മുൻ രാജസ്ഥാൻ താരം 14 വർഷങ്ങൾക്ക് ശേഷം വീണ്ടും റോയൽസിന്റെ തട്ടകത്തിലേക്ക് തിരിച്ചെത്തി
Cricket
മുൻ രാജസ്ഥാൻ താരം 14 വർഷങ്ങൾക്ക് ശേഷം വീണ്ടും റോയൽസിന്റെ തട്ടകത്തിലേക്ക് തിരിച്ചെത്തി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 13th September 2024, 1:11 pm

മുന്‍ രാജസ്ഥാന്‍ റോയല്‍സ് പേസര്‍ കമ്രാന്‍ ഖാന്‍ വീണ്ടും രാജസ്ഥാന്റെ തട്ടകത്തില്‍ കളിക്കാന്‍ എത്തുന്നു. ഇത്തവണ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയല്ല കമ്രാന്‍ പന്തെറിയുക, രാജസ്ഥാന്റെ തന്നെ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ കിങ്‌സിന് വേണ്ടിയാണ് കമ്രാന്‍ കളിക്കുക. ഗ്രേറ്റര്‍ നോയിഡയിലെ ഷഹീദ് വിജയ് സിങ് പതിക് സ്‌പോര്‍ട്‌സ് കോംപ്ലക്‌സാണ് ടൂര്‍ണമെന്റിനു വേദിയാവുന്നത്.

വരാനിരിക്കുന്ന പ്രോ ക്രിക്കറ്റ് ലീഗിലായിരിക്കും താരം രാജസ്ഥാന്‍ കിങ്‌സിന് വേണ്ടി കളിക്കുക. കമ്രാന്‍ ഖാന്‍ പ്രോ ക്രിക്കറ്റ് ലീഗിന്റെ ഭാഗമാകുന്നതിന്റെ സന്തോഷം ലീഗിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഗണേഷ് ശര്‍മ പങ്കുവെക്കുകയും ചെയ്തു.

‘പ്രോ ക്രിക്കറ്റ് ലീഗിലേക്ക് കമ്രാനെ ഞങ്ങള്‍ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. കമ്രാന്റെ ഈ തിരിച്ചുവരവ് അദ്ദേഹത്തിന്റെ മടങ്ങിവരവ് മാത്രമല്ല ലീഗിന്റെ സുപ്രധാനമായ ഒരു നിമിഷം കൂടിയാണ്. അദ്ദേഹത്തിന്റെ സ്വാധീനം ലീഗിലെ മത്സരങ്ങളെ മികച്ചതാക്കുകയും ആരാധകരെ വളരെയധികം ആവേശം കൊള്ളിക്കുകയും ചെയ്യും,’ ഗണേഷ് ശര്‍മയെ ഉദ്ധരിച്ച് ഇന്ത്യ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.

2009 മുതല്‍ 2011 വരെയാണ് കമ്രാന്‍ ഐ.പി.എല്ലിന്റെ ഭാഗമായത്. രാജസ്ഥാനായി ഒമ്പത് മത്സരങ്ങളില്‍ നിന്നും ഒമ്പത് വിക്കറ്റുകളാണ് താരം നേടിയത്. രാജസ്ഥാന്‍ റോയല്‍സിന് ശേഷം 2011ല്‍ പൂനെ വാറിയേഴ്‌സ് ഇന്ത്യക്ക് വേണ്ടിയും താരം കളിച്ചു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ടാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ മികച്ച ബൗളിങ് നടത്തികൊണ്ട് രാജസ്ഥാനെ വിജയത്തിലെത്തിക്കാന്‍ കമ്രാന് സാധിച്ചിരുന്നു. ആ മത്സരത്തില്‍ 18 റണ്‍സ് മാത്രം വിട്ടു നല്‍കി മൂന്ന് വിക്കറ്റുകള്‍ ആയിരുന്നു കമ്രാന്‍ സ്വന്തമാക്കിയത്.

 

Content Highlight: Former Rajasthan Royals Player Kamran Khan Back to Play Rajasthan Kings in Pro Cricket League