ഫുട്ബോളില്‍ യുവതാരങ്ങള്‍ പല റെക്കോഡുകളും സ്വന്തമാക്കുമെങ്കിലും ഇതിഹാസ താരം ലയണല്‍ മെസിയുടെ തട്ട് താണ് തന്നെ കിടക്കുമെന്ന് മുന്‍ പി.എസ്.ജി താരം മാക്സ്വെല്‍. പാരീസില്‍ മെസി അവഗണന നേരിടുന്നിതിനിടയിലാണ് താരത്തെ പ്രശംസിച്ച് മാക്സ്വെല്‍ സംസാരിച്ചത്.
കിലിയന്‍ എംബാപ്പെയെക്കാള്‍ മെസിയാണ് മികച്ചതെന്നും അദ്ദേഹം പറഞ്ഞു. മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍താരം എര്‍ലിങ് ഹാലണ്ടിനൊപ്പം അടുത്ത പത്ത് വര്‍ഷം ഫുട്ബോളില്‍ തിളങ്ങി നില്‍ക്കാന്‍ പോകുന്ന താരമാണ് എംബാപ്പെയെന്നും എന്നാല്‍ മെസിയുടെ തട്ട് ഇവര്‍ക്കിടയില്‍ താണുതന്നെ കിടക്കുമെന്നും മാക്സ്വെല്‍ പറഞ്ഞു. ഫ്രഞ്ച് മീഡിയ ഔട്ലെറ്റായ കനാല് പ്ലസിനോടാണ് മാക്സ്വെല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘എന്നെ സംബന്ധിച്ച് മെസിയാണ് എക്കാലത്തെയും മികച്ച ഫുട്ബോളര്‍. എന്നാല്‍ എര്‍ലിങ് ഹാലണ്ടിനെ കുറിച്ച് പറയുന്നത് പോലെ അടുത്ത പത്ത് വര്‍ഷം ഫുട്ബോളില്‍ തിളങ്ങി നില്‍ക്കാന്‍ പോകുന്ന താരമാണ് എംബാപ്പെ. ഈ രണ്ട് താരങ്ങള്‍ക്കും ഭാവിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും മെസിയുടെയും സ്ഥാനം കവര്‍ന്നെടുക്കാനുള്ള കഴിവും മികവുമുണ്ട്. തള്ളിക്കളയാനാകാത്ത പ്രതിഭയുള്ള താരമാണ് എംബാപ്പെ,’ മാക്സ്വെല്‍ പറഞ്ഞു.
അതേസമയം, ലയണല്‍ മെസി അമേരിക്കന്‍ മണ്ണില്‍ പന്ത് തട്ടിത്തുടങ്ങിയതോടെ മേജര്‍ ലീഗ് സോക്കറിന്റെ പ്രശസ്തി പതിന്‍മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. ഇന്റര്‍ മയാമിയെന്ന ക്ലബ്ബും എം.എല്‍.എസും യൂറോപ്പിലെ ഫുട്ബോള്‍ വിചക്ഷണന്‍മാരുടെ പ്രധാന ചര്‍ച്ചാ വിഷയമായും മാറിയിരിക്കുകയാണ്.
എം.എല്‍.എസില്‍ ഇന്റര്‍ മയാമിക്കായി നടത്തിയ അരങ്ങേറ്റ മത്സരം ഉള്‍പ്പെടെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും മെസി ഗോള്‍ നേടിയിരിക്കുകയാണ്.
ഒര്‍ലാന്‍ഡോ സിറ്റിക്കെതിരെ നടന്ന മത്സരത്തില്‍ രണ്ട് ഗോളുകളാണ് മെസി വലയിലെത്തിച്ചത്. ഇതോടെ മയാമിക്കായി കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളും ഒരു അസിസ്റ്റുമാണ് മെസിയുടെ സമ്പാദ്യം.
Content Highlights: Former PSG player Maxwell praises Lionel Messi