ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ അവനാണ്; സാന്‍ഡിയാഗോ കാനിറസ്
Sports News
ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ അവനാണ്; സാന്‍ഡിയാഗോ കാനിറസ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 2nd October 2024, 6:59 pm

2024 യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ ജര്‍മന്‍ ക്ലബ്ബ് വി.എഫ്.ബി സ്റ്റുട്ഗാര്‍ട്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു.

മത്സരത്തില്‍ റയല്‍ മാഡ്രിഡിന്റെ ഗോള്‍മുഖത്ത് മിന്നും പ്രകടനമായിരുന്നു ബെല്‍ജിയന്‍ ഗോള്‍കീപ്പര്‍ തിബൗട്ട് കോര്‍ട്ടോയിസ് നടത്തിയത്. ഇപ്പോഴിതാ ബെല്‍ജിയന്‍ ഗോള്‍കീപ്പറുടെ തകര്‍പ്പന്‍ പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചിരിക്കുകയാണ് മുന്‍ റയല്‍ മാഡ്രിഡിന്റെ സ്പാനിഷ് ഗോള്‍കീപ്പര്‍ സാന്‍ഡിയാഗോ കാനിറസ്.

ഫുട്‌ബോളില്‍ ഇതിഹാസ താരങ്ങളായ ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഡീഗോ മറഡോണ എന്നിവരെ പോലെ തന്നെ ഗോള്‍കീപ്പിങ്ങില്‍ കോര്‍ട്ടോയിസ് ആണെന്നാണ് മുന്‍ റയല്‍ താരം പറഞ്ഞത്. മാഡ്രിഡ് യൂണിവേഴ്സലിലൂടെ സംസാരിക്കുകയായിരുന്നു സാന്‍ഡിയാഗോ.

‘ഫുട്‌ബോളിലെ മറഡോണയും മെസിയും റൊണാള്‍ഡോയുമാണ് ഗോള്‍കീപ്പിങ്ങില്‍ കോര്‍ട്ടോയിസ്. ഞാന്‍ കണ്ടിട്ടുള്ളത് വെച്ച് ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ ആണ് അദ്ദേഹം. ഞാന്‍ ഒരു സംശയമില്ലാതെ അവന്റെ പേര് പറയും,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സീസണിലെ റയല്‍ മാഡ്രിഡിന്റെ കിരീടനേട്ടങ്ങളില്‍ നിര്‍ണായകമായ പങ്കുവഹിച്ച താരമാണ് കോര്‍ട്ടോയിസ്. കഴിഞ്ഞ സീസണില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ്, സ്പാനിഷ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ് എന്നീ കിരീടങ്ങള്‍ ആയിരുന്നു റയല്‍ കാര്‍ലോ ആന്‍സലോട്ടിയുടെ കീഴില്‍ നേടിയെടുത്തത്.

 

Content Highlight: Former Real Madrid Goalkeeper Santiago Cañizares praised the Belgian goalkeeper