| Thursday, 19th September 2024, 12:36 pm

റൊണാൾഡോ, മെസി, മറഡോണ എന്നീ താരങ്ങളെ പോലെയാണ് അവൻ: മുൻ റയൽ മാഡ്രിഡ് താരം

സ്പോര്‍ട്സ് ഡെസ്‌ക്

2024 യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ ജര്‍മന്‍ ക്ലബ്ബ് വി.എഫ്.ബി സ്റ്റുട്ഗാര്‍ട്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു.

മത്സരത്തില്‍ റയല്‍ മാഡ്രിഡിന്റെ ഗോള്‍മുഖത്ത് മിന്നും പ്രകടനമായിരുന്നു ബെല്‍ജിയന്‍ ഗോള്‍കീപ്പര്‍ തിബൗട്ട് കോര്‍ട്ടോയിസ് നടത്തിയത്. ഇപ്പോഴിതാ ബെല്‍ജിയന്‍ ഗോള്‍കീപ്പറുടെ തകര്‍പ്പന്‍ പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചിരിക്കുകയാണ് മുന്‍ റയല്‍ മാഡ്രിഡിന്റെ സ്പാനിഷ് ഗോള്‍കീപ്പര്‍ സാന്‍ഡിയാഗോ കാനിറസ്.

ഗോള്‍കീപ്പിങ്ങില്‍ കോര്‍ട്ടോയിസ് ഇതിഹാസ താരങ്ങളായ ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഡീഗോ മറഡോണ എന്നിവരെ പോലെ ആണെന്നാണ് മുന്‍ റയല്‍ താരം പറഞ്ഞത്. മാഡ്രിഡ് യൂണിവേഴ്‌സലിലൂടെ സംസാരിക്കുകയായിരുന്നു സാന്‍ഡിയാഗോ.

‘ഗോള്‍കീപ്പിങ്ങിലെ മറഡോണയും മെസിയും റൊണാള്‍ഡോയുമാണ് കോര്‍ട്ടോയിസ്. ഞാന്‍ കണ്ടിട്ടുള്ളത് വച്ച് ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ ആണ് അദ്ദേഹം. ഞാന്‍ ഒരു സംശയമില്ലാതെ അവന്റെ പേര് പറയും.

കഴിഞ്ഞ സീസണിലെ റയല്‍ മാഡ്രിഡിന്റെ കിരീടനേട്ടങ്ങളില്‍ നിര്‍ണായകമായ പങ്കുവഹിച്ച താരമാണ് കോര്‍ട്ടോയിസ്. കഴിഞ്ഞ സീസണില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ്, സ്പാനിഷ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ് എന്നീ കിരീടങ്ങള്‍ ആയിരുന്നു റയല്‍ കാര്‍ലോ ആന്‍സലോട്ടിയുടെ കീഴില്‍ നേടിയെടുത്തത്.

അതേസമയം മത്സരത്തില്‍ ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതി തുടങ്ങി നിമിഷങ്ങള്‍ക്കകം ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയാണ് റയലിനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 68ാം മിനിട്ടില്‍ ഡെനീസ് ഉൻഡാവിലൂടെ സന്ദര്‍ശകര്‍ തിരിച്ചടിക്കുകയായിരുന്നു.

ഒടുവില്‍ 83ാം മിനിട്ടില്‍ ജര്‍മന്‍ സൂപ്പര്‍താരം അന്റോയിന്‍ റൂഡിഗറിന്റെ ഗോളില്‍ റയല്‍ മത്സരം തിരിച്ചു പിടിക്കുകയായിരുന്നു. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ എന്‍ഡ്രിക് കൂടി ഗോള്‍ നേടിയതോടെ സ്പാനിഷ് വമ്പന്‍മാര്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

വിജയത്തോടെചാമ്പ്യന്‍സ് ലീഗ് പോയിന്റ് ടേബിളില്‍ മൂന്ന് പോയിന്റുമായി അഞ്ചാം സ്ഥാനത്തെത്താനും റയലിന് സാധിച്ചു. സ്പാനിഷ് ലീഗില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയവും രണ്ട് സമനിലയുമായി 11 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ് ലോസ് ബ്ലാങ്കോസ്.

ലാ ലീഗയില്‍ സെപ്റ്റംബര്‍ 22ന് എസ്പാനിയോളിനെതിരെയാണ് റയലിന്റെ അടുത്ത മത്സരം. ലോസ് ബ്ലാങ്കോസിന്റെ തട്ടകമായ സാന്‍ഡിയാഗോ ബെര്‍ണാബ്യൂവാണ് വേദി.

Content Highlight: Former Real Madrid Goal Keeper Praises Thibaut Courtois

We use cookies to give you the best possible experience. Learn more