ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി; രാജ്യത്തിന്റെ വളര്‍ച്ച നിരക്ക് 'ഹിന്ദു റേറ്റിനോടടുക്കുന്നു': രഘുറാം രാജന്‍
national news
ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി; രാജ്യത്തിന്റെ വളര്‍ച്ച നിരക്ക് 'ഹിന്ദു റേറ്റിനോടടുക്കുന്നു': രഘുറാം രാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th March 2023, 10:48 am

ന്യൂദല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചനിരക്ക് അപകടകരമായ രീതിയില്‍ കുറയുകയാണെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. സ്വകാര്യ മേഖലയിലെ നിക്ഷേപം കുറഞ്ഞതും പലിശ നിരക്ക് കൂടിയതും ആഗോള വളര്‍ച്ച നിരക്ക് കുറഞ്ഞതും ഇന്ത്യന്‍ സാമ്പത്തിക രംഗം ‘ഹിന്ദു റേറ്റിനോട്’ അടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തിറക്കിയ കണക്കിന്റെ അടിസ്ഥാനത്തിനാണ് സാമ്പത്തിക വിദഗ്ദന്‍ കൂടിയായ രഘുറാം രാജന്റെ പരാമര്‍ശം. പി.ടി.ഐ.ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

1950 മുതല്‍ 1980 വരെ ഇന്ത്യന്‍ സാമ്പത്തിക രംഗത്തുണ്ടായ കുറഞ്ഞ വളര്‍ച്ചനിരക്കാണ് ഹിന്ദു റേറ്റ് എന്നറിയപ്പെടുന്നത്. ഇക്കാലയളവില്‍ നാല് ശതമാനമായിരുന്നു ഇന്ത്യയുടെ വളര്‍ച്ചനിരക്ക്. മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയെ സൂചിപ്പിക്കാനായി 1978ല്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ രാജ് കൃഷ്ണയാണ് ‘ഹിന്ദു റേറ്റെന്ന’ പദം ആദ്യമായി ഉപയോഗിച്ചത്.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍(ഒക്ടോബര്‍-ഡിസംബര്‍) ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ 4.4 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടാം പാദ(ജൂലൈ-സെപ്റ്റംബര്‍)ത്തില്‍ ഇത് 6.3 ശതമാനമായിരുന്നു. ഒന്നാം പാദത്തില്‍ ജി.ഡി.പി 13.2 ശതമാനമുണ്ടായിരുന്നു.

ഓരോ പാദത്തിലും ജി.ഡി.പിയിലും വളര്‍ച്ചാ നിരക്കിലും കുറവാണ് രേഖപ്പെടുത്തുന്നത്. ഈ അവസ്ഥ തുടര്‍ന്നാല്‍ 1950കളില്‍ രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘രാജ്യത്തിന്റെ ജി.ഡി.പിയില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടരുന്ന കുറവിനെ വളരെ ആശങ്കയോടെയാണ് കാണേണ്ടത്. സ്വകാര്യ നിക്ഷേപകര്‍ മാര്‍ക്കറ്റില്‍ പണമിറക്കാന്‍ തയ്യാറാവുന്നില്ല, റിസര്‍വ് ബാങ്ക് പലിശ നിരക്ക് കൂട്ടിക്കൊണ്ടിരിക്കുന്നു.

കഴിഞ്ഞ വര്‍ഷം ആഗോള സാമ്പത്തിക വളര്‍ച്ചയിലും വലിയ കുറവ് കാണാന്‍ സാധിക്കും. ഈ സാഹചര്യത്തില്‍ നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച പിടിച്ച് നിര്‍ത്താന്‍ മറ്റുപല പദ്ധതികളും ആസൂത്രണം ചെയ്യേണ്ടി വരും,’ രഘുറാം രാജന്‍ പറഞ്ഞു.

‘നമ്മള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ വളര്‍ച്ച എവിടെ എത്തിനില്‍ക്കുമെന്നതാണ്. കഴിഞ്ഞ വര്‍ഷം അഞ്ച് ശതമാനം എങ്കിലും എത്താന്‍ കഴിഞ്ഞത് ഭാഗ്യമായാണ് കരുതേണ്ടത്. ഈ വര്‍ഷത്തിലേത് 4.4 ലേക്ക് കുറഞ്ഞിരിക്കുന്നു.

ഈ അവസ്ഥ തുടര്‍ന്നാല്‍ ഹിന്ദു റേറ്റിലേക്ക് കാര്യങ്ങള്‍ എത്തും. ആര്‍.ബി.ഐ.യുടെ കണക്ക് പ്രകാരം 4.2 ശതമാനം വളര്‍ച്ചയാണ് അവസാന പാദത്തില്‍ നേടാനായത്. ഇത് കൊവിഡ് കാലത്ത് രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് തുല്യമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമ്പത്തിക രംഗത്ത് ഉണര്‍വ് സൃഷ്ടിക്കാനും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlight: Former R.B.I governer Raguram rajan comment on National GDP