര്‍ക്കിടയില്‍ പോലും അല്‍ നസറും സൗദി പ്രോ ലീഗും ചര്‍ച്ചയായിരുന്നു. ഇത്തരത്തില്‍ സൂപ്പര്‍ താരങ്ങളെ സ്വന്തമാക്കി ഈ വാല്യൂ ഉയര്‍ത്താനാണ് ടൂര്‍ണമെന്റിന്റെ ശ്രമം.
എസ്.പി.എല്ലിനെ കുറിച്ച് റൊണാള്‍ഡോ പറഞ്ഞ വാക്കുകളും ചര്‍ച്ചയായിരുന്നു. സൗദിയില്‍ താന്‍ സന്തോഷവാനാണെന്നും അടുത്ത സീസണിലും ഇവിടെ തുടരുമെന്നും ക്രിസ്റ്റ്യാനോയെ ഉദ്ധരിച്ച് പ്രമുഖ ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റായ ഫാബ്രീസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content highlight: Former Real Madrid star says Saudi Government tries to sign Messi, Benzema And Neymar too