| Friday, 21st April 2023, 7:32 pm

ടീമിന്റെ തോല്‍വിയുടെ പ്രതീകം, അവരെ ഒരു ദാക്ഷിണ്യവുമില്ലാതെ പുറത്താക്കണം; മെസിയുടെ കരാര്‍ പുതുക്കരുത്, റാമോസിനെയും വേണ്ട; മുറവിളി കൂട്ടി മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

പി.എസ്.ജിയില്‍ സമ്പൂര്‍ണ മാറ്റങ്ങള്‍ക്കായി ആവശ്യപ്പെട്ട് മുന്‍ പി.എസ്.ജി വിങ്ങറായ ജെറോം റോഥന്‍. മാര്‍ക്വിന്യോസിനെയും മാര്‍കോ വെറാട്ടിയെയും നെയ്മറിന് മുമ്പ് തന്നെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ട റോഥന്‍ മെസിയുടെ കരാര്‍ പുതുക്കരുതെന്നും ആവശ്യപ്പെട്ടു.

ആര്‍.എം.സി സ്‌പോര്‍ട്ടിലെ തന്റെ സെഗ്മെന്റിലാണ് റോഥന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. നെയ്മറിന്റെ ട്രാന്‍സ്ഫര്‍ ഒരുപക്ഷേ ടീമിന് ബുദ്ധിമുട്ടുട്ടാക്കിയേക്കാമെന്നും എന്നാല്‍ മാര്‍ക്വിന്യോസിന്റെയും വെറാട്ടിയുടെയും ട്രാന്‍സ്ഫര്‍ ഒരിക്കലും അത്തരത്തിലുള്ളതല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘നിലവിലെ സാഹചര്യത്തില്‍ നെയ്മറിനെ പോകാന്‍ അനുവദിക്കുന്നത് കാര്യങ്ങള്‍ വളരെയേറെ സങ്കീര്‍ണമാക്കും. എല്ലാത്തിനുമുപരിയായി ഇത് സമയം മെനക്കെടുത്തല്‍ മാത്രമാകും. കാരണം ലോക്കര്‍ റൂമില്‍ പ്രകടമായ മാറ്റങ്ങള്‍ കൊണ്ടുവരണമെങ്കില്‍ നെയ്മറിന്റെ പല സഖ്യങ്ങളും തകരണം, പലരെയും ഒരു ദാക്ഷിണ്യവും കൂടാതെ പുറത്താക്കേണ്ടി വരും. ഉദാഹരണമായി വെറാട്ടി.

ഇതുപോലെ മറ്റുപലരുമുണ്ട്. ലയണല്‍ മെസി അദ്ദേഹത്തിന്റെ കരാറിന്റെ അവസാനഘട്ടത്തിലാണ്. അതൊരിക്കലും പുതുക്കാന്‍ പാടില്ല. ഇതുപോലെ സെര്‍ജിയോ റാമോസും കരാറിന്റെ അവസാന ഘട്ടത്തിലാണ്. ഞാന്‍ ഇവരെ കൂടുതല്‍ പരിശോധിക്കും, അത് കുറച്ചുകൂടി പ്രായോഗികമാണ്.

വെറാട്ടിയെ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ വെച്ചേക്കുക. എനിക്ക് തോന്നുന്നത് അവനെ വാങ്ങാനായി ക്ലബ്ബുകള്‍ രംഗത്തെത്തുമെന്ന് തന്നെയാണ്. മാര്‍ക്വിന്യോസിന്റെ കാര്യവും അതുപോലെ തന്നെ.

ഞാനിത് പറയുമ്പോള്‍ അല്‍പം കഠിനമായി തോന്നാം, കാരണം അവന്‍ നിങ്ങളുടെ ക്യാപ്റ്റനാണ്. പക്ഷേ ഇവര്‍ യൂറോപ്യന്‍ കപ്പില്‍ പി.എസ്.ജിയുടെ പരാജയത്തിന്റെ പ്രതീകങ്ങളാണ്,’ അദ്ദേഹം പറഞ്ഞു.

നിലവില്‍ പരിക്കിന്റെ പിടിയലകപ്പെട്ട നെയ്മറിന് സീസണ്‍ പൂര്‍ണമായും നഷ്ടമാകും. ഈ സീസണോടെ അദ്ദേഹം ടീം വിട്ടേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

പി.എസ്.ജിയില്‍ തന്റെ കരാറിന്റെ അവസാനത്തേക്കെത്തിയ മെസി ഫ്രഞ്ച് വമ്പന്‍മാരുമായി കരാര്‍ പുതുക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ലാ ലീഗയിലെ തന്റെ പഴയ കളിത്തട്ടകമായ ബാഴ്‌സയിലേക്ക് താരം മടങ്ങിയെത്തിയേക്കുമെന്ന് വിവിധ റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നുണ്ട്.

Content Highlight: Former PSG superstar Jerome Rothen demanding changes in the team

We use cookies to give you the best possible experience. Learn more