പട്യാല: കോണ്‍ഗ്രസ് ഹൈക്കമാന്റുമായി കലഹിക്കുകയും പാര്‍ട്ടി വിട്ട് പുറത്തുപോവുകയും ചെയ്ത മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന് കനത്ത തിരിച്ചടി.
സിറ്റിംഗ് സീറ്റില്‍ നാലാമതായാണ് അമരീന്ദര്‍ തെരഞ്ഞെടുപ്പില്‍ പിന്നിട്ട് നില്‍ക്കുന്നത് എന്ന വാര്‍ത്തകളാണ് ഒടുവില്‍ വരുന്ന ഫലസൂചനകള്‍ വ്യക്തമാക്കുന്നത്.
കോണ്‍ഗ്രസുമായി പടവെട്ടി പുറത്തുപോയ ശേഷം പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ബി.ജെ.പിക്കൊപ്പം സഖ്യം ചേര്‍ന്നതിനും പിന്നാലെയാണ് അമരീന്ദറിന് ദുരവസ്ഥ ഉണ്ടായിരിക്കുന്നത്.
പഞ്ചാബിലെ രാജകുടുംബാംഗമായ അമരീന്ദറിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഏറെ സ്വാധീനമുള്ള മേഖലയായ പട്യാലയില്‍ തന്നെയാണ് അമരീന്ദര്‍ അടി തെറ്റി വീണിരിക്കുന്നത്. തന്റെ ശക്തികേന്ദ്രത്തില്‍ നിന്നുതന്നെ ഇത്തരമൊരു തിരിച്ചടി ലഭിക്കുമെന്ന് ക്യാപ്റ്റന്‍ സ്വപ്‌നത്തില്‍ പോലും കരുതിക്കാണില്ല.
പഞ്ചാബില്‍ ആം ആദ്മിയുടെ പടയോട്ടത്തില്‍ തന്നെയാണ് ക്യാപ്റ്റനും വീണുപോയത്. ഉജ്ജ്വല മുന്നേറ്റം കാഴ്ച വെക്കുന്ന എ.എ.പി ദല്‍ഹിക്ക് പുറത്തേക്കും തങ്ങളുടെ കര്‍മ ഭൂമിക വികസിപ്പിക്കാനായതിന്റെ ആവേശത്തിലാണ്.
അതേസമയം, പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും പി.സി.സി അധ്യക്ഷന്‍ നവ്‌ജോത് സിംഗ് സിദ്ദുവും പിന്നിലാണ്. മത്സരിച്ച രണ്ട് സീറ്റിലും ചന്നി പിന്തള്ളപ്പെടുമ്പോള്‍ കോണ്‍ഗ്രസിന്റെ ശക്തിദുര്‍ഗത്തില്‍ നിന്നുതന്നെയാണ് സിദ്ദുവിന് തിരിച്ചടി നേരിട്ടിരിക്കുന്നത്.
59 സീറ്റാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. നിലവില്‍ 88 സീറ്റുകളില്‍ മുന്നേറുകയാണ് ആം ആദ്മി പാര്‍ട്ടി.
നിലവില്‍ ആം ആദ്മി ആസ്ഥാനങ്ങളില്‍ വിജയാഘോഷവും തുടങ്ങിയിരിക്കുകയാണ്. ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഭഗവന്ത് മനിന്റെ വസതിക്ക് മുമ്പില്‍ അണികള്‍ ആഘോഷ പ്രകടനം നടത്തുകയാണ്.
വോട്ടെണ്ണലിന്റെ തുടക്കത്തില്‍ തന്നെ ആം ആദ്മി പാര്‍ട്ടി കൃത്യമായ ലീഡ് നിലനിര്‍ത്തിപ്പോന്നിരുന്നു. എന്നാല്‍ തുടക്കം മുതലേ കോണ്‍ഗ്രസിന് കാലിടറുന്ന കാഴ്ചയായിരുന്നു കണ്ടത്.
117 സീറ്റില്‍ നിലവില്‍ 88 സീറ്റില്‍ ആം ആദ്മിയും 13 സീറ്റില്‍ കോണ്‍ഗ്രസും അഞ്ച് സീറ്റില്‍ ബി.ജെ.പിയുമാണ് ലീഡ് ചെയ്യുന്നത്. പത്ത് സീറ്റുകളില്‍ ശിരോമണി അകാലി ദളും ലീഡ് ചെയ്യുന്നുണ്ട്.
Content Highlight: Former Punjab CM Amarinder Singh Trailing in Fourth in Patyala Urban, Punjab