| Wednesday, 5th January 2022, 6:38 pm

മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും സമ്പൂര്‍ണ പരാജയം; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് അമരീന്ദര്‍ സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കര്‍ഷര്‍ വഴിയില്‍ തടഞ്ഞതില്‍ പഞ്ചാബ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്.

നിയമവ്യവസ്ഥയുടെ സമ്പൂര്‍ണ പരാജയമാണ് പഞ്ചാബില്‍ ഉണ്ടായിരിക്കുന്നതെന്നും പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ സാധിക്കാത്തത് വലിയ സുരക്ഷാ വീഴ്ചയാണെന്നുമായിരുന്നു അമരീന്ദര്‍ പറഞ്ഞത്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ആ സ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്നും രാജിവെച്ച് പുറത്ത്ത പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്വിറ്ററിലൂടെയായിരുന്നു അമരീന്ദറിന്റെ പ്രതികരണം.

‘നിയമവ്യവസ്ഥയുടെ സമ്പൂര്‍ണ പരാജയമാണ് പഞ്ചാബില്‍ ഉണ്ടായിരിക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രത്യേകിച്ചും പരാജയം തന്നെ. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ സാധിക്കാത്ത നിങ്ങള്‍ക്കൊന്നും ആ സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ല. രാജിവെക്കൂ,’ എന്നാണ് അമരീന്ദര്‍ ട്വീറ്റ് ചെയ്തത്.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയുടെ സഖ്യകക്ഷി കൂടിയായ അമരീന്ദറിന്റെ പ്രതികരണം.

Punjab Chief Minister Amarinder Singh asks farmers not to disrupt state's telecom services

തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചരണത്തിനെത്തിയ പ്രധാനമന്ത്രിയെയാണ് കര്‍ഷകര്‍ തടഞ്ഞത്. ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെയുള്ള ഫ്ളൈ ഓവറില്‍ വെച്ചായിരുന്നു കര്‍ഷകര്‍ അദ്ദേഹത്തെ തടഞ്ഞത്.

പതിനഞ്ച് മിനിറ്റോളം കര്‍ഷകരുടെ പ്രതിഷേധത്തിനെ തുടര്‍ന്ന് പ്രധാനമന്ത്രിയും സംഘവും ഫ്ളൈഓവറില്‍ കുടുങ്ങി. തുടര്‍ന്ന് പഞ്ചാബില്‍ നടത്താനിരുന്ന മോദിയുടെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി.

മോശം കാലാവസ്ഥയെ തുടര്‍ന്നാണ് റാലി റദ്ദാക്കിയതെന്നാണ് നല്‍കുന്ന വിശദീകരണം. ഞായറാഴ്ച ലഖ്നൗവില്‍ നടത്താനിരുന്ന റാലിയും റദ്ദാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വാഹനം തടഞ്ഞതില്‍ പഞ്ചാബിന് വന്‍ സുരക്ഷാ വീഴ്ച ഉണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

ഹെലികോപ്റ്റര്‍ മാര്‍ഗം പോകാനായിരുന്നു ആദ്യം മോദി ശ്രമിച്ചത്. എന്നാല്‍ മഴയെ തുടര്‍ന്ന് റോഡ് മാര്‍ഗം യാത്ര തിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. റോഡ് മാര്‍ഗം പോകാന്‍ കഴിയുമെന്ന പഞ്ചാബ് പൊലീസിന്റെ ഉറപ്പിനെ തുടര്‍ന്നാണ് യാത്ര തിരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനം, കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതിന് ശേഷം ആദ്യമായിട്ടായിരുന്നു മോദി പഞ്ചാബിലെത്തിയത്.

എന്നാല്‍ തെരഞ്ഞെടുപ്പ് റാലിക്ക് മുമ്പ് ഫിറോസ്പൂരിലെ വേദിയിലേക്ക് നയിക്കുന്ന മൂന്ന് അപ്രോച്ച് റോഡുകള്‍ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി (കെ.എം.എസ്.സി) അംഗങ്ങള്‍ തടഞ്ഞിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് ജനുവരി 15 ന് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്താമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Former Punjab Chief Minister Amarinder Singh slammed the state’s Charanjit Singh Channi government over Prime Minister Narendra Modi’s security lapse

We use cookies to give you the best possible experience. Learn more