അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെ നഷ്ടപ്പെടുക എന്നതില്‍പരം എന്ത് നാണക്കേടാണ് പി.എസ്.ജിക്ക് വരാനുള്ളതെന്ന് മുന്‍ പി.എസ്.ജി താരവും ഫ്രഞ്ച് ഫുട്‌ബോള്‍ മാനേജറുമായ ക്ലോഡ് മാക്കെലേലി. കഴിവും പ്രശസ്തിയുമുള്ള താരത്തെ വിമര്‍ശിക്കപ്പെടുന്നത് കാണുമ്പോള്‍ വേദനിക്കുന്നുണ്ടെന്നും മെസി നിലനിര്‍ത്താന്‍ എന്താണ് ചെയ്യേണ്ടതെന്ന് പി.എസ്.ജിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. ടി.വൈ.സി സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മാക്കെലേലി ഇക്കാര്യം പറഞ്ഞത്.
‘സത്യം പറഞ്ഞാല്‍ പി.എസ്.ജിയുടെ പ്രതികരണം എന്നെ നിരാശപ്പെടുത്തിയിരുന്നു. ക്ലബ്ബിന്റെയും ലീഗ് വണ്ണിന്റെയും വളര്‍ച്ചക്ക് ടോപ് ലെവലിലുള്ള കളിക്കാര്‍ നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ മെസിയെ നിലനിര്‍ത്താന്‍ എന്താണ് ചെയ്യേണ്ടതെന്ന് പി.എസ്.ജിക്ക് അറിയാമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
കഴിവും ലോകോത്തര പ്രശസ്തിയുമുള്ള ഒരു താരങ്ങള്‍ വിമര്‍ശിക്കപ്പെടുന്നത് കാണുന്നത് ഖേദകരമാണ്. താരങ്ങള്‍ക്ക് ശിക്ഷ നടപ്പാക്കാന്‍ മറ്റ് മാര്‍ഗങ്ങളുണ്ട്. മെസിയെ പോലൊരു താരത്തെ നഷ്ടപ്പെടുത്തുന്നതിലും വലിയ നാണക്കേട് പി.എസ്.ജിക്ക് ഇനി വരാനില്ല,’ മാക്കലേലി പറഞ്ഞു.
2021ലാണ് മെസി ബാഴ്‌സലോണയില്‍ നിന്ന് പി.എസ്.ജിയിലെത്തിയത്. വേജ് ക്യാപ് റൂള്‍സ് പ്രകാരം താരവുമായുള്ള കരാര്‍ ബാഴ്‌സക്ക് സാധിക്കാത്തതിനാലാണ് മെസി ബ്ലൂഗ്രാനയില്‍ നിന്ന് പടിയിറങ്ങിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പി.എസ്.ജിക്കായി ഇതുവരെ കളിച്ച 71 മത്സരങ്ങളില്‍ നിന്ന് 31 ഗോളും 34 അസിസ്റ്റുകളുമാണ് മെസിയുടെ സമ്പാദ്യം. ഈ സീസണില്‍ മാത്രം 37 മത്സരങ്ങളില്‍ നിന്ന് 20 ഗോളും 19 അസിസ്റ്റുകളും പേരിലാക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
അതേസമയം, പി.എസ്.ജി ലയണല്‍ മെസിക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന രണ്ടാഴ്ച്ചത്തെ വിലക്ക് പിന്‍വലിച്ചു. ക്ലബ്ബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതിനാണ് താരത്തെ 14 ദിവസത്തേക്ക് മത്സരങ്ങളില്‍ പരിശീലനത്തില്‍ നിന്നും വിട്ടുനിര്‍ത്തിയത്.
തിങ്കളാഴ്ച്ചയോടെ മെസി ക്യാമ്പില്‍ പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ പി.എസ്.ജി തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെക്കുകയായിരുന്നു. ലീഗ് വണ്ണില്‍ ടോയെസിനെതിരായ മത്സരത്തിന് പിന്നാലെയായിരുന്നു ഇത്. മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയിക്കാന്‍ പി.എസ്.ജിക്ക് സാധിച്ചിരുന്നു.
Content Highlights: Former PSG player Claude Makelele backs Lionel Messi