പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വിമര്‍ശിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് മുന്‍ റയല്‍ മാഡ്രിഡ് താരം അന്റോണിയോ കസാനോ. റൊണാള്‍ഡോ ഗോള്‍ സ്‌കോറിന് അപ്പുറം ഫുട്‌ബോളില്‍ യാതൊരു കഴിവുമില്ലെന്നാണ് മുന്‍ റയല്‍ താരം പറഞ്ഞത്. വിവ എല്‍ ഫുട്‌ബോള്‍ പോഡ്കാസ്റ്റിലൂടെ സംസാരിക്കുകയായിരുന്നു കസാനോ.
‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഫുട്‌ബോളില്‍ എപ്പോഴും ഗോള്‍ സ്‌കോര്‍ ചെയ്യുക എന്ന് മാത്രമാണ് ലക്ഷ്യം ഉള്ളത്. എന്നാല്‍ മറ്റു താരങ്ങളായ ഹിഗ്വയ്ന്‍, അഗ്യൂറോ, ബെന്‍സിമ, ഇബ്രാഹിമോവിച്ച്, ലെവന്‍ഡോസ്‌കി, സുവാരസ് എന്നിവര്‍ക്കെല്ലാം ടീമുമായി മികച്ച ബന്ധം സ്ഥാപിക്കണമെന്ന് അറിയാമായിരുന്നു. ഫുട്‌ബോളില്‍ ഇവര്‍ക്കെല്ലാം ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും എന്നാല്‍ റൊണാള്‍ഡോ അങ്ങനെയല്ല,’ മുന്‍ ലോസ് ബ്ലാങ്കോസ് താരം പറഞ്ഞു.
സ്പാനിഷ് വമ്പന്മാര്‍ക്കായി അവിസ്മരണീയമായ ഒരു കരിയറായിരുന്നു റൊണാള്‍ഡോ പടുത്തുയര്‍ത്തിയത്. റയലിനായി 438 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ പോര്‍ച്ചുഗീസ് ഇതിഹാസം 450 ഗോളുകളും 131 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്.
ലോസ് ബ്ലാങ്കോസിനൊപ്പം ഒരുപിടി കിരീടനേട്ടങ്ങളില്‍ പങ്കാളിയാവാനും റൊണാള്‍ഡോക്ക് സാധിച്ചിട്ടുണ്ട്. നാല് യുവേഫ ചാമ്പ്യന്‍സ് ലീഗ്, മൂന്ന് വീതം യുവേഫ സൂപ്പര്‍കപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ്, രണ്ട് വീതം ലാ ലീഗ, കോപ്പ ഡെല്‍റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നീ ട്രോഫികളാണ് റൊണാള്‍ഡോ റയലിനൊപ്പം നേടിയത്. 2018ലാണ് റൊണാള്‍ഡോ ലോസ് ബ്ലാങ്കോസിനൊപ്പമുള്ള നീണ്ട കരിയര്‍ അവസാനിപ്പിച്ചുകൊണ്ട് ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിലേക്ക് ചേക്കേറിയത്.
റൊണാള്‍ഡോ നിലവില്‍ സൗദി വമ്പന്മാരായ അല്‍ നസറിന്റെ താരമാണ്. നിലവില്‍ തന്റെ പ്രായത്തെപോലും കാഴ്ചക്കാരനാക്കി കൊണ്ട് മിന്നും പ്രകടങ്ങളാണ് റൊണാള്‍ഡോ നടത്തിക്കൊണ്ടിരിക്കുന്നത്. യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനായി മിന്നും ഫോമിലാണ് റൊണാള്‍ഡോ കളിച്ചത്.
അടുത്തിടെ റൊണാള്‍ഡോ തന്റെ ഫുട്ബോള്‍ കരിയറില്‍ 900 ഒഫീഷ്യല്‍ ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് നടന്നു കയറിയിരുന്നു. യുവേഫ നേഷന്‍സ് ലീഗില്‍ ക്രൊയേഷ്യക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ ഗോള്‍ നേടിയതിന് പിന്നാലെയാണ് റൊണാള്‍ഡോ ഈ ചരിത്രനേട്ടം കൈപ്പിടിയിലാക്കിയത്.
സ്‌കോട്‌ലാന്‍ഡിനെതിരെയുള്ള രണ്ടാം മത്സരത്തിലും റൊണാള്‍ഡോ ഗോള്‍ നേടിയിരുന്നു.
900 ഗോളുകളല്ല ഫുട്‌ബോളില്‍ 1000 ഗോളുകള്‍ നേടുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് റൊണാള്‍ഡോ നേരത്തെ തുറന്നു പറഞ്ഞിരുന്നു.
Content Highlight: Former Real Madrid Player Talks About Cristaino Ronaldo