ആരാണ് മികച്ചത്, ക്രിസ്റ്റിയാനോ റൊണാള്‍ഡോയോ അതോ ലയണല്‍ മെസിയോ? മോഡേണ്‍ ഡേ ഫുട്‌ബോളില്‍ അവസാനമില്ലതെ തുടരുന്ന തര്‍ക്കങ്ങളിലൊന്നാണ് ഇത്. മറഡോണയടക്കമുള്ള പല സൂപ്പര്‍ താരങ്ങളും മെസി vs റൊണാള്‍ഡോ ഡിബേറ്റില്‍ മെസിയെ പിന്തുണക്കുമ്പോള്‍ പെലെയടക്കമുള്ളവരുടെ ചോയ്‌സ് റൊണാള്‍ഡോയാണ്.
പി.എസ്.ജിയില്‍ മെസിയുടെ സഹതാരവും ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ മെസിയുടെ എതിരാളിയുമായ ഫ്രാന്‍സിന്റെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഈ തര്‍ക്കത്തില്‍ റൊണാള്‍ഡോക്കൊപ്പമാണെന്ന് പറയുകയാണ് മുന്‍ പി.എസ്.ജി താരം അബ്ദൗ ഡിയാലോ.
റൊണാള്‍ഡോയോട് അതിരില്ലാത്ത സ്‌നേഹമാണ് എംബാപ്പെക്കുള്ളതെന്നാണ് ഡിയാലോ പറയുന്നത്. നേരത്തെ മെസിക്കും എംബാപ്പെക്കുമൊപ്പം പി.എസ്.ജിയില്‍ കളിച്ചിരുന്ന ഡിയാലോ നിലവില്‍ ലോണ്‍ അടിസ്ഥാനത്തില്‍ റെഡ്ബുള്‍ ലെപ്‌സിഗിന് വേണ്ടിയാണ് കളിക്കുന്നത്.
മെസി vs റൊണാള്‍ഡോ തര്‍ക്കത്തില്‍ എംബാപ്പെ എപ്പോഴും റൊണാള്‍ഡോക്ക് വേണ്ടി വാദിക്കുമെന്നും ഏറ്റവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും അദ്ദേഹത്തിന് വേണ്ടി തര്‍ക്കിക്കുമെന്നും ഡിയാലോ പറയുന്നു.
ഡെയ്‌ലി മെയ്‌ലിന് നല്‍കിയ അഭിമുഖത്തിലാണ് ഡിയാലോ ഇക്കാര്യം പറയുന്നത്.
‘എംബാപ്പെയെ സംബന്ധിച്ച് സര്‍വതും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ-ലയണല്‍ മെസി ഡിബേറ്റില്‍ അവന്‍ ഏറ്റവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ക്രിസ്റ്റിയാനോക്ക് വേണ്ടി വാദിക്കും. അവനെ സംബന്ധിച്ച് ക്രിസ്റ്റിയാനോ തൊടാന്‍ പോലുമാകാത്ത ഉയരത്തിലാണ്,’ ഡിയാലോ പറയുന്നു.
ക്രിസ്റ്റ്യാനോയെ തന്റെ റോള്‍ മോഡലാക്കിയാണ് എംബാപ്പെ പന്തുതട്ടിയിരുന്നത്. തന്റെ കിടപ്പുമുറിയില്‍ റൊണാള്‍ഡോയുടെ നിരവധി പോസ്റ്ററുകളും എംബാപ്പെ പതിച്ചിരുന്നു.
അതേസമയം, ഡിസംബര്‍ 18ന് എംബാപ്പെ തന്റെ കരിയറിലെ രണ്ടാം ലോകകപ്പ് ഫൈനലിനിറങ്ങുകയാണ്. 2018 റഷ്യ ലോകകപ്പിന്റെ ഫൈനലില്‍ ക്രൊയേഷ്യയെ തകര്‍ത്ത് ഫ്രാന്‍സ് ചാമ്പ്യന്‍മാരായപ്പോള്‍ അതിന്റെ മുന്നണിയില്‍ എംബാപ്പെയുമുണ്ടായിരുന്നു.