|

ഏതാണ് ഈ ബുംറ, അവനൊക്കെ എന്ത് കാണിക്കാനാണ്; കോഹ്‌ലിയുടെ പരിഹാസത്തെ കുറിച്ച് ആര്‍.സി.ബി താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകങ്ങളില്‍ ഒരാളാണ് ജസ്പ്രീത് ബുംറ. പേസ് ബൗളിംഗ് സെന്‍സേഷനായി കരിയര്‍ തുടങ്ങി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ബൗളിംഗ് നിരയുടെ കുന്തമുനയായി മാറിയ താരമാണ് ബുംറ.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മറ്റ് യുവതാരങ്ങളെ പോലെ ബുംറയേയും കണ്ടെത്തിയത് ഐ.പി.എല്ലാണ്. ഐ.പി.എല്ലിലൂടെ ഇന്ത്യന്‍ ടീമിലെത്തുകയും പിന്നീടങ്ങോട്ട് ടീമിലെ സ്ഥിരാംഗമാവുകയുമായിരുന്നു ബുംറ.

താരത്തിന്റെ കരിയറിന്റെ തുടക്ക കാലത്ത് സംഭവിച്ച രസകരമായ ഒരു സംഭവത്തെ കുറിച്ച് പറയുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ പാര്‍ത്ഥിവ് പട്ടേല്‍. ബുംറയെ കുറിച്ച താന്‍ വിരാട് കോഹ്‌ലിയോട് പറഞ്ഞതും, അന്ന് കോഹ്‌ലി താരത്തെ പരിഹസിച്ചതുമൊക്കെയാണ് പാര്‍ഥിവ് പറയുന്നത്.

‘2014ലെ ഐപിഎല്ലില്‍ ഞാന്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഭാഗയിരുന്നു. അന്നാണ് ജസ്പ്രീത് ബുംറയെക്കുറിച്ച് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ വിരാട് കോഹ്‌ലിയോട് പറയുന്നത്.

ബുംറയെന്നൊരു പുതിയ ബൗളര്‍ ടീമിലുണ്ടെന്നും ഒരവസരം നല്‍കി നോക്കാവുതാണെന്നും ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. എന്നാല്‍ ‘ഛോഡ് നാ യാര്‍, യേ ബുംറ വുറ ക്യാ കരേംഗേ’ (വിട്ടേക്ക് ഈ ബുംറയൊക്കെ എന്ത് കാണിക്കാനാണ്) എന്ന് പരിഹസിക്കുകയായിരുന്നു കോഹ്‌ലി ചെയ്തത്.

ബുംറയുടെ വളര്‍ച്ചയുടെ തുടക്കം മുതലുള്ള എല്ലാ കാര്യങ്ങളും നേരിട്ടു കണ്ടിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. കരിയറിന്റെ തുടക്കത്തില്‍ അവന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.

എന്നാല്‍ കഠിനാധ്വാനത്തിലൂടെ എല്ലാ പ്രതിസന്ധികളെയും അവന്‍ മറികടക്കുകയായിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ അകമഴിഞ്ഞ സപ്പോര്‍ട്ടും അവന്റെ വളര്‍ച്ചയില്‍ ഏറെ നിര്‍ണായകമായിട്ടുണ്ട്,’ പാര്‍ഥിവ് പറയുന്നു.

തുടക്കത്തില്‍ പരിഹസിച്ചെങ്കിലും ജസ്പ്രീത് ബുംറയെന്ന കുന്തമുനയെ കൃത്യമായി രാകിക്കൂര്‍പ്പിച്ചതും ലക്ഷ്യസ്ഥാനം ഭേദിക്കാന്‍ പ്രാപ്തനാക്കിയതും വിരാട് കോഹ്‌ലിയാണെന്നതില്‍ സംശയമില്ല. വിരാടിന്റെ നേതൃത്വത്തിലാണ് ബുംറ അസൂയാവഹമായ പല നേട്ടങ്ങളും കൈവരിച്ചത്.

അതേസമയം, കഴിഞ്ഞ ദിവസം ഐ.പി.എല്ലില്‍ നടന്ന മുംബൈ ഇന്ത്യന്‍സ് – ദല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തില്‍ ജസ്പ്രീത് അമ്പേ പരാജയപ്പെടുകയായിരുന്നു. 3.2 ഓവറില്‍ 43 റണ്‍സായിരുന്നു താരം വിട്ടുനല്‍കിയത്. മുംബൈയുടെ തോല്‍വിക്ക് ആക്കം കൂട്ടിയതിന്റെ ഒരു കാരണം ബുംറ ബൗളിംഗില്‍ നിരാശപ്പെടുത്തിയത് തന്നെയായിരുന്നു.

Content Highlight:  Former RCB Player Parthiv Patel About Virat Kohli and Jaspreet Bumrah