അമൃത്സര്‍: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ശരോമണി അകാലിദള്‍ മുതിര്‍ന്ന നേതാവുമായ പ്രകാശ് സിംഗ് ബാദല്‍. കൂടിയാലോചന, അനുരഞ്ജനം, പൊതു സമ്മതത്തോടെ എടുത്ത തീരുമാനം എന്നിവയെല്ലാം ജനാധിപത്യത്തിന്റെ അടിത്തറയാണ്.
കര്‍ഷകരും സ്‌റ്റേക് ഹോള്‍ഡേഴ്‌സുമടക്കമുള്ളവരുമായുള്ള ഒരുമിച്ചുള്ള ചര്‍ച്ചകളിലൂടെയേ പ്രശ്‌നം പരിഹരിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.
‘കൂടിയാലോചനയിലൂടെയുള്ള ചര്‍ച്ചകള്‍ അനുരഞ്ജനത്തിലേക്ക് നയിക്കും. അനുരഞ്ജന നടപടികള്‍ ഇപ്പോള്‍ സര്‍ക്കാരും കര്‍ഷകരും തമ്മില്‍ ഉണ്ടായിരിക്കുന്ന തരത്തിലുള്ള സംഘട്ടനങ്ങള്‍ ഉണ്ടാവുന്നത് എക്കാലത്തും ഒഴിവാക്കാന്‍ സഹായിക്കും,’ ബാദല്‍ പറഞ്ഞു.
താന്‍ അടിയന്തരാവസ്ഥക്കാലത്ത് ഏകാധിപത്യത്തിനെതിരെ യുദ്ധം ചെയ്തയാളാണെന്നും ബാദല്‍ കത്തില്‍ പറഞ്ഞു.
‘അടിയന്തരാവസ്ഥക്കാലത്ത് ഏകാധിപത്യത്തിനെതിരെ യുദ്ധം ചെയ്തയാളാണ് ഞാന്‍. ജനാധിപത്യമൂല്യങ്ങളോടുള്ള ബഹുമാനം വളരെ സങ്കീര്‍ണമായ പ്രശ്‌നങ്ങളില്‍ നിന്നും പുറത്ത് കടക്കുന്നതില്‍ നിന്നും സഹായിക്കുമെന്നാണ് എന്റെ പരിചയസമ്പത്ത് എന്നെ പഠിപ്പിച്ചത്,’ അദ്ദേഹം എഴുതി.
കര്‍ഷകര്‍ ഒന്നടങ്കം കാര്‍ഷിക നിയമത്തിനെതിരെ നില്‍ക്കുമ്പോഴും കേന്ദ്രം സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ പോലും തയ്യാറാകാത്തതെന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
ഇപ്പോഴുണ്ടായിരിക്കുന്ന മുറിവുണങ്ങാന്‍ കാലമേറെയെടുക്കുമെന്നും അദ്ദേഹം കത്തിലെഴുതി. മോദിയെ വിമര്‍ശിച്ച അദ്ദേഹം അടല്‍ ബിഹാരി വാജ്‌പേയ്‌യെ പുകഴ്ത്തിയും സംസാരിച്ചു.
കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് പ്രകാശ് സിംഗ് ബാദല്‍ പദ്മ വിഭൂഷണ്‍ തിരിച്ച് നല്‍കുകയാണെന്ന് അറിയിച്ചിരുന്നു. കാര്‍ഷികനിയമത്തില്‍ കേന്ദ്രവുമായി വിയോജിച്ചാണ് ശിരോമണി അകാലിദള്‍ എന്‍.ഡി.എ യില്‍ നിന്ന് പുറത്ത് പോന്നത്.
അതേസമയം ദല്‍ഹിയില്‍ കര്‍ഷകര്‍ ശക്തമായി പ്രതിഷേധത്തിലാണ്. ഡിസംബര്‍ എട്ടിന് കര്‍ഷകര്‍ രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ആ ദിവസം പഞ്ചാബിലെ ഹോട്ടലുകളും റസ്റ്റോറന്റുകളും റിസോര്‍ട്ടുകളും ബാറുകളും തുടങ്ങി അസോസിയേഷന് കീഴിലുള്ള ഒരു സംസ്ഥാപനവും തുറന്നു പ്രവര്‍ത്തിക്കില്ലെന്നാണ് അറിയിച്ചിട്ടുള്ളത്.
നേരത്തെ തന്നെ ഭാരത് ബന്ദിന് പിന്തുണയുമായി ട്രാന്‍സ്പോര്‍ട്ട് സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ദല്‍ഹി ചരക്ക് ഗതാഗത അസോസിയേഷനും ഇന്ത്യാ ടൂറിസ്റ്റ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനുമാണ് കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
‘ഒരച്ഛന്റെ രണ്ട് മക്കളെപ്പോലെയാണ് കൃഷിയും ഗതാഗതവും. ഭാരത് ബന്ദിന് 51 ട്രാന്‍സ്പോര്‍ട്ട് യൂണിയനുകളുടെ പിന്തുണയുണ്ടാകും’, ഇന്ത്യാ ടൂറിസ്റ്റ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ പ്രസിഡണ്ട് സതീഷ് സെഹ്റാവത് പറഞ്ഞു.
തങ്ങളുടെ ബിസിസനിന്റെ വേരുകളാണ് കര്‍ഷകരെന്നായിരുന്നു ദല്‍ഹി ചരക്ക് ഗതാഗത അസോസിയേഷന്‍ പ്രസിഡണ്ട് പര്‍മീത് സിംഗ് പറഞ്ഞത്. സമരം ചെയ്യുന്നവര്‍ തങ്ങളുടെ സഹോദര്‍മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ കര്‍ഷക സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ആദ്യം ഉത്തരേന്ത്യയിലും പിന്നീട് രാജ്യവ്യാപകമായും ചരക്ക് ഗതാഗതം സ്തംഭിപ്പിക്കുമെന്ന് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് (എ.ഐ.എം.ടി.സി) അറിയിച്ചിരുന്നു. ആദ്യഘട്ടമെന്ന നിലയില്‍ ഡിസംബര്‍ എട്ടിന് പണിമുടക്കുമെന്നും എ.ഐ.എം.ടി.സി അറിയിച്ചിട്ടുണ്ട്.
‘ഡിസംബര്‍ എട്ട് മുതല്‍ ഉത്തരേന്ത്യയിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഞങ്ങള്‍ അവസാനിപ്പിക്കും. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ രാജ്യവ്യാപകമായി ഞങ്ങളുടെ ചരക്ക് വാഹനങ്ങള്‍ പണിമുടക്കും’, എ.ഐ.എം.ടി.സി പ്രസിഡണ്ട് കുല്‍തരാന്‍ സിംഗ് അത്വാല്‍ പറഞ്ഞു.
കര്‍ഷകര്‍ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം ചെയ്യുന്നതെന്നും എ.ഐ.എം.ടി.സി പ്രസ്താവനയില്‍ പറയുന്നു. ചരക്ക് ഗതാഗതം പോലെ ഇന്ത്യയുടെ നട്ടെല്ലാണ് കൃഷിയെന്നും എ.ഐ.എം.ടി.സി പറഞ്ഞു.
ഡിസംബര്‍ 8ന് നടക്കുന്ന കര്‍ഷക ബന്ദിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, സി.പി.ഐ.എം, ഡി.എം.കെ, ആം ആദ്മി, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, സമാജ്വാദി പാര്‍ട്ടി, ടി.ആര്‍.എസ് തുടങ്ങിയ പാര്‍ട്ടികളാണ് പിന്തുണ അറിയിച്ചത്.
ദല്‍ഹി അതിര്‍ത്തികളില്‍ പതിനൊന്ന് ദിവസത്തിലേറെയായി കര്‍ഷക സമരം തുടരുകയാണ്. പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിര കണക്കിന് കര്‍ഷകരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. പ്രതിഷേധക്കാരുമായി കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
മൂന്ന് നിയമത്തിലും ഭേദഗതി കൊണ്ടുവരുമെന്നും താങ്ങുവില ഉറപ്പാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് കര്‍ഷകര്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക